National
സുബീന്‍ ഗാര്‍ഗിന് മാനേജറും ഓര്‍ഗനൈസറും ചേര്‍ന്ന് വിഷം നല്‍കി; നിര്‍ണായക മൊഴിയുമായി ശേഖര്‍ ജ്യോതി ഗോസ്വാമി
സുബീന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത നാലു പേരില്‍ ഒരാളാണ് ജ്യോതി ഗോസ്വാമി.

ദിസ്പുര്‍|ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ നിര്‍ണായക മൊഴി നല്‍കി ബാന്‍ഡ്മേറ്റ് ശേഖര്‍ ജ്യോതി ഗോസ്വാമി. സുബീന്‍ ഗാര്‍ഗിന് മാനേജര്‍ സിദ്ധാര്‍ത്ഥ് ശര്‍മയും ഫെസ്റ്റിവല്‍ ഓര്‍ഗനൈസര്‍ ശ്യാംകനു മഹന്തയും ചേര്‍ന്ന് വിഷം നല്‍കിയെന്നാണ് ശേഖര്‍ ജ്യോതി ഗോസ്വാമി മൊഴി നല്‍കിയത്. സുബീന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത നാലു പേരില്‍ ഒരാളാണ് ജ്യോതി ഗോസ്വാമി. കുറ്റം മറച്ചുവെക്കാനാണ് പ്രതികള്‍ മനപ്പൂര്‍വം വിദേശ സ്ഥലം തെരഞ്ഞെടുത്തതെന്നും ജ്യോതി ഗോസ്വാമി പറഞ്ഞു.
സിംഗപ്പൂരിലെ ഹോട്ടലില്‍വച്ച് സിദ്ധാര്‍ത്ഥ ശര്‍മയുടെ പെരുമാറ്റത്തില്‍ തനിക്ക് സംശയം തോന്നിയിരുന്നു. അപകടത്തിന് തൊട്ടുമുന്‍പ് ആഘോഷം സംഘടിപ്പിച്ച നൗകയുടെ നിയന്ത്രണം പ്രതികള്‍ ബലമായി പിടിച്ചെടുത്തിരുന്നു. നൗകയില്‍ മദ്യം താന്‍ വിളമ്പിക്കൊള്ളാമെന്ന് സിദ്ധാര്‍ത്ഥ ശര്‍മ ശാഠ്യം പിടിച്ചിരുന്നു. സുബിന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഘട്ടത്തില്‍ ഗായകന് നീന്തല്‍ അറിയാമെന്ന് പറഞ്ഞ് ഇരുവരും സഹായം നല്‍കിയില്ല എന്നുമാണ് സഹ ഗായകന്റെ മൊഴി.
അതേസമയം ശേഖര്‍ ജ്യോതി ഗോസ്വാമിയുടെ മൊഴി ചോദ്യം ചെയ്യലില്‍ സിദ്ധാര്‍ത്ഥ് ശര്‍മയും സംഘാടകന്‍ ശ്യാംകനു മഹന്തയും തള്ളി. അന്വേഷണ ഏജന്‍സികള്‍ പരിപാടിയുടെ സംഘാടകന്‍ ശ്യാംകനു മഹന്തയുടെ പണമിടപാടുകളെ പറ്റി അന്വേഷിക്കുമെന്നാണ് ലഭിക്കുന്ന വിവരം.