Connect with us

isl 2022

കൊച്ചിയില്‍ വീണ്ടും മഞ്ഞക്കടലിരമ്പം; ഗോവയെ കശക്കിയെറിഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ്

അഡ്രിയാന്‍ ലൂണയാണ് ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്.

Published

|

Last Updated

കൊച്ചി | ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ പതിനായിരക്കണക്കിന് വരുന്ന കാണികള്‍ക്ക് മുന്നില്‍ ആര്‍ത്തിരമ്പി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എഫ് സി ഗോവയെ ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. കൊച്ചിയില്‍ മുമ്പ് എ ടി കെ മോഹന്‍ ബഗാനോടേറ്റ കനത്ത തോല്‍വിയുടെ ചവര്‍പ്പ് മാറ്റുന്നതായി ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടം. ബ്ലാസ്റ്റേഴ്സിൻ്റെ തുടർ ജയമാണിത്.

ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകളുടെ ലീഡ് നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചിരുന്നു. 42ാം മിനുട്ടില്‍ സഹല്‍ അബ്ദുസ്സമദിന്റെ അസിസ്റ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. തൊട്ടടുത്ത മിനുട്ടുകളില്‍ ഗോവയുടെ അന്‍വര്‍ അലിയുടെ ഫൗളില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളും നേടി.

ലൂണ നല്‍കിയ ബോള്‍ സഹല്‍ ബോക്‌സില്‍ വെച്ച് ക്രോസ് നല്‍കുകയും അന്‍വര്‍ അലി ബ്ലാസ്‌റ്റേഴ്‌സിന്റെ ദിമിത്രിയോസ് ദിയമന്റകോസിനെ ടാക്കിള്‍ ചെയ്യുകയായിരുന്നു. അലിക്ക് പന്ത് തൊടാന്‍ സാധിക്കാതെ വരികയും ദിമിത്രിയോസിനെ ഫൗള്‍ ചെയ്യുകയുമായിരുന്നു. അലിക്ക് മഞ്ഞക്കാര്‍ഡ് ലഭിക്കുകയും പെനാല്‍റ്റി വിധിയെഴുതുകയും ചെയ്തു. 51ാം മിനുട്ടില്‍ ദിമിത്രിയോസിന്റെ അസിസ്റ്റില്‍ ഇവാരന്‍ കലിയുഷ്‌നീ വെടിയുണ്ട സമാനമായ ഷോട്ടിലൂടെ മൂന്നാം ഗോളും നേടി. 30 യാർഡ് അകലെ നിന്നായിരുന്നു ആ ഷോട്ട്.

67ാം മിനുട്ടിലാണ് ഗോവയുടെ ഗോള്‍ പിറന്നത്. സെരിറ്റണ്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നോഹ് വെയ്ല്‍ സദൗയീ ആണ് ഗോളടിച്ചത്. ഇരുടീമുകളും തമ്മിലുള്ള ചില വാക്കേറ്റങ്ങള്‍ക്കും മൈതാനും സാക്ഷിയായി. 27ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍കോ ലെസ്‌കോവിച്ചിനും 50ാം മിനുട്ടില്‍ സൊറൈഷാം സന്ദീപ് സിംഗിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ജയത്തോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്കുയർന്നു.

Latest