Kerala
ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച സംഭവം; പോലീസിന് വീഴ്ചയുണ്ടായി, ഡി ജി പിക്ക് പരാതി നല്‍കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം | ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തില്‍ കൃത്യമായി ഇടപെടുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് രമേശ് ചെന്നിത്തല. തത്സമയം തന്നെ പ്രതികളെ പിടികൂടാന്‍ പോലീസ് ശുഷ്‌കാന്തി കാണിച്ചില്ല. ഇക്കാര്യത്തില്‍ ഡി ജി പിക്ക് പരാതി നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു.
പോലീസിനെതിരെ പരാതിയുമായി നേരത്തെ യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു. പോലീസിന്റെ കണ്‍മുന്നില്‍ വച്ചാണ് അക്രമം നടന്നത്. എന്നിട്ടും കൃത്യമായി ഇടപെടാന്‍ പോലീസ് തയാറായില്ലെന്നാണ് പരാതി. ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യയോട് അങ്ങോട്ട് ചെന്ന് മൊഴി നല്‍കാനാണ് പോലീസ് ആവശ്യപ്പെടുന്നത്. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ ബൈക്കിലെത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. വണ്ടാനം മെഡിക്കല്‍ കോളജിലെ ജീവനക്കാരിയാണ് ആക്രമണത്തിനിരയായത്.