Connect with us

Prathivaram

ആത്മീയതയുടെ രാജധാനിയിൽ

ഒട്ടനേകം മഹാന്മാരുടെ സ്മാരകങ്ങളുണ്ട് ബഗ്ദാദിൽ. പ്രവാചകന്മാർ മുതൽ സ്വഹാബികൾ, സ്വൂഫികൾ, കർമശാസ്ത്ര പണ്ഡിതന്മാർ തുടങ്ങി ഇസ്‌ലാമിക ചരിത്രത്തിൽ നിർണായക സ്ഥാനം അലങ്കരിക്കുന്നവരുടെ സ്മരണകൾ ജ്വലിക്കുന്ന കേന്ദ്രങ്ങൾ. അവയിൽ ശ്രദ്ധേയമാണ് ഹള്റതുൽ ഖാദിരിയ്യ.

Published

|

Last Updated

മുഹ്‌യിദ്ദീൻ ശൈഖിനോട് വലിയ പ്രിയമായിരുന്നു ഞങ്ങളുടെ പിതാവ് സയ്യിദ് അഹ്മദുൽ ബുഖാരി തങ്ങൾക്ക്. നിരവധി സന്ദർശകരാണ് ഉപ്പയെ തേടി വരാറുണ്ടായിരുന്നത്. അവരോടൊക്കെ ശൈഖിന്റെ പേരിൽ നേർച്ചയാക്കാനും ഫാതിഹ ഓതാനുമൊക്കെ നിർദേശിക്കുക പതിവായിരുന്നു. ജനങ്ങൾക്കിടയിൽ അത് വലിയ സ്വാധീനം ചെലുത്തി. അതേ തുടർന്നാണ് ഉപ്പ മഹാനവർകളുടെ പേരിൽ റാതീബ് ആരംഭിക്കുന്നത്. എഴുപത് വർഷങ്ങൾക്ക് മുമ്പാണത്. ഇന്നത്തെ കടലുണ്ടി റാതീബിന്റെ ആദ്യ രൂപം. റബീഉൽ ആഖിർ മാസത്തിൽ, ശൈഖിന്റെ ആണ്ടിനോട് അനുബന്ധിച്ചാണ് റാതീബ് സംഘടിപ്പിച്ചിരുന്നത്.
ചെറുപ്പത്തിൽ റാതീബിന്റെ സദസ്സ് ഞങ്ങൾക്കൊരു ഹരമായിരുന്നു. ആഴ്ചകൾക്ക് മുമ്പ് തുടങ്ങുന്ന ഒരുക്കങ്ങൾ. വീട്ടിൽ എപ്പോഴും ആളുകൾ. ഉമ്മാക്കും ഉപ്പാക്കും തിരക്കോട് തിരക്ക്. അറിയാതെ ഞങ്ങളും അതിന്റെ ഭാഗമായി. ഇറാഖ് എന്നതിനേക്കാൾ കൂടുതൽ ബഗ്ദാദായിരുന്നു ആദ്യം പരിചയപ്പെട്ടത്. പതിയെ പതിയെ ആണ് അതെവിടെയാണെന്ന് മനസ്സിലായത്. മദീനതുസ്സലാം, ശാന്തിയുള്ള നഗരം അതായിരുന്നു ബഗ്ദാദിന്റെ വിശേഷണ നാമം. ഇസ്‌ലാമിക നാഗരികതയുടെ ആസ്ഥാനമായിരുന്നു ഇവിടം.

പ്രതാപം കൈവരിച്ചു എന്നർഥം വരുന്ന തബഗ്ദദ എന്ന ക്രിയാ പദത്തിൽ നിന്നാണ് ബഗ്ദാദിന്റെ പിറവി. “താങ്കൾ ബഗ്ദാദ് കണ്ടിട്ടുണ്ടോ?’ ഒരിക്കൽ ഇമാം ശാഫിഈ(റ) ശിഷ്യൻ യൂനുസ് ബ്നു അബ്ദിൽ അഅലയോട് ഇങ്ങനെ ചോദിച്ചു. “ഇല്ല’ എന്നായി ശിഷ്യൻ. “എങ്കിൽ താങ്കൾ ലോകം കണ്ടിട്ടില്ല’. ശാഫിഈ ഇമാം പ്രതികരിച്ചു. അത്രയും ശാദ്വലമായിരുന്നു ബഗ്ദാദ്.

