Connect with us

Articles

ഇന്ത്യക്ക് എല്ലാ ആശങ്കകളെയും മുറിച്ചുകടക്കേണ്ടതുണ്ട്‌

ഹിന്ദുത്വ ദേശീയതയെ നിലനിര്‍ത്താന്‍ ആവശ്യമായ ഏകാത്മക രാഷ്ട്ര പ്രത്യയശാസ്ത്രത്തെ ഭരണകൂടം എന്നോ രൂപപ്പെടുത്തിക്കഴിഞ്ഞു. അതിനെ മറികടക്കുക എന്നുള്ളതാണ് ഓരോ ഇന്ത്യന്‍ പൗരന്റെയും ഇന്നത്തെ ദൗത്യം. അത്തരം ഒരു കര്‍മ മേഖലയിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യത്തെയും മതേതരത്വത്തെയും മുറുകെ പിടിക്കാനും അത് അനുഭവിക്കാനുമുള്ള ഏറ്റവും മഹത്തായ കരുത്താണ് ഇന്ത്യന്‍ ഭരണഘടന.

Published

|

Last Updated

ഇന്ത്യന്‍ ദേശരാഷ്ട്ര സങ്കല്‍പ്പത്തെ രാഷ്ട്രീയ നൈതികതയിലേക്ക് നയിച്ച പ്രധാനപ്പെട്ട ഘടകമാണ് ഭരണഘടന. അതിൻ്റെ പ്രഖ്യാപനം കൊളോണിയല്‍ ആധിപത്യത്തിനു ശേഷമുള്ള ഇന്ത്യന്‍ സാമൂഹികാവസ്ഥയെ പുനര്‍ നിര്‍മിച്ചുകൊണ്ട് പുതിയ ജീവിതാവസ്ഥയെ രൂപപ്പെടുത്തി. 1950 ജനുവരി 26ന് റിപബ്ലിക് ആയി പ്രഖ്യാപിക്കുക വഴി ഇന്ത്യ ഒരു രാഷ്ട്രം എന്ന രീതിയില്‍ കരുത്തുറ്റതായി. രാജ്യം പരമാധികാര ജനാധിപത്യ മതേതര സംവിധാനത്തിലേക്ക് പരിവര്‍ത്തനപ്പെടുക വഴി ഭരണഘടന ഇന്ത്യയെ അതിൻ്റെ സ്വാതന്ത്ര്യ പദവിയില്‍ ഒന്നുകൂടി മനോഹരമാക്കി. രാജ്യത്തിൻ്റെ പൂര്‍വകാല അടിമത്ത ബോധത്തില്‍ നിന്നും കീഴടങ്ങലില്‍ നിന്നും മോചിതമാകുക വഴി ജനാധിപത്യത്തിൻ്റെ നവ മൂല്യബോധത്തെ റിപബ്ലിക് കരുത്തുറ്റതാക്കി. അതായത് സ്വതന്ത്ര രാഷ്ട്രത്തിലെ എല്ലാ പൗരന്മാരും നീതിബോധത്തിൻ്റെ ഭാഗമായി. ഒപ്പം ദേശസ്വത്വങ്ങളെയും വിശ്വാസങ്ങളെയും മാനിച്ചും അനുഭവിച്ചും ജീവിക്കാനുള്ള അവസരം ലഭ്യമായി.

രാഷ്ട്രം എന്ന ആധുനിക സങ്കല്‍പ്പത്തെ ശക്തമാക്കുന്നത് ആ രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ പ്രക്രിയയാണ്. അതുവഴി ജനങ്ങളെ ഉള്‍ക്കൊള്ളുന്ന, അനുകൂലിക്കുന്ന സ്വാതന്ത്ര്യത്തെ പ്രഖ്യാപിക്കല്‍ ഇന്ത്യയില്‍ സാധ്യമാകുന്നത് റിപബ്ലിക്കിൻ്റെ പ്രഖ്യാപനം വഴിയാണ്. അതിനെ പിന്തുടര്‍ന്നുള്ള ഏതൊരു ഇടപെടലും ഭരണകൂടം വകവെച്ചു കൊടുക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ ഇന്ത്യന്‍ ബഹുസ്വരതയെ അംഗീകരിക്കാനും നിലനിര്‍ത്താനും കഴിയൂ. ഇന്നത് സാധ്യമാകുന്നില്ല. അതുകൊണ്ടാണ് ഇക്കാലത്തെ റിപബ്ലിക് ദിനത്തെ പ്രാധാന്യത്തോടെ ആചരിക്കേണ്ടി വരുന്നത്.

