Connect with us

Kerala

സ്വര്‍ണപ്പാളി വിവാദം: തനിക്ക് തന്നത് ചെമ്പ് പാളികള്‍; ആരോപണങ്ങള്‍ തള്ളി ഉണ്ണികൃഷ്ണന്‍ പോറ്റി

തനിക്ക് നല്‍കിയ പാളികളില്‍ മുന്‍പ് സ്വര്‍ണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ല. അത് ഒരു പ്രദര്‍ശന വസ്തു ആക്കിയിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണങ്ങള്‍ തള്ളി ഉണ്ണികൃഷ്ണന്‍ പോറ്റി. ദേവസ്വം ബോര്‍ഡ് തനിക്ക് തന്നത് ചെമ്പ് പാളിയാണ്. ദേവസ്വത്തിന്റെ രേഖകളിലും അതാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നല്‍കിയ പാളികളില്‍ മുന്‍പ് സ്വര്‍ണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ല. അത് ഒരു പ്രദര്‍ശന വസ്തു ആക്കിയിട്ടില്ല. ജയറാമിന്റെ വീട്ടില്‍ സ്വര്‍ണപ്പാളി കൊണ്ടുപോയിട്ടില്ല. ഫാക്ടറിയില്‍ തന്നെയാണ് പൂജ നടത്തിയത്. വിവാദവുമായി ബന്ധപ്പെട്ട് പലതും മാധ്യമങ്ങള്‍ കെട്ടിച്ചമക്കുന്നതാണ്. തനിക്ക് തന്ന ലെറ്ററില്‍ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിന് മുകളില്‍ സ്വര്‍ണ്ണം ഉണ്ടെന്ന് ഇപ്പോള്‍ ആണ് അറിയുന്നത്.

പീഠം ഫിറ്റ് ചെയ്യാന്‍ വാസുദേവന്‍ എന്നയാളെ ഏല്‍പ്പിച്ചിരുന്നു. വിവിഐപി എന്നൊരാളെയും കൊണ്ടു പോയിട്ടില്ല. താന്‍ പണപ്പിരിവ് നടത്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കട്ടെ. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിച്ചാല്‍ ഹാജരാകാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദഹം പറഞ്ഞു.

അതേസമയം ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തില്‍ പൂശാനായി യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ ആവശ്യത്തിലധികം സ്വര്‍ണം കരുതിയിരുന്നുവെന്ന് മുന്‍ ചീഫ് എഞ്ചിനിയര്‍ രവികുമാര്‍ പറഞ്ഞു. ദ്വാരപാലക ശില്പം അടക്കം സ്വര്‍ണം പൂശിയിരുന്നു. ചെമ്പിന് മുകളില്‍ ഏഴ് പാളി സ്വര്‍ണം പൂശിയ ദ്വാരപാലക ശില്പം ചെമ്പായി മാറിയത് അത്ഭുതമാണെന്ന് രവികുമാര്‍ വ്യക്തമാക്കി. സ്വര്‍ണം പൂശാനായി അന്ന് അഴിച്ചിറക്കിയ മൂന്ന് താഴികക്കുടങ്ങളെ കുറിച്ചും അന്നേ വിവരമില്ലെന്നും അക്കാലത്ത് ശബരിമല സന്നിധാനത്തെ ചീഫ് എഞ്ചിനിയര്‍ ആയിരുന്ന രവികുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest