Connect with us

Organisation

ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് 'ഗ്രാൻഡ് ടോളറൻസ് അവാർഡ്' ഇന്ന് സമ്മാനിക്കും

ഗ്രാൻഡ് ടോളറൻസ് കോൺഫറൻസ് ഇന്ന്

Published

|

Last Updated

ദുബൈ| ദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഗ്രാൻഡ് ടോളറൻസ് അവാർഡ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ഇന്ന് സമ്മാനിക്കും. ഹോർ അൽ അൻസ് ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന ഗ്രാൻഡ് ടോളറൻസ് കോൺഫറൻസിലാണ് അവാർഡ് വിതരണം. ഏഴ് പതിറ്റാണ്ടിലേറെ കാലമായി മത, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ നൽകിയ നിസ്തുല സേവനം പരിഗണിച്ചാണ് കാന്തപുരത്തെ അവാർഡിനായി തിരഞ്ഞെടുത്തത്. സഹിഷ്ണുതയും മതസൗഹാർദവും ജീവിതവ്രതമാക്കി മാനവികതയുടെ, ഇന്ത്യയുടെ, ആഗോള മുഖമായി മാറിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്കുള്ള പ്രവാസ ലോകത്തിന്റെ ആദരവായാണ് അവാർഡ്.

സമുദായ സൗഹാർദത്തിനും വിജ്ഞാന വ്യാപനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹത്തിന് പ്രചോദനമാണ്. ഇന്ത്യയിലും വിദേശത്തും സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നു. കേരളത്തിലെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായും ബഹുജന സംഘമായ കേരള മുസ്‌ലിം ജമാഅത്തിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ മർകസു സഖാഫതി സുന്നിയ്യ, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ മേഖലകളിൽ ലോകശ്രദ്ധ ആകർഷിച്ച സ്ഥാപനമാണ്.

പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ആധുനിക വിദ്യാഭ്യാസം നൽകുന്ന പ്രവർത്തനം മർകസ് കേന്ദ്രീകരിച്ചു നടത്തിവരുന്നു. മർകസ് നോളജ് സിറ്റി അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടിന്റെ ഫലമാണ്. ഇന്ത്യൻ സമൂഹത്തിൽ സാമൂഹിക പരിഷ്കരണത്തിനും സാമുദായിക ഐക്യത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഏറെ പ്രശംസനീയമാണ്. വിവിധ സമൂഹങ്ങൾക്കിടയിൽ സൗഹാർദപരമായ സഹവർത്തിത്വം രൂപപ്പെടുത്തുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഇന്ന് ദുബൈയിൽ നടക്കുന്ന പരിപാടിയിൽ പതിനായിരത്തിൽ പരം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിപുലമായ ഒരുക്കങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ അറബ് ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടെ മത, രാഷ്ട്രീയ, വാണിജ്യ മേഖലകളിലെ ഉന്നത വ്യക്തിത്വങ്ങൾ പങ്കെടുക്കും.

 

Latest