ഈജിപ്തിന്റെ തലസ്ഥാനമായ കൈറോ കഴിഞ്ഞാൽ അറബ് ലോകത്തെ ഏറ്റവും വലിയ പട്ടണമാണ് ബഗ്ദാദ്. അബ്ബാസീ ഭരണാധികാരി അൽമൻസ്വൂറാണ് നഗരത്തിന്റെ സ്ഥാപകൻ. പുരാതന റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന മദാഇൻ പട്ടണത്തിൽ നിന്ന് അധികം അകലെയല്ലാത്ത പ്രദേശമാണിത്. കൂഫ, ബസ്വറ, ഖുറാസാൻ, സിറിയ എന്നിവിടങ്ങളിലേക്കുള്ള നാല് പ്രധാന കവാടങ്ങൾ ഉൾപ്പെടുത്തി ഒരു കൂറ്റൻ ചുറ്റുമതിലും ഖലീഫ നിർമിച്ചിരുന്നു. നഗര മധ്യത്തിലായി രാജകൊട്ടാരവും പള്ളിയും പണിതു. ചരിത്രകാരന്മാരായ ഇബ്നു ജരീർ ത്വബരി താരീഖു ത്വബരിയിലും ഖത്വീബ് അൽ ബഗ്ദാദി താരീഖു ബഗ്ദാദിലും അതേ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ബഗ്ദാദിനെ കുറിച്ച് മാത്രം പ്രതിപാദിക്കുന്ന, പതിനാല് വാള്യങ്ങളുള്ള ചരിത്ര ഗ്രന്ഥമാണ് ഖത്വീബ് അൽ ബഗ്ദാദിയുടെ താരീഖു ബഗ്ദാദ്.

അധികം വൈകാതെ ഈ പുതിയ നഗരം അറിവിന്റെയും ശാസ്ത്രീയ ഗവേഷങ്ങളുടെയും ആഗോള കേന്ദ്രമായി മാറി. ഖലീഫ മഅമൂന്റെ നേതൃത്വത്തിൽ നടന്ന ബൈതുൽ ഹിക്മയുടെ സംസ്ഥാപനമാണ് അതിന് നിദാനമായത്. കൂടാതെ നിളാമിയ്യ, മുൻതസ്വിരിയ്യ ഗ്രന്ഥാലയങ്ങൾ ഉൾപ്പെടെ പ്രശസ്തമായ മറ്റനേകം വൈജ്ഞാനിക കേന്ദ്രങ്ങളും നിലവിൽ വന്നു. ഇമാം ഗസാലി, ഇബ്നു സബാഗ്, അബുന്നജീബ് സുഹ്റവർദി, ശൈഖ് ജീലാനി തുടങ്ങിയ ഉന്നതശീർഷരായിരുന്നു ഇവിടങ്ങളിൽ അധ്യാപനം നടത്തിയിരുന്നത്.

ഒട്ടനേകം മഹാന്മാരുടെ സ്മാരകങ്ങളുണ്ട് ബഗ്ദാദിൽ. പ്രവാചകന്മാർ മുതൽ സ്വഹാബികൾ, സ്വൂഫികൾ, കർമശാസ്ത്ര പണ്ഡിതന്മാർ തുടങ്ങി ഇസ്‌ലാമിക ചരിത്രത്തിൽ നിർണായക സ്ഥാനം അലങ്കരിക്കുന്നവരുടെ സ്മരണകൾ ജ്വലിക്കുന്ന കേന്ദ്രങ്ങൾ. അവയിൽ ശ്രദ്ധേയമാണ് ഹള്റതുൽ ഖാദിരിയ്യ.