റിപബ്ലിക് അനുവദിക്കുന്ന രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും അതിൻ്റെ വ്യത്യസ്തമായ വിനിമയങ്ങളെയും എങ്ങനെയാണ് ഭരണകൂടം ഉപയോഗിക്കുന്നത് എന്നത് എക്കാലത്തെയും പ്രധാനപ്പെട്ട ചോദ്യമാണ്. അതായത് ഭരണഘടന അനുവദിക്കുന്ന മൂല്യബോധത്തില്‍ നിന്നുകൊണ്ടാണോ ഇക്കാലത്തും ഇന്ത്യയിലെ ഭരണ വര്‍ഗം ജനങ്ങളുടെ താത്പര്യങ്ങളെ സേവിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. ഇവിടെ മനുഷ്യരുടെ ജീവിതാവസ്ഥ മാത്രമല്ല, മറിച്ച് ജീവിക്കുന്ന ഇടത്ത് എത്രമാത്രം സ്വതന്ത്ര വ്യവഹാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഇടം കിട്ടുന്നുണ്ട് എന്നുള്ളതാണ് പ്രധാന ചോദ്യം.

ഇക്കാലത്ത് റിപബ്ലിക്കിനെ കുറിച്ചുള്ള ഏതൊരു ചിന്തയിലും പ്രധാനപ്പെട്ടത് ഭരണഘടന അനുവദിച്ച മതേതര ജനാധിപത്യ മൂല്യങ്ങള്‍ എത്രമാത്രം ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നു എന്നുള്ളതാണ്. സെക്യുലര്‍ എന്ന പദം ഭരണഘടനയില്‍ പിന്നീട് എഴുതി ചേര്‍ത്തതാണെങ്കിലും ഇന്ത്യയെ മതേതര രാഷ്ട്രമായിട്ട് തന്നെയാണ് ആദ്യം മുതല്‍ ഭരണഘടന അഡ്രസ്സ് ചെയ്യുന്നത്. അതിൻ്റെയുക്തി, ഭാഷാ വൈവിധ്യവും സാംസ്‌കാരിക ബഹുലതയും ഇന്ത്യന്‍ സാമൂഹിക ജീവിതത്തിൻ്റെ അടിസ്ഥാന ഘടകമാണ് എന്ന തത്ത്വമാണ്. എന്നാല്‍ ഭരണകൂടം എപ്പോഴും ഭൂരിപക്ഷ മത താത്പര്യങ്ങളിലേക്ക് വഴുതിപ്പോകുന്ന അവസ്ഥ പലപ്പോഴും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ പ്രതിപക്ഷം എന്നത് തിരുത്താനുള്ള കരുത്തായ സ്രോതസ്സ് ആയിരുന്നു. അതിനെ അംഗീകരിക്കുന്നതുകൊണ്ടാണ് പാര്‍ലിമെൻ്റ് ജനാധിപത്യത്തിൻ്റെ സംവാദ കേന്ദ്രമാകുന്നത്. നിലവില്‍ പ്രതിപക്ഷം എന്നത് ശബ്ദമില്ലാത്ത വാക്കാണ്. എന്ന് മാത്രമല്ല ഭരണഘടനാ തത്ത്വങ്ങളെ നിലനിര്‍ത്തിക്കൊണ്ട് തന്നെ ജനാധിപത്യവിരുദ്ധ തീരുമാനങ്ങള്‍ പാര്‍ലിമെൻ്റില്‍ അംഗീകരിക്കപ്പെടുന്നു. പല രീതിയിലും ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാഷ്ട്രഘടനയില്‍ അതിനെ മറികടക്കുന്ന ഏകപക്ഷീയ തീരുമാനങ്ങള്‍ ഉണ്ടാകുന്നു. 2014ന് മുമ്പ് അങ്ങനെയായിരുന്നില്ല.

