From the print
കെ പി അബൂബക്കര്‍ ഹസ്രത്ത് അന്തരിച്ചു
ദീര്‍ഘകാലം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം മൂന്ന് വര്‍ഷം മുമ്പാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
കൊല്ലം | ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും വര്‍ക്കല ജാമിഅ മന്നാനിയയുടെ പ്രിന്‍സിപ്പലുമായ കെ പി അബൂബക്കര്‍ ഹസ്രത്ത് (84) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഗാധമായ പാണ്ഡിത്യത്തിന്റെയും അസാധാരണമായ വിനയത്തിന്റെയും നിറകുടമായിരുന്ന അദ്ദേഹം നൂറുല്‍ ഉലമ എന്ന പേരിലാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ദീര്‍ഘകാലം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം മൂന്ന് വര്‍ഷം മുമ്പാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എറണാകുളം ജില്ലയിലെ കാക്കനാട്ടെ കിഴക്കേക്കരയില്‍ പരേതരായ പരീത്ഹാജിയുടെയും ആഇശ ബീവിയുടെയും മകനായി 1952ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മതവിദ്യാഭ്യാസത്തിലേക്ക് തിരിഞ്ഞ അദ്ദേഹം പടമുഗള്‍ ജുമുഅ മസ്ജിദിന്റെയും പരപ്പനങ്ങാടി പനയത്തില്‍ പള്ളിയുടെയും കീഴില്‍ ദര്‍സ് പഠനം നടത്തി.
ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, താഴക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, കോക്കൂര്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ഗുരുനാഥന്മാരാണ്. പട്ടിക്കാട് കോളജില്‍ നിന്ന് പ്രഥമ ഫൈസിയായി പുറത്തിറങ്ങിയശേഷം കൊല്ലത്തെ തേവലക്കരയില്‍ മുദര്‍രിസായി. 18 വര്‍ഷത്തെ സേവനത്തിനുശേഷം കൊല്ല ത്തെ മുട്ടക്കാവില്‍ മുദര്‍രിസായി ചേര്‍ന്നു. തുടര്‍ന്ന് കൊല്ലം പള്ളിമുക്ക് കൊല്ലൂര്‍വിള മഅ്ദനുല്‍ ഉലൂം അറബിക് കോളജില്‍ സേവനമനുഷ്ഠിച്ചു. ശേഷം, വര്‍ക്കല മന്നാനിയ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിയമിതനായി. തുടര്‍ന്ന് പ്രിന്‍സിപ്പലായ അദ്ദേഹം മരണം വരെയും ആ സ്ഥാനത്ത് തുടര്‍ന്നു. ഇതിനിടയില്‍ ചുരുങ്ങിയ കാലം ശിഷ്യന്‍, അബ്ദുന്നാസിര്‍ മഅ്ദനിയുടെ സ്ഥാപനമായ കൊല്ലം ശാസ്താംകോട്ട അന്‍വാറുശ്ശേരിയിലും സേവനമനുഷ്ഠിച്ചു.
അബ്ദുന്നാസിര്‍ മഅ്ദനിക്കു പുറമേ എ കെ ഉമര്‍ മൗലവി, തടിക്കാട് സഈദ് ഫൈസി, കെ എച്ച് മുഹമ്മദ് മൗലവി, പട്ടാമ്പി മുഹമ്മദ് മൗലവി പ്രമുഖ ശിഷ്യന്മാരാണ്. ഭാര്യ: ഹന്നത്ത് ബീവി, മക്കള്‍: മുജീബുര്‍റഹ്മാന്‍, സ്വാദിഖ്, അമീറ. മരുമക്കള്‍: ഷിമിയ്യ, ഷീബ, അമാനുല്ല.





