Prathivaram
ഓർമകൾ ഒളിച്ച മണ്ണിൽ...
അൽപ്പം അകലെയാണ് ബഗ്ദാദ് യൂനിവേഴ്‌സിറ്റിയുടെ പ്രധാന ക്യാമ്പസ്. യുദ്ധകാലത്ത് യൂനിവേഴ്‌സിറ്റിയിലെ തൊണ്ണൂറ് ശതമാനം വിദ്യാർഥികളും പഠനം ഉപേക്ഷിച്ചിരുന്നെങ്കിലും ഇപ്പോൾ സാഹചര്യങ്ങളെല്ലാം മാറിയിരിക്കുന്നു. എല്ലായിടത്തും ആ മാറ്റങ്ങൾ പ്രകടമാണ്. ശൈഖ് ജീലാനി തങ്ങളുടെ ദർഗാ പരിസരത്ത് എത്തിയപ്പോൾ അത് കൂടുതൽ ദൃശ്യമായി.

ആധുനിക ബഗ്ദാദിൽ നിന്ന് നാൽപ്പത്തഞ്ച് കിലോമീറ്റർ അകലെ മദാഇൻ ദേശത്താണ് കിസ്‌റയുടെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഒന്നര മണിക്കൂർ സഞ്ചരിച്ചു വേണം അവിടെ എത്താൻ. ബഗ്ദാദിന് മുമ്പ് മദാഇനായിരുന്നു ഇറാഖിന്റെ തലസ്ഥാനം. ലോകത്തെ കിടുകിടാ വിറപ്പിച്ച പേർഷ്യൻ സാമ്രാജ്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന നഗരി. തിരുനബി(സ്വ)യുടെ സന്ദേശവാഹകനെ അവഹേളിച്ച, കത്ത് പിച്ചിച്ചീന്തിയ ധിക്കാരികളുടെ ശക്തിദുർഗം കീഴടക്കിയാണ് മുസ്്ലിം സൈന്യം ഈ നാട്ടിൽ ഇസ്്ലാമിന്റെ പ്രഭ പരത്തിയത്. ഐതിഹാസികമാണ് ആ വീരഗാഥകൾ. ചെറുപ്പം മുതൽ വായിച്ചും കേട്ടും പഠിച്ച ചരിത്രശകലങ്ങൾ. ദേശപ്പേരുകൾ കൊത്തിവെച്ച ബോർഡുകൾ കണ്ടപ്പോൾ അവ അറിയാതെ മനസ്സിൽ ഓളങ്ങൾ സൃഷ്ടിച്ചു.
അബൂബക്കർ സിദ്ദീഖി(റ)ന്റെ ഭരണകാലം. ശൈബാൻ ഗോത്ര തലവനായ മുസന്ന ബ്ൻ ഹാരിസ(റ) ഒരു വാഗ്ദാനവുമായി ഖലീഫയെ സമീപിച്ചു. പേർഷ്യക്കാരെ തന്റെ നേതൃത്വത്തിൽ പൊരുതി തോൽപ്പിക്കാം. സിദ്ദീഖോർ സന്തോഷപൂർവം സമ്മതം നൽകി.
ദാതുസ്സലാസിൽ എന്നാണ് ഈ യുദ്ധത്തിന്റെ പേര്. ചങ്ങല യുദ്ധം. പേർഷ്യൻ പട്ടാളക്കാരെ തടവിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ ചങ്ങലയിൽ ബന്ധിച്ചിരുന്നു. അതാണ് യുദ്ധത്തിന് ഇങ്ങനെ പേര് വരാൻ കാരണം. ഇടക്ക് കൂടുതൽ സൈന്യത്തെ അയക്കണമെന്ന് മുസന്ന(റ) ഖലീഫക്ക് കത്തയച്ചിരുന്നു. ഖാലിദ്ബ്‌നുൽ വലീദി(റ)ന്റെ നേതൃത്വത്തിലുള്ള പോഷകസൈന്യമാണ് അതിന് നിയോഗിക്കപ്പെട്ടത്. ബസ്വറക്ക് സമീപത്തുള്ള ഉബുല്ല തുറമുഖ നഗരത്തിൽ വെച്ച് ഇരു സംഘവും പേർഷ്യക്കാരോട് ഏറ്റുമുട്ടുകയും വിജയം വരിക്കുകയും ചെയ്തു.