വ്യത്യസ്ത ദേശസമൂഹങ്ങളിലെ ജനങ്ങളുടെ സാമൂഹികവും മതപരവുമായ ജീവിതങ്ങളെ പരിഗണിച്ചുകൊണ്ടാണ് ഒരു പരിധിവരെ നിയമ നിര്‍മാണങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്. റിപബ്ലിക്കിൻ്റെ അനന്തമായ ആവിഷ്‌കാരം പൗരസ്വാതന്ത്ര്യത്തെ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. എന്നാല്‍ മോദിയിലേക്കുള്ള അധികാര മാറ്റം മേല്‍പ്പറഞ്ഞ ജനാധിപത്യത്തിൻ്റെ സ്വതന്ത്ര്യാവിഷ്‌കാരങ്ങള്‍ക്ക് വിലക്ക് ഏല്‍പ്പിക്കാന്‍ തുടങ്ങി. ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി. അങ്ങനെ ജയിലില്‍ അടക്കപ്പെട്ട നൂറുകണക്കിന് ആക്ടിവിസ്റ്റുകള്‍ ഭരണഘടനാ അവകാശങ്ങള്‍ക്ക് പുറത്താണ്. ദേശത്തോടുള്ള വിയോജിപ്പ് ദേശവിരുദ്ധമാകുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണ് എന്ന ചോദ്യം കോടതി തന്നെ ഉന്നയിച്ചു. അതിൻ്റെ കാരണമാകട്ടെ രാഷ്ട്രം, രാഷ്ട്രീയം എന്നതിനപ്പുറം മതം പ്രധാന അജന്‍ഡയായതാണ്. ഈ മതാധിപത്യം ഭൂരിപക്ഷ മതത്തിൻ്റെ സവര്‍ണ താത്പര്യങ്ങളെ സംരക്ഷിക്കുന്നു എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ റിപബ്ലിക്കിലെ ഏറ്റവും ദുഃഖകരമായ അവസ്ഥ.

ഇന്ന് ഇന്ത്യന്‍ ജനത നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധി ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ മാനിക്കപ്പെടുന്നില്ല എന്നതാണ്. ജനാധിപത്യത്തെ പരിഗണിക്കാതെ രാഷ്ട്ര തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്നു. 1998ല്‍ തന്നെ ഭരണഘടന മാറ്റാനുള്ള റിവ്യൂ കമ്മീഷനെ നിയമിച്ചവരാണ് ഇന്നത്തെ ഇന്ത്യയെ നയിക്കുന്നത്. സംഘ്പരിവാര്‍ ശക്തികളുടെ ഏകാത്മക ദേശീയത എന്നത് പൂര്‍ണാര്‍ഥത്തില്‍ ഹിന്ദുത്വ ബ്രാഹ്‌മണിക്കല്‍ അജന്‍ഡയില്‍ അടിയുറച്ചതാണ്. അവിടെ സാധാരണ മനുഷ്യര്‍ക്ക്, കീഴ്ജാതി മനുഷ്യര്‍ക്ക് നിലനില്‍ക്കാനുള്ള ഏക പ്രതീക്ഷ ഭരണഘടനയാണ്. ആ ഭരണഘടന എന്ന ആശയം ആദ്യമായി രൂപപ്പെടുന്നത് 1921ലെ എ ഐ സി സി സമ്മേളനത്തില്‍ ഹസ്‌റത്ത് മൊഹാനി പൂര്‍ണ സ്വരാജ് എന്ന പ്രമേയം കൊണ്ടുവന്നതിലൂടെയാണ്. അതോടുകൂടി സ്വതന്ത്ര പരമാധികാര റിപബ്ലിക് എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ സജീവമായി. അതിനുശേഷം മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ധീരമായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് ശേഷം 1946ലെ ക്യാബിനറ്റ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഭരണഘടനാ നിര്‍മാണസഭ രൂപവത്കൃതമായി. ഇതാണ് പിന്നീട് ഇന്ത്യന്‍ ഭരണഘടനയെ രൂപവത്കരിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നത്. ആകെ 389 അംഗങ്ങളുള്ള സഭ ഇന്ത്യന്‍ വിഭജനത്തിനു ശേഷം 299 ആയി. 1949 നവംബര്‍ 26 വരെ തുടര്‍ന്ന കര്‍മനിരതമായ പ്രവൃത്തിയാണ് ഇന്നത്തെ ഇന്ത്യന്‍ ഭരണഘടനക്ക് രൂപം നല്‍കിയത്. പിന്നീട് 1950 ജനുവരി 24ന് ഭരണഘടനയില്‍ അംഗങ്ങള്‍ ഒപ്പുവെച്ചു.

