Connect with us

Siraj Article

പട്ടിണിയിൽ 'കുതിക്കുന്ന' ഇന്ത്യ

ആഫ്രിക്കൻ രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സ്ഥിതി വളരെയധികം മോശമാണെന്നാണ് ഈ വിഷയത്തിൽ പഠനം നടത്തിയവർ രേഖപ്പെടുത്തിയത്. 340 ദശലക്ഷം ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണെന്നും 19.8 ദശലക്ഷം ജനങ്ങൾ ഓരോ നിമിഷവും ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയിലാണ് കാണപ്പെടുന്നതെന്നും റിപ്പോർട്ടുകൾ സമർഥിക്കുന്നു. 1990കളിൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളും പ്രത്യാഘാതങ്ങളും ഗ്രാമീണ മേഖലയുടെ വളർച്ചയെ പിന്നാക്കാവസ്ഥയിലേക്ക് നയിച്ചു. സാമ്പത്തിക സന്തുലനാവസ്ഥ നഷ്ടപ്പെടുകയും ദാരിദ്ര്യത്തിന്റെ തോത് വർധിക്കുകയും ചെയ്തു

Published

|

Last Updated

ഗോള പട്ടിണി സൂചികയിൽ വീണ്ടും നാണക്കേടിന്റെ റാങ്ക് “സ്വന്തമാക്കി’യിരിക്കുകയാണ് നമ്മുടെ രാജ്യം. 116 രാജ്യങ്ങളുടെ പട്ടികയിൽ അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശിനും ശ്രീലങ്കക്കും നേപ്പാളിനും പിന്നിലായി 101ാം സ്ഥാനത്താണ് ഇന്ത്യ. ഐറിഷ് സന്നദ്ധ സംഘടനയായ കൺസേൺ വേൾഡ് വൈഡും ജർമൻ സംഘടനയായ വെൽറ്റ് ഹംഗർ ഹിൽഫെയും ചേർന്ന് തയ്യാറാക്കിയ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ ഗുരുതരസ്ഥിതിയിലാണെന്നാണ് വ്യക്തമാക്കുന്നത്.

ഡിജിറ്റൽ ഇന്ത്യയെന്ന് മേനിനടിക്കുന്ന രാജ്യത്തിന്റെ ദുരവസ്ഥയാണ് ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 107 രാജ്യങ്ങളുടെ കഴിഞ്ഞ വർഷത്തെ പട്ടികയിൽ ഇന്ത്യ 94ാം സ്ഥാനത്തായിരുന്നു. 2010ൽ 67 ആയിരുന്നിടത്തു നിന്ന് ക്രമാനുഗതമായി നില മെച്ചപ്പെടുത്തി 2014ൽ 55ാം സ്ഥാനത്തെത്തിയിരുന്നു. 2017ൽ 100ാം സ്ഥാനത്തെത്തി.

2014 മെയിൽ ബി ജെ പി സർക്കാർ അധികാരത്തിലേറിയതിന് ശേഷമാണ് ഇന്ത്യ റാങ്കിംഗിൽ ഇത്രയധികം താഴേക്ക് വരാൻ തുടങ്ങിയതെന്ന് റിപ്പോർട്ടുകൾ പരിശോധിച്ചാൽ ബോധ്യമാകും. പട്ടിണി, വിശപ്പ്, ഇന്ത്യയെ ആഗോള ശക്തിയാക്കൽ, നമ്മുടെ ഡിജിറ്റൽ ഇക്കോണമി അങ്ങനെ ഒരുപാട് കാര്യങ്ങളെ വേരോടെ പിഴുതുകളഞ്ഞതിന് അഭിനന്ദനങ്ങളെന്നാണ് കോൺഗ്രസ്സ് നേതാവ് കബിൽ സിബൽ റാങ്കിംഗിനെ പരിഹസിച്ച് ടീറ്റ് ചെയ്തത്.

