Ongoing News
വേര്‍പിരിയല്‍ ശസ്ത്രക്രിയ; ഫിലിപ്പിനോ ഇരട്ടകളായ ഒലീവിയയും ജിയാന മാനുവലും റിയാദില്‍
സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, രാജാവ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് കുട്ടികളെ പ്രത്യേക വിമാനത്തിലെത്തിച്ചത്.
ദമാം | ഫിലിപ്പൈന്‍സില്‍ നിന്നുള്ള സയാമീസ് ഇരട്ടകളായ ഒലീവിയയും ജിയാനയെയും വേര്‍പിരിയല്‍ ശസ്ത്രക്രിയക്കായി സഊദി തലസ്ഥാനമായ റിയാദിലെത്തിച്ചു. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, രാജാവ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് കുട്ടികളെ പ്രത്യേക വിമാനത്തിലെത്തിച്ചത്. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ വിദഗ്ധ ആരോഗ്യ പരിശോധനക്കായി നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
മധ്യ ഫിലിപ്പൈന്‍സ് പ്രവിശ്യയായ ന്യൂവ എസിജയിലെ തലവേര പട്ടണത്തില്‍ നിന്നുള്ള ഇരട്ടകളായ ഒലീവിയയും ജിയാന മാനുവലും ഓംഫലോപാഗസ് എന്ന പേരിലാണ് അറിയപ്പെടുന്ന നെഞ്ചില്‍ നിന്ന് വയറിലേക്ക് ചേര്‍ന്ന നിലയില്‍ 2024 ഏപ്രിലില്‍ ജനിച്ചത്. അവര്‍ക്ക് ശരിയായി ഭക്ഷണം കഴിക്കാന്‍ കഴിയില്ല. കിടക്കുമ്പോള്‍, ഒരാള്‍ വളരെ ഹൈപ്പര്‍ ആയതിനാല്‍ രണ്ടാമത്തെയാള്‍ സാധാരണയായി അടിയിലായിരിക്കും. അവര്‍ കിടക്കുമ്പോഴോ ഉറങ്ങുമ്പോഴോ, ഒരാള്‍ക്ക് ഇപ്പോഴും ഉറങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും, ചലിച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ കുട്ടികള്‍ ഉണര്‍ന്നിരിക്കാന്‍ നിര്‍ബന്ധിതയാകുന്ന നിലയിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
സഊദി അറേബ്യയില്‍ വേര്‍പിരിയല്‍ ശസ്ത്രക്രിയക്ക് വിധേയരായ ഫിലിപ്പിനോ ഇരട്ടകളുടെ രണ്ടാമത്തെ ജോഡിയായ അഖിസയെയും ആയിഷ യൂസോഫിനെയും കുറിച്ചുള്ള സാമൂഹിക മാധ്യമ അപ്ഡേറ്റുകള്‍ പിന്തുടര്‍ന്നപ്പോഴാണ് സഊദി കണ്‍ജൈന്‍ഡ് ട്വിന്‍സ് പ്രോഗ്രാമിനെക്കുറിച്ച് മാതാപിതാക്കള്‍ ആദ്യമായി മനസ്സിലാക്കിയത്. ഈ സമയത്ത് പെണ്‍കുട്ടികള്‍ ജനിച്ച് മൂന്ന് മാസത്തോളം ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് കണ്‍ജൈന്‍ഡ് ഇരട്ടകളുടെ പ്രോഗ്രാം നടത്തുന്ന കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററുമായി ബന്ധപ്പെടുകയും 2025 ഡിസംബര്‍ 16 ന് ഒലിവിയയും ജിയാന മാനുവലും അവരുടെ മാതാപിതാക്കള്‍ക്കൊപ്പം മനിലയിലെ സയോടൊട്ടി എംബസിയിലെത്തി സഊദി അംബാസഡര്‍ ഫൈസല്‍ ഇബ്‌റാഹിം അല്‍-ഗാംദിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വേര്‍പിരിയല്‍ നടപടിക്രമങ്ങള്‍ക്ക് വിധേയരാകാന്‍ അവരുടെ മാതാപിതാക്കളോടൊപ്പം സഊദിയിലെത്താന്‍ എംബസിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചതോടെയാണ് ഇവര്‍ കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തില്‍ റിയാദിലെത്തിയത്.
ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും സങ്കീര്‍ണമായത്
വൈദ്യശാസ്ത്ര രംഗത്ത് അത്ഭുതം തോന്നിപ്പിക്കുന്ന പല കണ്ടുപിടിത്തങ്ങളും ഉണ്ടായിട്ടുണ്ടെകിലും ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ഒന്നാണ് സയാമീസ് ഇരട്ടകളുടെ വേര്‍പിരിയല്‍ ശസ്ത്രക്രിയ. നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലിറ്റിയിലെ ചില്‍ഡ്രന്‍സ് ആശുപത്രിയാണ് ഇവരുടെ തുടര്‍ ചികിത്സയും സര്‍ജറിയും നടക്കുക.
അത്യാധുനിക മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍, നൂതന സാങ്കേതികവിദ്യയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ ആശുപത്രിയില്‍ സങ്കീര്‍ണമായ പീഡിയാട്രിക് കെയറില്‍ വൈദഗ്ധ്യമുള്ള മെഡിക്കല്‍ സ്പെഷ്യല്‍ ടീമാണ് പ്രവര്‍ത്തിച്ച് വരുന്നത്. ഉന്നത നിലവാരമുള്ള ചികിത്സക്കൊപ്പം കാരുണ്യപരമായ പരിചരണവും നല്‍കുന്നതിനാണ് ആശുപത്രി ഊന്നല്‍ നല്‍കുന്നത്. സഊദി അറേബ്യയില്‍ ശസ്ത്രക്രിയക്ക് വിധേയമാകുന്ന നാലാമത്തെ ഫിലിപ്പിനോ സംയോജിത ഇരട്ടകളാണ് ഒലീവിയയും ജിയാന മാനുവലും. 2004 മാര്‍ച്ചില്‍ ആന്‍, മേ മാന്‍സോ, 2024 സെപ്തംബറില്‍ അഖിസയും ആയിഷ യൂസോഫും 2025 മെയ് മാസത്തില്‍ ക്ലിയ ആനും മൗറീസ് ആന്‍ മിസയും ശസ്ത്രക്രിയക്കായി സഊദിയിലെത്തിയിരുന്നു
ലോകത്തിലെ ഏറ്റവും പ്രശസ്തമായ പീഡിയാട്രിക് സര്‍ജന്മാരില്‍ ഒരാളായ ഡോ. അബ്ദുല്ല അല്‍-റബീഹയാണ് വേര്‍പിരിയല്‍ ശസ്ത്രക്രിയക്ക് ഇതിന് നേതൃത്വം നല്‍കിവരുന്നത്. 1990-ല്‍ സ്ഥാപിതമായ സഊദി കണ്‍ജോയിന്റ് ട്വിന്‍സ് പ്രോഗ്രാം വഴിയാണ് ഇവര്‍ക്ക് ചികിത്സ ലഭിക്കുക. ഇവര്‍ മാതൃരാജ്യത്ത് നിന്നും പുറപ്പെടുന്നത് മുതല്‍ വൈദ്യചികിത്സ പൂര്‍ത്തിയായി തിരികെ മടങ്ങുന്നത് വരെയുള്ള പൂര്‍ണമായ ചെലവുകള്‍ സൗജന്യമായിരിക്കും.
സയാമീസ് ഇരട്ടകളെ വേര്‍പിരിക്കുന്ന ശസ്ത്രക്രിയയുടെ കാര്യത്തില്‍ ലോകത്ത് പ്രഥമ സ്ഥാനമാണ് സഊദി അറേബ്യക്കുള്ളത്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 28 രാജ്യങ്ങളില്‍ നിന്നുള്ള 152 ഇരട്ടകളെ പരിചരിച്ച ഈ പരിപാടിയുടെ 67-ാമത്തെ വിജയകരമായ വേര്‍പിരിയല്‍ ശാസ്ത്രക്രിയയായിരുന്നു. ജമൈക്കന്‍ കണ്‍ജൈന്‍ഡ് ഇരട്ടകളായ അസാരിയയെയും അസോറ എല്‍സണിനെയും വിജയകരമായി വേര്‍പെടുത്തിയത്.
സംയോജിത ഇരട്ട വേര്‍പിരിയല്‍ ശസ്ത്രക്രിയകളിലെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനുമുള്ള സഊദി സംരംഭത്തിന് 2024 നവംബര്‍ 24 ലോക സംയോജിത ലോക സയാമീസ് ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. സയാമീസ് ഇരട്ടകളെ വേര്‍പെടുത്തേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാനും അവരുടെ കുടുംബങ്ങള്‍ക്ക് ഒരു പുതിയ ജീവിതത്തിനായി പ്രത്യാശ നല്‍കുന്നതിനുമുള്ള അവസരമായാണ് ഈ ദിനം ആചരിച്ച് വരുന്നത്.