ഞങ്ങളുടെ യാത്രാ സംഘത്തെ കൂടാതെ ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരെയും ഇവിടെ കാണാം.
അതിവിശാലമാണ് ശൈഖ് ജീലാനി തങ്ങളുടെ മഖ്ബറയും പള്ളിയും. ഞങ്ങൾ ഭവ്യതയോടെ അകത്തു കടന്നു. രാവിലെയായതിനാൽ അധികം ആളുകളില്ല. ഫാതിഹ ഓതി. പിന്നെ ചെറിയ ദുആ നടത്തി, മഖ്ബറക്ക് അടുത്ത് നിന്ന് അൽപ്പം മാറി മറ്റൊരിടത്തിരുന്നു. ഖുത്ബിയ്യത് ചൊല്ലണം. ഹള്റതുൽ ഖാദിരിയ്യയിലെ ഖുത്ബിയ്യതിന് പ്രത്യേക പ്രാധാന്യമുണ്ടല്ലോ. “വല്ലേ നിലത്തിന്നും എന്നേ വിളിപ്പോർക്ക്/ വായ് കൂടാ ഉത്തിരം നൽകും ഞാനെന്നോവർ’. മുഹ്‌യിദ്ദീൻ മാലയിലെ വരികൾ. ശൈഖ് ജീലാനി തങ്ങളുടെ തന്നെ വാക്കുകളുടെ കാവ്യ ആവിഷ്കാരമാണിത്. എവിടെ നിന്ന് വിളിച്ചാലും മുരീദുകൾക്ക് ഉത്തരം നൽകുമെന്ന് അരുളിയവർ എല്ലാം മാറ്റിവെച്ച്, ദീർഘദൂരം സഞ്ചരിച്ച് അരികെയെത്തിയവരെ എങ്ങനെ സ്വീകരിക്കാതിരിക്കില്ലല്ലോ.

ഖുത്ബിയ്യത് തീരാറായപ്പോഴേക്കും പലരുടെയും കണ്ണുകൾ കരഞ്ഞ് കലങ്ങിയിരുന്നു. എല്ലാം കഴിഞ്ഞ് പിരിയാൻ ഒട്ടും ആഗ്രഹമില്ലാതെയാണ് ഞങ്ങൾ ഹള്റതുൽ ഖാദിരിയ്യയോട് വിടചൊല്ലിയത്. സുദീർഘമായിരുന്നു കൂട്ടമായുള്ള പ്രാർഥന. എന്നിട്ടും പറഞ്ഞ് കൊതിതീരാത്ത പോലെ ഭൂരിഭാഗം സഹയാത്രികരും ആ ചാരത്ത് തന്നെ നിൽക്കുന്നു. കണ്ഠമിടറി, നയനങ്ങൾ ഈറനണിഞ്ഞ് ഏകാന്തമായി പ്രാർഥനകൾ തുടരുന്നു. സ്വകാര്യ ഉദ്ദേശ്യങ്ങൾ, പറഞ്ഞേൽപ്പിച്ചവരുടെ വിശേഷങ്ങൾ, മരണപ്പെട്ടവർക്ക് വേണ്ടിയുള്ള തേട്ടങ്ങൾ എല്ലാം പരമാവധി ആ ചാരത്തേക്ക് ചേർന്നു നിന്ന് പങ്കുവെക്കുകയാണ്. സമയം വൈകിയെന്ന അറിയിപ്പ് ലഭിക്കേണ്ടി വന്നു എല്ലാം അവസാനിപ്പിക്കാൻ. ഒടുവിൽ സലാമുകൾ ആവർത്തിച്ചു ചൊല്ലി, ഇത് അവസാന സന്ദർശനമാക്കല്ലേ അല്ലാഹ് എന്ന അപേക്ഷയോടെ പതുക്കെ പതുക്കെ കാലുകൾ പിന്നോട്ടാഞ്ഞു.