വളർച്ചയിൽ അയൽ രാജ്യങ്ങളേക്കാൾ പിന്നിലെത്തിയ ഇന്ത്യ പട്ടിണി ഏറ്റവും ഗുരുതരമായ രാജ്യങ്ങളിലൊന്നായി മാറിയെന്നാണ് പറയുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള ഇന്ത്യയിലെ 15.3 ശതമാനം കുട്ടികളിൽ പോഷകാഹാരക്കുറവും 17.3 ശതമാനം തൂക്കക്കുറവും 34.7 ശതമാനം വളർച്ചാ മുരടിപ്പും അനുഭവിക്കുന്നുണ്ട്.

അഞ്ച് വയസ്സിന് താഴെയുള്ള ഒമ്പത് ലക്ഷത്തോളം കുട്ടികൾ 2018ൽ ഇന്ത്യയിൽ മരണപ്പെട്ടതായും ലോകത്ത് ഏറ്റവും കൂടുതൽ ശിശുമരണ നിരക്ക് ഇന്ത്യയിലാണെന്നുമുള്ള റിപ്പോർട്ട് കുറച്ച് മുമ്പ് യുനിസെഫ് പുറത്തുവിടുകയും ചെയ്തിരുന്നു.

കൊവിഡ് കാലത്തും രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങളെ പൂർണമായും അപകീർത്തിപ്പെടുത്തുന്നതാണ് റിപ്പോർട്ട്. മോദി സർക്കാറിന്റെ സാമ്പത്തിക നടപടികളുടെ പരാജയത്തെത്തുടർന്ന് രാജ്യം കടുത്ത മാന്ദ്യത്തിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് പട്ടിണി ‘വളർച്ച’യുടെ കണക്കുകൾ കൂടി പുറത്തുവരുന്നത്. ശതകോടീശ്വരന്മാർ ധാരാളമുള്ള രാജ്യത്താണ് ഈ സ്ഥിതിയെന്നത് കൂടി ഓർക്കണം.

റിപ്പോർട്ട് പുറത്തുവന്ന ദിവസമായ വിജയദശമി ദിനത്തിൽ കോടികളാണ് ഓൺലൈൻ ഫെസ്റ്റിവെലിലൂടെ കമ്പനികൾ സ്വന്തമാക്കിയത്.

എന്താണ് ആഗോള പട്ടിണി സൂചിക…?
വിശപ്പും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ആഗോള പട്ടിണി സൂചികയാണിത്. പോഷകാഹാരക്കുറവ്, ശിശുമരണ നിരക്ക്, ശരീരശോഷണം, വളർച്ചാമുരടിപ്പ് എന്നിവ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്.  ചൈന, ബ്രസീൽ, കുവൈത്ത്, ക്യൂബ എന്നിവയുൾപ്പെടെ 18 രാജ്യങ്ങൾ ഗ്ലോബൽ ഹംഗർ ഇൻഡക്‌സ് സ്‌കോർ അഞ്ചിൽ താഴെയായി ഉയർന്ന റാങ്ക് പങ്കിടുന്നുണ്ട്. ഈ രാജ്യങ്ങളിലെ ആഗോള പട്ടിണി സൂചിക നിരക്ക് അഞ്ചാണ്. ഇന്ത്യയുടെ നിരക്ക് 27.5 ആണ്. സോമാലിയയാണ് 116ാം സ്ഥാനത്ത്. നിലവിലെ സ്ഥിതി തുടർന്നാൽ 2030നകം പട്ടിണി കുറക്കാൻ സാധിക്കാത്ത പട്ടികയിൽ 47 രാജ്യങ്ങളാണുള്ളത്.

