Connect with us

International

ഗസ്സയില്‍ മരണം കാൽ ലക്ഷം കടന്നു; കുരുതി തുടർന്ന് ഇസ്റാഈൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ 178 ഫലസ്ഥീനികള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഗസ്സ | ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തി വരുന്ന അതിക്രൂരമായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25000 കടന്നു. 25,105 ഫലസ്ഥീനികള്‍ ഇത് വരെ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഒക്ടോബര്‍ ഏഴിന് ശേഷം 62681 പേര്‍ക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേ സമയം ഗസ്സക്ക് നേരെയുള്ള കുരുതി ഇസ്‌റാഈല്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 178 ഫലസ്ഥീനികള്‍ കൊല്ലപ്പെടുകയും 293 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷണത്തിന്റെയും ശുദ്ധ ജലത്തിന്റെയും മരുന്നിന്റെയും രൂക്ഷമായ ക്ഷാമത്തിനിടെ ഗസ്സയിലെ ജനസംഖ്യയുടെ 85 ശതമാനവും കുടിയിറക്കപ്പെട്ടു.

ഇതിനിടെ തെക്കന്‍ ഗസ്സ മുനമ്പില്‍ നടന്ന ഏറ്റുമുട്ടലില്‍ മറ്റൊരു സൈനിക ഉദ്യോഗസ്ഥന്‍ കൂടി കൊല്ലുപ്പെട്ടതായി ഇസ്‌റാഈല്‍ സൈന്യം പറയുന്നു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായും ഇസ്‌റാഈല്‍ വ്യക്തമാക്കി. ഒക്ടോബര്‍ 7 ന് ശേഷം 531 ഇസ്‌റാഈല്‍ സൈനികരാണ് കൊല്ലപ്പെട്ടത്.

അതേസമയം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വതന്ത്ര ഫലസ്ഥീന്‍ രാഷ്ട്രത്തോടുള്ള എതിര്‍പ്പ് വീണ്ടും ആവര്‍ത്തിച്ചു. തന്റെ രാജ്യത്തിന് ഫലസ്ഥീന്‍ പ്രദേശങ്ങളില്‍ പൂര്‍ണ സുരക്ഷാ നിയന്ത്രണം ആവശ്യമാണെന്നും നെതന്യാഹു എക്‌സില്‍ കുറിച്ചു.

Latest