26ന് ഭരണഘടന നിലവില്‍ വരികയും ചെയ്തു. തുടര്‍ന്ന് ഭരണഘടനയെ മുന്‍നിര്‍ത്തി നിരവധി സംവാദങ്ങള്‍ തന്നെ നടന്നു. അവിടെയൊക്കെ ഇന്നത്തെ ഭരണത്തെ നിലനിര്‍ത്തുന്ന സംഘ്പരിവാര്‍ ശക്തികളുടെ പൂര്‍വീകര്‍ക്ക് എടുത്തുമാറ്റേണ്ടിയിരുന്നത് മതേതരത്വം എന്ന ആശയത്തെയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഭരണഘടനാ ശില്‍പ്പിയായ അംബേദ്കര്‍ 1946ല്‍ തന്നെ സൂചിപ്പിച്ച നിരീക്ഷണം പ്രസക്തമാകുന്നത്. “ഇന്ത്യക്കാര്‍ തങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ക്ക് മീതെ രാജ്യത്തെ കാണുമോ? അതല്ല രാജ്യത്തിന് മുകളില്‍ വിശ്വാസ പ്രമാണത്തെ കാണുമോ? എനിക്കറിയില്ല. എന്നാല്‍ ഒരു കാര്യം നിശ്ചയമാണ്. പാര്‍ട്ടികള്‍ വിശ്വാസ പ്രമാണങ്ങള്‍ക്ക് രാജ്യ താത്പര്യത്തേക്കാള്‍ പ്രാധാന്യം നല്‍കുകയാണെങ്കില്‍ നമ്മുടെ സ്വാതന്ത്ര്യം രണ്ടാമതൊരു വട്ടം കൂടി അപകടത്തില്‍പ്പെടും. അത് മിക്കവാറും നിത്യമായ നഷ്ടമാകുകയും ചെയ്യും’.

അംബേദ്കര്‍ പ്രകടിപ്പിച്ച ആശങ്ക എത്രമാത്രം ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ളതാണ്. അദ്ദേഹം ആശങ്കപ്പെട്ട അവസ്ഥയിലേക്ക് ഇന്ത്യ എന്ന ദേശരാഷ്ട്രം ഇന്ന് എത്തിനില്‍ക്കുകയാണ്. അവര്‍ക്കാവശ്യം രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുക എന്നതാണ്. അതിനാവശ്യമായ സാംസ്‌കാരിക പരിസരത്തെ ഒരുക്കിയെടുക്കാന്‍ ചരിത്രത്തില്‍ കൃത്യമായി ഇടപെടല്‍ നടത്തുന്നു. ജനാധിപത്യ മതേതര സ്വതന്ത്ര വീക്ഷണങ്ങളെ പൂര്‍ണമായി അരിഞ്ഞു മാറ്റുകയും പകരം മനുവിൻ്റെയും ബ്രാഹ്‌മണിക്കല്‍ സവര്‍ണ ജാതി പരികല്‍പ്പനകളെ കൃത്യമായി അവതരിപ്പിക്കുകയും ചെയ്യുന്നു. ഹിന്ദുത്വ ദേശീയതയെ നിലനിര്‍ത്താന്‍ ആവശ്യമായ ഏകാത്മക രാഷ്ട്ര പ്രത്യയശാസ്ത്രത്തെ ഭരണകൂടം എന്നോ രൂപപ്പെടുത്തിക്കഴിഞ്ഞു. അതിനെ മറികടക്കുക എന്നുള്ളതാണ് ഓരോ ഇന്ത്യന്‍ പൗരൻ്റെയും ഇന്നത്തെ ദൗത്യം. അത്തരം ഒരു കര്‍മ മേഖലയിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യത്തെയും മതേതരത്വത്തെയും മുറുകെ പിടിക്കാനും അത് അനുഭവിക്കാനുമുള്ള ഏറ്റവും മഹത്തായ കരുത്താണ് ഇന്ത്യന്‍ ഭരണഘടന. ആ ഭരണഘടന തന്നെയാണ് ഇന്ത്യന്‍ ജൈവ രാഷ്ട്രീയത്തെ എക്കാലത്തും മുന്നോട്ടു കൊണ്ടുപോകുന്നത്. എന്നും അതിനെ ഓര്‍ത്തെടുക്കുന്ന ദിനമായി ജനുവരി 26 നിലനില്‍ക്കേണ്ടതുണ്ട്. റിപബ്ലിക് എന്ന മഹത്തായ ആശയത്തെ ജനാധിപത്യ മതേതര മൂല്യബോധത്തിൻ്റെ അടിസ്ഥാന ശിലയാണ് എന്ന് നിരന്തരം പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ ഇന്ത്യ എന്ന ദേശ രാഷ്ട്രത്തെ അതിൻ്റെ ഭരണഘടനാപരമായ മൂല്യബോധത്തില്‍ നിലനിര്‍ത്താന്‍ കഴിയൂ. ലോകത്ത് എവിടെ ജീവിച്ചാലും ഓരോ ഇന്ത്യക്കാരനും ഇന്ന് നിര്‍വഹിക്കേണ്ടത് അതാണ്.

Latest