National
എഐ ഉച്ചകോടിയിലെ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അറസ്റ്റില്‍
ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചിട്ടും അന്യായമായി അറസ്റ്റ് രേഖപ്പെടുത്തിയെന്ന് യൂത്ത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി| എഐ ഉച്ചകോടിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അറസ്റ്റില്‍. ഡല്‍ഹി പോലീസ് ആണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പ്രതിഷേധവുമായി ബന്ധപ്പെട്ട എട്ടാമത്തെ അറസ്റ്റാണിത്. രാവിലെ 10 മണിയോടെ ഉദയ് ഭാനുവിനെ കോടതിയില്‍ ഹാജരാക്കും. ഏകദേശം 20 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചിട്ടും അന്യായമായി അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. ക്രിമിനല്‍ ഗൂഢാലോചന, പൊതുപ്രവര്‍ത്തകനെ ബോധപൂര്‍വം ഉപദ്രവിക്കല്‍, ജോലി തടസ്സപ്പെടുത്തല്‍, നിയമലംഘനം എന്നീ കുറ്റങ്ങളാണ് ഉദയ് ഭാനു ചിബിനെതിരെ ചുമത്തിയിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. ഷര്‍ട്ടൂരിയില്ലെങ്കിലും കോണ്‍ഗ്രസ് നഗ്‌നമാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചിരുന്നു. എഐ ഉച്ചകോടി അലങ്കോലമാക്കാനാണ് ശ്രമിച്ചത്. കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മോദി വിമര്‍ശിച്ചു.


