Connect with us

Ongoing News

സൗഹൃദത്തില്‍ ബഹ്‌റൈനോട് തോറ്റ് ഇന്ത്യ; പരാജയം ഒന്നിനെതിരെ രണ്ട് ഗോളിന്

Published

|

Last Updated

അറാദ് | ബഹ്‌റൈനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മുഹമ്മദ് അല്‍ ഹര്‍ദാന്‍, മെഹ്ദി അല്‍ ഹുമൈദന്‍ എന്നിവരാണ് ബഹ്‌റൈനു വേണ്ടി സ്‌കോര്‍ ചെയ്തത്. രാഹുല്‍ ബെക്കെ ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടി.

മത്സരത്തിന്റെ 37ാം മിനുട്ടില്‍ ബഹ്‌റൈന്‍ ആദ്യ ഗോള്‍ നേടി. ബോക്‌സിന്റെ ഇടതുവശത്ത് നിന്ന് ലഭിച്ച പന്ത് ഹര്‍ദാന്‍ വലയിലേക്ക് മനോഹരമായി കണക്ട് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയുടെ 14ാം മിനുട്ടില്‍ ഇന്ത്യ തിരിച്ചടിച്ചു. മൈതാനത്തിന്റെ വലത് വശത്തു നിന്ന് റോഷന്‍ സിംഗ് നല്‍കിയ ക്രോസ് ബെക്കെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. പൂര്‍ണ സമയത്തിന് രണ്ട് മിനുട്ട് മുമ്പ് ഹുമൈദന്‍ ബഹ്‌റൈന്റെ വിജയഗോള്‍ കണ്ടെത്തി. പന്ത് ലഭിക്കുമ്പോള്‍ ഹുമൈദാനു മുമ്പില്‍ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവസരം പാഴാക്കാതെ താരം പന്ത് വലയിലേക്ക് പായിച്ചു.

ആറാം മിനുട്ടില്‍ ബഹ്‌റൈന് ലഭിച്ച പെനാള്‍ട്ടി ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് സിങ് സന്തു രക്ഷപ്പെടുത്തുന്നതിനും ബഹ്‌റൈന്‍ അറാദിലെ ശൈഖ് അലി ബിന്‍ മുഹമ്മദ് അല്‍ ഖലീഫ സ്റ്റേഡിയം സാക്ഷിയായി. മധ്യനിരയില്‍ നിന്ന് ഓടിക്കയറി ഇന്ത്യന്‍ പ്രതിരോധ നിരയെ മറികടന്ന് മുന്നോട്ടു കുതിച്ച ബഹ്‌റൈന്‍ താരം മര്‍ഹൂനിന്റെ ഷോട്ട് ഇന്ത്യയുടെ ജിംഗന്റെ കൈമുട്ടില്‍ തട്ടിയതോടെയാണ് റഫറി പെനാള്‍ട്ടി വിധിച്ചത്.

---- facebook comment plugin here -----

Latest