Connect with us

National

റഷ്യയില്‍ പഠനത്തിനു പോയ ഇന്ത്യക്കാരനെ യുദ്ധത്തിനായി യുക്രൈനിലേക്കയച്ചു; പരാതിയുമായി കുടുംബം

ഉത്തരാഖണ്ഡിലെ ഉധംസിംഗ് നഗര്‍ ശക്തിഫാം സ്വദേശി രാകേഷ് കുമാറിനെയാണ് നിര്‍ബന്ധിച്ച് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ത്ത് യുക്രൈനിലേക്ക് അയച്ചതായി ആരോപണമുയര്‍ന്നിരിക്കുന്നത്.

Published

|

Last Updated

ഡെറാഡൂണ്‍ | റഷ്യയില്‍ ഉന്നത പഠനത്തിനായി പോയയാളെ സൈന്യത്തില്‍ ചേര്‍ത്ത് യുദ്ധത്തിന് യുക്രൈനിലേക്ക് അയച്ചതായി ആരോപണം. ഉത്തരാഖണ്ഡിലെ ഉധംസിംഗ് നഗര്‍ ശക്തിഫാം സ്വദേശി രാകേഷ് കുമാറിനെയാണ് നിര്‍ബന്ധിച്ച് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ത്ത് യുക്രൈനിലേക്ക് അയച്ചതായി ആരോപണമുയര്‍ന്നിരിക്കുന്നത്.

യുവാവിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് കത്തയക്കുകയും മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്.

ആഗസ്റ്റ് ഏഴിനാണ് രാകേഷ് റഷ്യയിലേക്ക് പോയത്. സെന്റ് പീറ്റേഴ്സ്ബര്‍ഗ് സര്‍വകലാശാലയില്‍ പഠിക്കുന്നതിന് വിസ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണെന്ന് റഷ്യയിലെത്തി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യുവാവ് സൂചിപ്പിച്ചിരുന്നതായി കുടുംബം വ്യക്തമാക്കി. തന്നെ റഷ്യന്‍ സൈന്യത്തിലേക്ക് നിര്‍ബന്ധമായി ചേര്‍ത്തെന്നും ഉടന്‍തന്നെ യുക്രൈനിലെ യുദ്ധമേഖലയിലേക്ക് അയക്കുമെന്നും രാകേഷ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് രാകേഷ് റഷ്യന്‍ സൈനിക യൂണിഫോമില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ കുടുംബത്തിന് ലഭിക്കുകയും ചെയ്തു.

ആഗസ്റ്റ് 30-നാണ് രാകേഷുമായി അവസാനമായി സംസാരിച്ചതെന്ന് സഹോദരന്‍ ദീപു മൗര്യയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. കുറച്ച് ദിവസത്തിനു ശേഷം, ഒരു റഷ്യന്‍ നമ്പറില്‍ നിന്ന് വീണ്ടും വിളിച്ച തന്റെ പാസ്പോര്‍ട്ടും മറ്റ് വ്യക്തിഗത രേഖകളും പിടിച്ചുവെച്ചതായും ഔദ്യോഗിക ഇമെയിലുകള്‍ ഡിലീറ്റ് ചെയ്തതായും കുടുംബത്തെ അറിയിച്ചു. ഡോണ്‍ബാസ് മേഖലയില്‍ സൈനിക പരിശീലനം നല്‍കിയ ശേഷം യുദ്ധത്തിനായി അയച്ചതായും പറഞ്ഞു. അതിനുശേഷം രാകേഷിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് കുടുംബം പറയുന്നത്.

 

Latest