രണ്ടാം ഖലീഫ ഉമർ(റ)ന്റെ ഭരണകാലത്താണ് പിന്നീട് ഇറാഖിലേക്കുള്ള പടനീക്കം ഉണ്ടാകുന്നത്. ഇസ്്ലാമിക ചരിത്രത്തിലെ നിർണായക പോരാട്ടമായ ഖാദിസിയ്യ അരങ്ങേറിയത് അതേ തുടർന്നാണ്.
ക്രിസ്തു വർഷം 635. റസ്തം ഫറഖ്‌സാദാണ് പേർഷ്യൻ ക്യാപ്റ്റൻ. മുസ്്ലിം പക്ഷത്തെ നയിക്കുന്നത് സഅദ് ബ്‌നു അബീവഖാസും. മുപ്പതിനായിരം പേരാണ് മുസ്്ലിം സൈന്യത്തിലുള്ളത്. ശത്രുവ്യൂഹം അതിന്റെ നാലിരട്ടിയോളവും. ആദ്യ മൂന്ന് ദിനങ്ങൾ കടുത്ത അനിശ്ചിതത്വത്തിന്റെതായിരുന്നു. ഇരുവിഭാഗവും വിട്ടുവീഴ്ചയില്ലാതെ പോരാടി.
നാലാം ദിനം. ശത്രു സൈന്യം ടൈഗ്രീസ് നദിക്കപ്പുറത്താണ്. മറുകര കടക്കാൻ മാർഗമില്ല. എന്ത് ചെയ്യും?. സഅദു ബ്‌നു അബീവഖാസ്വ്(റ) ആലോചനാ നിമഗ്‌നനായി. ജലോപരിതലത്തിലൂടെ നദി മുറിച്ചു കടക്കുക തന്നെ. ആ ധീരശബ്ദം വിണ്ണിൽ മുഴങ്ങി. കുതിരയുടെ കടിഞ്ഞാൺ പിടിച്ച് സ്വയം ആ സാഹസത്തിന് തുടക്കം കുറിച്ചു. പിന്നാലെ അനുയായികളും ഒന്നൊഴിയാതെ നദി മുറിച്ചു കടന്നു. അത്ഭുതം. പേർഷ്യക്കാർ അത് കണ്ട് പിന്തിരിഞ്ഞോടി. ഇറാഖ് അതോടെ ഇസ്്ലാമിക ആധിപത്യത്തിന് കീഴിലായി.
നൂറ്റാണ്ടുകൾക്കിപ്പുറത്ത് ടൈഗ്രീസിനെ കുറുകെ നിർമിച്ച പാലത്തിലൂടെ ശീതീകരിച്ച ബസിലിരുന്ന് യാത്ര ചെയ്യവെ ആ ചരിത്ര വസ്തുതകൾ ഓർത്തപ്പോൾ വാക്കുകൾക്കതീതമായ അനുഭൂതി. സാങ്കേതിക സംവിധാനങ്ങളുടെ സഹായങ്ങളില്ലാതെ, നിശ്ചയ ദാർഢ്യത്തിന്റെ കരുത്തിലാണല്ലോ അന്ന് സഅദ്(റ) ഈ ജലപ്രവാഹത്തെ ഭേദിച്ചത്!.
സ്വർഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട പത്ത് പേരിൽ ഒരാളാണ് സഅദ്(റ). ബദ്ർ ഉൾപ്പെടെ തിരുനബി(സ്വ)ക്കൊപ്പം സർവ ധർമപ്പടയോട്ടങ്ങളിലും പങ്കെടുത്ത സ്വഹാബിവര്യൻ. കിസ്‌റയുടെ കൊട്ടാരത്തിൽ കയറി ബാങ്കൊലി നാദം മുഴക്കി ആദ്യമായി നിസ്‌കാരം നിർവഹിച്ചത് മറ്റാരുമായിരുന്നില്ല. കൂഫാ നഗരം നിർമിച്ചതും ഉമർ(റ), ഉസ്മാൻ(റ) എന്നിവരുടെ ഭരണകാലത്ത് ഇറാഖി ഗവർണറായി സേവനം അനുഷ്ഠിച്ചതും സഅദ്(റ) ആയിരുന്നു.