കാരണങ്ങൾ
സംഘർഷം, ആഗോള കാലാവസ്ഥാ വ്യതിയാനങ്ങൾ, കൊവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക, ആരോഗ്യ വെല്ലുവിളികൾ എന്നിവയെല്ലാം വിശപ്പ് വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. കൊവിഡ് 19 മഹാമാരിയും അതിനെ തടയാനായി മാർച്ച് 24ന് രാത്രിയിൽ കേന്ദ്രസർക്കാർ പൊടുന്നനെ പ്രഖ്യാപിച്ച ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും രാജ്യം ഇതുവരെ കരകയറിയിട്ടില്ല. ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും പലഘട്ടങ്ങളായി പല മേഖലകളും തുറന്നുവെങ്കിലും കാര്യങ്ങളൊന്നും സാധാരണ നിലയിലേക്ക് തിരിച്ചുവന്നിട്ടുമില്ല. അപ്രതീക്ഷിതമായ ലോക്ക്ഡൗൺ പ്രഖ്യാപനം നടത്തിയിട്ടും പലതവണ നീട്ടിയിട്ടും പ്രതിസന്ധികൾ തടയാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ രാജ്യത്തെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനോ സാധിച്ചില്ല. കൊവിഡുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഇന്ത്യയെ സംബന്ധിച്ച് വരും ദിവസങ്ങൾ കൂടുതൽ പ്രതിസന്ധികളിലേക്ക് വഴിവെക്കുമെന്നാണ് സാമൂഹിക, സാമ്പത്തിക രംഗത്തുള്ളവരുടെ നിരീക്ഷണം. ഭാവിതലമുറയുടെ ജീവിതവും വളർച്ചയും തന്നെ പുതിയൊരു ചോദ്യമായി സമൂഹത്തിന് മുന്നിൽ ഉയർന്നുവരികയാണ്.

ആഫ്രിക്കൻ രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സ്ഥിതി വളരെയധികം മോശമാണെന്നാണ് ഈ വിഷയത്തിൽ പഠനം നടത്തിയവർ രേഖപ്പെടുത്തിയത്.  340 ദശലക്ഷം ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണെന്നും 19.8 ദശലക്ഷം ജനങ്ങൾ ഓരോ നിമിഷവും ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയിലാണ് കാണപ്പെടുന്നതെന്നും റിപ്പോർട്ടുകൾ സമർഥിക്കുന്നു. 1990കളിൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളും പ്രത്യാഘാതങ്ങളും ഗ്രാമീണ മേഖലയുടെ വളർച്ചയെ പിന്നാക്കാവസ്ഥയിലേക്ക് നയിച്ചു. സാമ്പത്തിക സന്തുലനാവസ്ഥ നഷ്ടപ്പെടുകയും ദാരിദ്ര്യത്തിന്റെ തോത് വർധിക്കുകയും ചെയ്തു. പുതിയ സാമ്പത്തിക നയങ്ങൾക്ക് പകരമായി ജീവൻ വിലവെക്കേണ്ടിവന്നു. മാത്രമല്ല, ഗ്രാമീണ മേഖലയിൽ കർഷക ആത്മഹത്യകൾ വർധിച്ചു. 1947 മുതൽ 2007 വരെയുളള കണക്കുകൾ അനുസരിച്ച് ഏതാണ്ട് 20 ലക്ഷം കർഷകർ കടബാധ്യതമൂലം ആത്മഹത്യ ചെയ്തതായി പറയുന്നു. കർഷക ആത്മഹത്യകൾ ഏറ്റവും കൂടുതൽ നടക്കുന്നത് മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ്. സമ്പത്ത് മുഴുവനും ചില വ്യക്തികളുടെ കരങ്ങളിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

