Connect with us

National

ഇന്ത്യ സഖ്യം ഭൂരിപക്ഷം നേടും; സര്‍ക്കാര്‍ രൂപവത്കരിക്കും: ഖാര്‍ഗെ

'തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ശക്തമായ നിലയിലാണ് ഇന്ത്യാ സഖ്യം. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പറഞ്ഞയക്കാന്‍ ജനം തീരുമാനിച്ചു കഴിഞ്ഞു.'

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ഭൂരിപക്ഷം നേടുമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖാര്‍ഗെ ഇന്ത്യ സഖ്യത്തിന്റെ വിജയത്തില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്. സഖ്യം അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ദരിദ്ര ജനവിഭാഗത്തിന് മാസം തോറും 10 കിലോ റേഷന്‍ സൗജന്യമായി നല്‍കുമെന്ന വാഗ്ദാനവും അദ്ദേഹം നടത്തി.

‘തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ശക്തമായ നിലയിലാണ് ഇന്ത്യാ സഖ്യം. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പറഞ്ഞയക്കാന്‍ ജനം തീരുമാനിച്ചു കഴിഞ്ഞു. ജൂണ്‍ നാലിന് ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കും. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതില്‍ ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.’- ഖാര്‍ഗെ പറഞ്ഞു.

സ്വേച്ഛാധിപത്യ, ഏകാധിപത്യ പ്രവണതകള്‍ വ്യത്യസ്ത ആശയഗതികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ സുതാര്യതയിലും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ബി ജെ പിയുടെ പ്രമുഖ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് തടയുന്ന സ്ഥിതിയുണ്ടെന്നും ഖാര്‍ഗെ ആരോപിച്ചു. ഇങ്ങനെയായാല്‍ ഓരോരുത്തരുടെയും ആശയഗതിക്കനുസരിച്ച ഒരാളെ തിരഞ്ഞെടുക്കാന്‍ എങ്ങനെ കഴിയും? ഹൈദരാബാദില്‍ ബി ജെ പി സ്ഥാനാര്‍ഥി ഒരു വനിതാ വോട്ടറുടെ ബുര്‍ഖ നീക്കി പരിശോധിക്കുന്ന സംഭവം വരെയുണ്ടായി. ഈ സാഹചര്യത്തില്‍ സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് എങ്ങനെ നടക്കും?. ഖാര്‍ഗെ ചോദിച്ചു.

യു പിയില്‍ ഇന്ത്യ സഖ്യത്തിന് 79 സീറ്റ് വരെ ലഭിക്കുമെന്ന് അഖിലേഷ് യാദവ് അവകാശപ്പെട്ടു. ‘ജൂണ്‍ നാല് മുതല്‍ ആരംഭിക്കുന്ന സുവര്‍ണ കാലം മുന്‍നിര്‍ത്തി മാധ്യമ ലോകത്തെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന ദിവസമായിരിക്കും അത്. തങ്ങളുടെ സ്വന്തം നിഷേധാത്മക ആഖ്യാനങ്ങളാല്‍ കുരുക്കിലായിരിക്കുകയാണ് ബി ജെ പി. യു പിയില്‍ 79 സീറ്റ് ഇന്ത്യ സഖ്യം നേടും. ക്വിറ്റോ മണ്ഡലത്തില്‍ മാത്രമാണ് പറയത്തക്ക മത്സരം നടക്കുന്നത്.’- അഖിലേഷ് പറഞ്ഞു.

 

Latest