ഖാദിസിയ്യാ യുദ്ധം ശരിക്കും ഇറാഖിനെ പുതുക്കിപ്പണിതു. ഖലീഫമാർ അങ്ങോട്ട് നിരവധി മതപ്രബോധകരെ നിയമിക്കുകയും തത്ഫലമായി ജനങ്ങൾ മുഴുവനും ഇസ്്ലാമിൽ ആകൃഷ്ടരാവുകയും ചെയ്തു. രണ്ടാം ഖലീഫയുടെ നിർദേശ പ്രകാരം രാജ്യത്തെ മറ്റു പ്രധാന പട്ടണങ്ങളായ ബസ്വറയും കൂഫയും മൗസിലും നിർമിക്കപ്പെട്ടത് ഇതേ കാലയളവിലാണ്.
ശൈഖ് ജീലാനി തങ്ങളുടെ മൗസോളിയത്തിലേക്ക് ഇനി ഏതാനും കിലോമീറ്ററുകൾ മാത്രമാണുള്ളത്. അതിനിടയിലാണ് ബഗ്ദാദ് യൂനിവേഴ്‌സിറ്റിയുടെ ഭാഗമായ അൽകിന്ദി മെഡിക്കൽ കോളജ് ശ്രദ്ധയിൽ പതിയുന്നത്. മധ്യകാല മുസ്്ലിം ശാസ്ത്രജ്ഞനായ അബൂ യൂസുഫ് യഅഖൂബ് അൽ കിന്ദിയുടെ നാമധേയത്തിലാണ് കോളജ് സ്ഥാപിക്കപ്പെട്ടത്. കൂഫയിലായിരുന്നു ജനനമെങ്കിലും അദ്ദേഹം വൈജ്ഞാനിക ഗവേഷണങ്ങളിൽ വ്യാപൃതനായത് ബഗ്ദാദിൽ വെച്ചായിരുന്നു. ഇന്ത്യൻ അക്കങ്ങൾ അറബ് ലോകത്തിന് പരിചയപ്പെടുത്തിയത് കിന്ദിയാണ്. പിൽക്കാലത്ത് മുഹമ്മദ് ബിൻ മൂസൽ ഖവാരിസ്മിക്ക് ലോക പ്രശസ്തമായ അൽഗോരിതം കണ്ടെത്താൻ അത് സഹായകമായി.
ഇരുവരും അബ്ബാസി ഖലീഫ ഹാറൂൻ റഷീദ് നിർമിച്ച ഗവേഷണ കേന്ദ്രമായ ബൈതുൽ ഹിക്മയിലെ അംഗങ്ങളായിരുന്നു. അൽപ്പം അകലെയാണ് ബഗ്ദാദ് യൂനിവേഴ്‌സിറ്റിയുടെ പ്രധാന ക്യാമ്പസ്. യുദ്ധകാലത്ത് യൂനിവേഴ്‌സിറ്റിയിലെ തൊണ്ണൂറ് ശതമാനം വിദ്യാർഥികളും പഠനം ഉപേക്ഷിച്ചിരുന്നെങ്കിലും ഇപ്പോൾ സാഹചര്യങ്ങളെല്ലാം മാറിയിരിക്കുന്നു. എല്ലായിടത്തും ആ മാറ്റങ്ങൾ പ്രകടമാണ്. ശൈഖ് ജീലാനി തങ്ങളുടെ ദർഗാ പരിസരത്ത് എത്തിയപ്പോൾ അത് കൂടുതൽ ദൃശ്യമായി. 2018 ലായിരുന്നു ഇതിന് മുമ്പ് ഇവിടം സന്ദർശിച്ചത്. അന്നുള്ള കാഴ്ചയല്ല ഇന്നുള്ളത്. യാചകരായ കുട്ടികളും സ്ത്രീകളും എങ്ങോ പോയി മറഞ്ഞിരിക്കുന്നു. മുൾവേലികൾക്ക് പകരം വൃത്തിയുള്ള നടപ്പാതകൾ സ്ഥാനം പിടിച്ചിരിക്കുന്നു.