എത്രനാൾ മതിൽകെട്ടും..?
ഗുജറാത്തിൽ മോദിയും ട്രംപും ചേർന്ന് നടത്തുന്ന റോഡ് ഷോ കടന്നുപോകുന്ന വിവിധ ചേരിപ്രദേശങ്ങൾ ഉയർന്ന മതിൽകെട്ടി മറക്കാൻ ശ്രമിച്ചത് ബി ജെ പി സർക്കാറിന് തിരിച്ചടിയായിരുന്നു. മതിൽകെട്ടിയാൽ മാറുന്നതല്ല ഇന്ത്യയിലെ ദാരിദ്ര്യമെന്നായിരുന്നു അന്ന് ഉയർന്നുകേട്ടത്. രാജ്യം പട്ടിണിയിലേക്ക് കൂപ്പുകുത്തുമ്പോഴും തള്ളിൽ  “കുതിക്കുകയാണ്’ ഭരണകൂടം. രാജ്യത്തെ കർഷകരെയും സാധാരണക്കാരെയും കാണാതെ കോടിപതികളുടെയും കോർപറേറ്റുകളുടെയും പിന്നാലെ ഓടുകയാണ് രാജ്യം ഭരിക്കുന്നവർ. പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി സ്വകാര്യവത്കരണത്തിലേക്കും കമ്പോള നിയന്ത്രണങ്ങൾക്കും വിട്ടുകൊടുത്തു. നികുതികളും ഇന്ധന വിലയും കുത്തനെ ഉയർത്തി ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു. ഡിജിറ്റലൈസേഷനും നോട്ട് നിരോധനവും കാര്യമായ മുന്നൊരുക്കമില്ലാതെ നടപ്പിലാക്കിയ ചരക്കു സേവന നികുതി പരിഷ്‌കാരങ്ങളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ റിവേഴ്‌സ് ഗിയറിലാക്കി. ഇത്തരത്തിലുള്ള തെറ്റായ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ അസംഘടിത മേഖലയുടെ തകർച്ച, ഉയർന്ന നിരക്കിലുള്ള തൊഴിലില്ലായ്മ, ഉയർന്ന ദാരിദ്ര്യനിരക്ക് ഇവയെല്ലാം ഇന്ത്യക്ക് തിരിച്ചടിയായി. എന്നിട്ടും ആരോഗ്യരംഗത്തും സാമൂഹിക ക്ഷേമ രംഗത്തും കേന്ദ്ര സർക്കാർ വിഹിതം വർധിപ്പിച്ചില്ലെന്ന് മാത്രമല്ല, പൊതുജനാരോഗ്യ രംഗത്ത് കാര്യമായ ഇടപെടലുകൾ പോലും നടത്തിയില്ല. ഇന്ത്യൻ ജനതയെ ചങ്ങാത്ത മുതലാളിത്തത്തിലൂടെ കോർപറേറ്റുകൾക്ക് അടിയറവ് വെക്കുന്ന നയങ്ങളാണ് നടപ്പിലാക്കുന്നതിൽ മിക്കതും.

ദാരിദ്ര്യ നിർമാർജനം
ദാരിദ്ര്യ നിർമാർജനം ചുരുങ്ങിയ കാലയളവിൽ കൈവരിക്കാൻ സാധിക്കാവുന്ന ഒരു ലക്ഷ്യമല്ല. ഈ ദീർഘദൂര ലക്ഷ്യത്തിലേക്ക് എത്തിച്ചേരണമെങ്കിൽ ധാരാളം വസ്തുതകൾകൂടി കണക്കിലെടുക്കണം. രാജ്യത്തെ പൗരന്മാരെ വിദ്യാസമ്പന്നരാക്കുകുയം സർക്കാർ തലത്തിൽ ജോലിക്ക് സംവരണം പൂർണമായി നടപ്പിൽവരുത്തുകയും സ്ത്രീ ശാക്തീകരണം പ്രത്യേക അജൻഡയായി തിരഞ്ഞടുക്കുകയും വേണം. ദരിദ്രരുടെ ഭാസുരമായ ഭാവിജീവിതത്തെ പ്രയോഗവത്കരിക്കാൻ ജനങ്ങളെ പലമേഖലകളിലും പുനരധിവാസം നടത്തേണ്ടതുണ്ട്.

Latest