Connect with us

freedom fighting

ഇന്ത്യ@75: ഇത് വികസ്വര രാജ്യങ്ങൾക്ക് മാതൃകയായ പുതിയ ഇന്ത്യ

വർഷങ്ങളായി മാതൃരാജ്യത്തിൽ നിന്നും ഏറെ അകലെ താമസിക്കുമ്പോഴും പ്രവാസികളായ നമ്മുടെ ആത്മാവ് എന്നും 5000 വർഷത്തിലേറെ സമ്പന്നമായ ചരിത്രത്തിന്റെ മഹത്വത്തിൽ അഭിമാനം കൊള്ളുന്ന നമ്മുടെ മാതൃരാജ്യത്തോടൊപ്പമാണ്.

Published

|

Last Updated

ന്ന്, ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ, സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിന്റെ സന്തോഷകരമായ പൂർത്തീകരണം ആഘോഷിക്കുകയാണ്. 1947-ൽ നമ്മുടെ നേതാക്കളും സ്വാതന്ത്ര്യസമര സേനാനികളും കണ്ട സ്വപ്നത്തിന്റെ സാഫല്യമെന്നോണം നമുക്കെല്ലാവർക്കും ഇത് അഭിമാനത്തിന്റെ ദിനമാണ്. 1.3 ബില്യൺ ജനങ്ങളുള്ള ഒരു രാജ്യത്ത് അസാധ്യമെന്ന് കരുതിയിരുന്ന നിലയിൽ നിന്നും എല്ലാ വെല്ലുവിളികളെയും മറികടന്ന് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വം നൽകുന്ന ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി മാറാൻ ഇന്ത്യക്ക് ഇന്ന് സാധിച്ചിരിക്കുന്നു.
ഇന്ത്യയുടെ ഒരു വിദൂര ഗ്രാമത്തിൽ നിന്നുള്ള ഒരു വനിതയെ ഇന്ന് ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവി ഏറ്റെടുക്കുന്നതിലേക്ക് നയിച്ചത് ഈ സാമൂഹിക സമത്വത്തിന്റെ ശക്തിയാണ്. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി അവരോധിക്കപ്പെട്ട ദൗപതി മുർമുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. 75-ാം സ്വാതന്ത്ര്യത്തിന്റെ സ്മരണക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച “ആസാദി കാ അമൃത് മഹോത്സവ്’ എന്ന ഉദ്യമം ലക്ഷ്യമിട്ടതുപോലെ, ലോക രാജ്യങ്ങളുടെ നേതൃനിരയിലേക്ക് ഉയർന്നുവന്ന നമ്മുടെ രാജ്യത്തിന്റെ മഹത്തായ ആ നേട്ടത്തെ അംഗീകരിക്കേണ്ട സമയമാണിത്. എല്ലാ മേഖലയിലും മികവ് പുലർത്താനുള്ള നമ്മുടെ പ്രതിബദ്ധതയെ ഇത് വീണ്ടും ഊട്ടിയുറപ്പിക്കുന്നു. എല്ലാ മേഖലകളിലും ലോക രാജ്യങ്ങളുടെ മുൻനിരയിലെത്താനുളള വിജയ പ്രയാണത്തിലാണ് ഇന്ത്യ. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നാമെല്ലാവരും സ്വയം മുന്നോട്ടുവരികയും കുട്ടികളെ അതിനായി സജ്ജമാക്കുകയും വേണം.

നാം ഇപ്പോൾ ജീവിക്കുന്ന ഇന്ത്യയെ സ്വപ്നം കണ്ട സ്വാതന്ത്ര്യ സമര സേനാനികളായ ധീര വ്യക്തിത്വങ്ങളെ നാം ആദരിക്കണം. അന്നത്തെ കവിതകളും എഴുത്തുകളും പ്രസിദ്ധീകരണങ്ങളും തിരിച്ചറിയുകയും ഇന്ത്യയുടെ സ്വാതന്ത്ര്യസമര കാലത്ത് എഴുതപ്പെട്ട പ്രസിദ്ധീകരിക്കപ്പെടാത്ത സാഹിത്യ സൃഷ്ടികളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യൻ സാംസ്‌കാരിക മന്ത്രാലത്തിന്റെ പ്രയത്നത്തിന് ഈ അവസരത്തിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു. രാജ്യത്തെ ജനങ്ങളെയും സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവ് എന്ന ഉദ്യമം ഏറെ പ്രശംസനീയമാണ്.

ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ നിലനിൽക്കുന്ന ഈ രാജ്യം, ലോകമെമ്പാടുമുള്ള പൗരന്മാരെ അതിന്റെ ആത്മാവിലേക്ക് ഒന്നിപ്പിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. നാനാത്വത്തിൽ ഏകത്വം നിലകൊള്ളുന്നതിന്റെ യഥാർഥ ഉദാഹരണങ്ങളാണ്, വ്യത്യസ്ത ഭാഷകൾ, മതങ്ങൾ, ജാതികൾ, വർഗങ്ങൾ എന്നിവ നിറഞ്ഞ നമ്മുടെ ഇന്ത്യ. സാമ്പത്തിക മേഖലയെ ശക്തി പ്രാപിപ്പിച്ചുകൊണ്ട് ലോകത്തിന് മുഴുവൻ മാതൃകയാകാനുള്ള പാതയിലാണ് ഇന്ത്യയുടെ പ്രയാണം. അടിസ്ഥാന സൗകര്യ വികസനത്തിലും സ്വാശ്രയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഗവൺമെന്റിന്റെ “അമൃത് കാൽ’ (2022 മുതൽ 2047 വരെയുള്ള അടുത്ത 25 വർഷത്തേക്ക്) കാഴ്ചപ്പാട് തികച്ചും പ്രോത്സാഹജനകമാണ്.  ഇന്ത്യയുടെ ആഗോള നേതൃത്വത്തിന്റെ കാഴ്ചപ്പാട്, സാമ്പത്തിക കാര്യങ്ങളിൽ മാത്രമല്ല, കൂടുതൽ സുസ്ഥിരവും കൂടുതൽ കരുതൽ ശേഷിയുള്ളതുമായ സംസ്‌കാരം, സമന്വയം, സമൃദ്ധി എന്നിവയുടെ കാര്യത്തിലും ശ്രദ്ധേയമാണ്. ബഹിരാകാശ സാങ്കേതികവിദ്യ, ടെലികമ്മ്യൂണിക്കേഷൻ, ഐ ടി എന്നിവയിൽ രാജ്യത്ത് വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഉൾപെടെ വിവിധ മേഖലകളിൽ അർഹതപ്പെട്ടവരുടെയും ദരിദ്രരുടെയും പ്രയോജനത്തിനായി ആവിഷ്‌കരിച്ച പദ്ധതികളും ലോകത്തെ എല്ലാ രാജ്യങ്ങൾക്കിടയിലും ഇന്ത്യയെ ശ്രദ്ധേയമാക്കുന്നു.

യു എ ഇയുടെ പരിവർത്തനകരമായ വളർച്ചയിൽ ഇന്ത്യ എന്നും ശക്തമായ പങ്കാളിയാണ്. 1972-ൽ ഇന്ത്യയും യു എ ഇയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിതമായതിന് ശേഷം, ഉഭയകക്ഷി ബന്ധം വിവിധ തലങ്ങളിൽ വികസിക്കുകയും ഇരു രാജ്യങ്ങൾക്കുമിടയിലെ ഇടപെടലുകൾ ഗണ്യമായി വർധിക്കുകയും ചെയ്തു. ഇന്ത്യയിൽ ലിസ്റ്റ് ചെയ്യപ്പെട്ട, യു എ ഇ അടക്കമുളള പുറംരാജ്യങ്ങളിൽ വലിയ ശൃംഖലകളുളള ചുരുക്കം ചില കമ്പനികളിലൊന്നാണ് ആസ്റ്റർ ഡി എം ഹെൽത് കെയർ. ആരോഗ്യ പരിരക്ഷാ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും, തൊഴിലവസരങ്ങളിലൂടെയും രാജ്യത്തിന് തിരികെ നൽകുന്നതിൽ ആസ്റ്റർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ 3,000 കോടി രൂപയിലധികം നിക്ഷേപത്തോടെ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലായി 3,905 കിടക്കകളുള്ള 14 ആശുപത്രികൾ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നു.

വർഷങ്ങളായി മാതൃരാജ്യത്തിൽ നിന്നും ഏറെ അകലെ താമസിക്കുമ്പോഴും പ്രവാസികളായ നമ്മുടെ ആത്മാവ് എന്നും 5000 വർഷത്തിലേറെ സമ്പന്നമായ ചരിത്രത്തിന്റെ മഹത്വത്തിൽ അഭിമാനം കൊള്ളുന്ന നമ്മുടെ മാതൃരാജ്യത്തോടൊപ്പമാണ്. ലോകമെമ്പാടുമുള്ള നിരവധി ഇന്ത്യക്കാർ ബിസിനസ് രംഗത്തും കോർപറേറ്റ് മേഖലകളിലും രാഷ്ട്രീയത്തിലും ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുകയും ഇന്ത്യക്കാരുടെ യഥാർഥ മികവുകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അടുത്ത 25 വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള മുൻനിര രാജ്യങ്ങളുടെ നിരയിൽ ഇന്ത്യ ശക്തമായ സ്ഥാനം നേടിയെടുക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

സ്ഥാപക ചെയർമാൻ, മാനേജിംഗ് ഡയറക്ടർ-ആസ്റ്റർ ഡി എം ഹെൽത് കെയർ

Latest