Connect with us

National

ഇന്ത്യക്കു പൊതുമേഖലാ വിമാനമില്ലാത്തത് പൗരന്മാരുടെ മടക്കം പ്രതിസന്ധിയിലാക്കി

റഷ്യ യുക്രൈനില്‍ അധിനിവേശയുദ്ധം ആരംഭിക്കുമെന്നു സൂചന ലഭിച്ചപ്പോള്‍ വിവിധ രാജ്യങ്ങളിലെ പൗരന്‍മാര്‍ വന്‍തോതില്‍ ജീവനും കൊണ്ട് രാജ്യം വിടാന്‍ ശ്രമിക്കുന്ന തക്കം നോക്കി സ്വകാര്യ എയര്‍ ലൈനുകളെല്ലാം ഉക്രൈനില്‍ നിന്നുള്ള ടിക്കറ്റ് ചാര്‍ജ് പലമടങ്ങായി വര്‍ധിപ്പിച്ചു. അടുത്ത കാലത്ത് സ്വകാര്യ കമ്പനിക്ക് കൈമാറിയ എയര്‍ ഇന്ത്യയും ഈ പ്രതിസന്ധിയെ കച്ചവട കണ്ണോടെയാണു കണ്ടത്.

Published

|

Last Updated

കോഴിക്കോട് | ഇന്ത്യക്കു സ്വന്തമായി വിമാന കമ്പനിയില്ലാത്തത് യുദ്ധ മുഖത്തു നിന്നു തിരിച്ചുപോരുന്നതില്‍ ഇന്ത്യക്കാര്‍ക്കു പ്രതിസന്ധി സൃഷ്ടിച്ചു. റഷ്യ യുക്രൈനില്‍ അധിനിവേശയുദ്ധം ആരംഭിക്കുമെന്നു സൂചന ലഭിച്ചപ്പോള്‍ വിവിധ രാജ്യങ്ങളിലെ പൗരന്‍മാര്‍ വന്‍തോതില്‍ ജീവനും കൊണ്ട് രാജ്യം വിടാന്‍ ശ്രമിക്കുന്ന തക്കം നോക്കി സ്വകാര്യ എയര്‍ ലൈനുകളെല്ലാം ഉക്രൈനില്‍ നിന്നുള്ള ടിക്കറ്റ് ചാര്‍ജ് പലമടങ്ങായി വര്‍ധിപ്പിച്ചു. അടുത്ത കാലത്ത് സ്വകാര്യ കമ്പനിക്ക് കൈമാറിയ എയര്‍ ഇന്ത്യയും ഈ പ്രതിസന്ധിയെ കച്ചവട കണ്ണോടെയാണു കണ്ടത്. ഉക്രൈനില്‍ നന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് അടുത്ത നാളുകളില്‍ 1, 1.5 ലക്ഷം വരെ ഉയര്‍ന്നു.

ഉക്രൈനിലുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഏറെയും ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പൊടുന്നനെ ഈ ടിക്കറ്റ് നിരക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ മാത്രമാണ് വലിയ വിഭാഗത്തിന് ഉക്രൈനില്‍ നിന്നു നാട്ടിലേക്കു തിരിക്കാന്‍ കഴിയാഞ്ഞത്. വിമാന നിരക്ക് കുറച്ച് തങ്ങളെ സഹായിക്കണമെന്നാവശ്യപ്പെടുന്ന സയാന്‍ ചൗധരി എന്ന വിദ്യാര്‍ഥിയുടെ ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ചോദ്യമാണ് ഉയര്‍ത്തിയത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ ഈ വര്‍ഷം ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് കൈമാറിയത്. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും ടാറ്റയ്ക്ക് കൈമാറിയാണു കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി നിലവിലെ ബോര്‍ഡ് അംഗങ്ങള്‍ രാജിവച്ച് ടാറ്റയുടെ പുതിയ ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റതോടെ എയര്‍ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സര്‍വീസായി മാറുകയായിരുന്നു.
വെറും 18,000 കോടി രൂപയ്ക്കായിരുന്നു വില്‍പ്പന കരാര്‍. ഉടമ്പടി പ്രകാരം ടാറ്റ ഗ്രൂപ്പിന് എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡിലിങ് വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും കൈമാറി.

1932ല്‍ ടാറ്റ ഗ്രൂപ്പ് തുടക്കമിട്ട ടാറ്റ എയര്‍ലൈന്‍സ് പിന്നീട് 1949ലാണ് എയര്‍ ഇന്ത്യ എന്നു പേര് മാറ്റിയത്. 1953ലാണ് ദേശസാത്കരണത്തിലൂടെ എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും അന്ന് സര്‍ക്കാര്‍ വാങ്ങിയത്. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്.

പ്രതിസന്ധി ഘട്ടങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ചെയ്യുന്ന മാനുഷിക പരിഗണനയോ ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനങ്ങളോ സ്വകാര്യമേഖലയില്‍ നിന്നുണ്ടാവില്ലെന്ന യാഥാര്‍ഥ്യമാണ് ഉക്രൈന്‍ പ്രതിസന്ധിയുടെ മുഖത്ത് വ്യക്തമാവുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്