Connect with us

Kerala

അവശ്യവസ്തുക്കളുടെ വില വര്‍ധന; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

പച്ചക്കറി വിലയെ കുറിച്ച് പ്രതിപക്ഷത്തിന് എന്തറിയാമെന്ന മന്ത്രി ജി ആര്‍ അനിലിന്റെ ചോദ്യം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ രൂക്ഷമായ വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ടി വി ഇബ്‌റാഹിം ആണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

പച്ചക്കറി വിലയെ കുറിച്ച് പ്രതിപക്ഷത്തിന് എന്തറിയാമെന്ന മന്ത്രി ജി ആര്‍ അനിലിന്റെ ചോദ്യം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പ്രതിപക്ഷം ബഹളം വെച്ചതോടെ യാഥാര്‍ഥ്യങ്ങള്‍ പ്രതിപക്ഷത്തിന് അറിയില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. വിലക്കയറ്റം സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി തന്നെ പിടിച്ചുനിര്‍ത്തിയെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലക്കയറ്റം കുറവാണെന്നും രാജ്യത്തെ വിലക്കയറ്റത്തിന്റെ അവസ്ഥയിലേക്ക് എത്തിച്ചത് കോണ്‍ഗ്രസ് ആണെന്നും മന്ത്രി പറഞ്ഞു.

 

Latest