Kerala
അബൂദബിയില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു
ദുബൈയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന വടകര കുന്നുമ്മക്കര സ്വദേശി അബ്ദുല്ലത്തീഫിന്റെ മൂന്ന് മക്കളും വീട്ടുജോലിക്കാരിയുമാണ് മരിച്ചത്.
അബൂദബി | യു എ ഇയിലെ താരിഫ്-ദുബൈ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു. ദുബൈയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന വടകര കുന്നുമ്മക്കര സ്വദേശി അബ്ദുല്ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം തിരൂര്‍ ചമ്രവട്ടം സ്വദേശി ബുഷറ (50) യുമാണ് മരിച്ചത്.
ലിവ ഫെസ്റ്റിവല്‍ കണ്ട് മടങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന എട്ടുപേരില്‍ നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അബ്ദുല്ലത്തീഫ്, ഭാര്യ റുക്‌സാന, ഇവരുടെ ഒരു മകന്‍ എന്നിവരെ അബൂദബി മഫ്റഖ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
വര്‍ഷങ്ങളായി ദുബൈയില്‍ താമസിക്കുന്ന ലത്തീഫും കുടുംബവും വടകര മേഖലയില്‍ സുപരിചിതരാണ്. ലിവയിലെ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ ദുരന്തം പ്രവാസി മലയാളികളെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. ആശുപത്രിയില്‍ കഴിയുന്നവരുടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടര്‍മാര്‍.
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്തുകള്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകരും ബന്ധുക്കളും രംഗത്തുണ്ട്.





