Connect with us

Aksharam Education

പരിശ്രമിച്ചാൽ ബുദ്ധികൂട്ടാം

Published

|

Last Updated

ബുദ്ധിശക്തിയെക്കുറിച്ചുള്ള ആധുനിക പഠനങ്ങൾ ശാസ്ത്രപഠനത്തിൽ ഏറെ പ്രസക്തമാണ്. ബുദ്ധി എന്നാൽ ജന്മനാ ഉള്ളതും മാറ്റം വരാതെ നിലനിൽക്കുന്നതുമാണെന്ന സങ്കൽപമാണ് പരമ്പരാഗത ബോധനരീതിയിലുള്ളത്. അതുകൊണ്ടുതന്നെ ചില കുട്ടികൾക്ക് യുക്തിചിന്ത, ഗണിതക്രിയകൾ ചെയ്യാനുള്ള കഴിവ് വിശകലനശേഷി ഇവ കുറവായിരിക്കുമെന്നും അവർ ശാസ്ത്ര പഠനത്തിൽ പിന്നോക്കമായിരിക്കുമെന്നും ഒരു ധാരണ നിലവിലുണ്ട്.
എന്നാൽ അനുകൂല അവസരങ്ങൾ ലഭിച്ചാൽ കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിലൂടെയും ബുദ്ധി ശക്തി വർധിപ്പിക്കാനാവുമെന്നാണ് ആധുനിക സിദ്ധാന്തം. ഹോവാർഡ് ഗാർഗ്നറുടെ സിദ്ധാന്തമനുസരിച്ച് മനുഷ്യബുദ്ധിക്ക് വ്യത്യസ്ത ഘടകങ്ങൾ അഥവാ ബഹുമുഖങ്ങൾ ഉണ്ട്. ഒരേ അളവിലല്ലെങ്കിലും എല്ലാ മനുഷ്യരിലും ഈ ഘടകങ്ങളെല്ലാമുണ്ട്. ചിലരിൽ ചില ഘടകങ്ങൾ കൂടുതൽ പ്രബലമായിരിക്കുമെന്നുമാത്രം.

ബുദ്ധിയുടെ പ്രധാന ഘടകങ്ങൾ

ഭാഷാ ബുദ്ധി (Verball /linguistic intelligence)
എഴുതാനും വായിക്കാനും ഭാഷാപരമായ സൃഷ്ടികൾ നടത്തുന്നതിനും നന്നായി പ്രഭാഷണം നടത്തുന്നതിനും ഫലപ്രദമായി ആശയവിനിമയം ചെയ്യുവാനുമുള്ള കഴിവ് ഈ വിഭാഗത്തിൽ പെടുന്നു. മറ്റുള്ളവരെ പഠിപ്പിക്കുക, റിപോർട്ട് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഈ ബുദ്ധി വികസിപ്പിക്കാനാവും.

ഗണിത ബുദ്ധി (logical/mathematical intelligence)
കാര്യകാരണ ബന്ധത്തോടെ യുക്തിപൂർവം ചിന്തിക്കുക, പാറ്റേണുകളും ബന്ധങ്ങളും കണ്ടെത്തുക തുടങ്ങിയ കഴിവുകൾ ഈ വിഭാഗത്തിൽ പെടുന്നു. പരസ്പരബന്ധം കണ്ടെത്തൽ, കാര്യങ്ങൾ ക്രമമായി വിശദീകരിക്കൽ, ഗണിതക്രിയകൾ തുടങ്ങിയ കാര്യങ്ങളിലൂടെ ഈ ബുദ്ധിഘടകങ്ങൾ വികസിക്കുന്നു.

ദർശന സ്ഥല സംബന്ധ ബുദ്ധി (visual special intelligence)
മാതൃകകളും മറ്റും രൂപകൽപന ചെയ്യാനും ഭാവനയിലുള്ള ആശയം പ്രയോഗത്തിൽ കൊണ്ടുവരാനും ഇത്തരക്കാർക്ക് കഴിയും. ദാർശനികർ, ഡിസൈനേഴ്‌സ്, ശിൽപികൾ എന്നിവർക്ക് ഈ ഘടകം പ്രബലമായിരിക്കും. കളിമണ്ണ്, പൾപ്പ് എന്നിവ ഉപയോഗിച്ചുള്ള മോഡലിംഗ്, കലാസാമഗ്രികൾ നിർമിക്കൽ, ശിൽപ നിർമാണം, ചിത്രീകരണം നടത്തൽ എന്നിവ ഈ ഘടകത്തിന്റെ വികാസത്തിന് സഹായിക്കുന്നു.

ശരീരചലന ബുദ്ധി (Bodykinesthetic intelligence)
ശരീരഭാഗങ്ങൾ വേണ്ടവിധം ചലിപ്പിക്കാനുള്ള കഴിവാണിത്. വ്യത്യസ്ത ഭാവങ്ങൾ ശരീരചലനത്തിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്ന നർത്തകർ, അഭിനേതാവ്, സ്പോർട്സ് വിദഗ്ധർ തുടങ്ങിയവർ ഈ വിഭാഗത്തിൽ പെടുന്നു. നൃത്തപരിശീലനം, എയ്‌റോബിക്സ്, സ്‌പോർട്‌സ് പഠനവുമായി ബന്ധപ്പെട്ട കളികൾ തുടങ്ങിയവ ഈ ബുദ്ധിതലത്തിന്റെ വികാസത്തിന് സഹായകമാണ്.

സംഗീത ബുദ്ധി (Musical intelligence)
സംഗീതത്തിന്റെ വിവിധ ഘടകങ്ങൾ തിരിച്ചറിയാനുള്ള കഴിവുള്ളവർ, സംഗീതജ്ഞർ, സംഗീതാസ്വാദകർ, മൂളിപ്പാട്ട് പാടുന്നവർ എന്നിവരിൽ കൂടുതൽ വികാസം പ്രാപിച്ച ബുദ്ധി ഘടകമാണ്. സംഗീത ഉപകരണങ്ങൾ ഉപയോഗിക്കൽ, ഗായകരുടെ പാട്ടിനൊത്ത് പാടൽ, നിശബ്ദമായിരുന്ന് താളക്രമം ശ്രദ്ധിക്കൽ തുടങ്ങിയവയിലൂടെ ഈ ബുദ്ധി ഘടകം വികസിക്കുന്നു.
പാരസ്പര്യ ബുദ്ധി (Interpersonal intelligence)ഈ ബുദ്ധിഘടകം കൂടുതൽ വികസിച്ചിട്ടുള്ളവർ നേതൃത്വ ഗുണം പ്രകടിപ്പിക്കുകയും മറ്റുള്ളവരുമായി മെച്ചപ്പെട്ടരീതിയിൽ ഇടപഴകുകയും ചെയ്യുന്നു. മറ്റുള്ളവരുടെ വിചാരങ്ങൾ മനസ്സിലാക്കാനും ഒത്തുതീർപ്പ് ചർച്ച പോലുള്ള കാര്യങ്ങൾ വിജയകരമായി നടത്താനും ഇവർക്ക് കഴിയും.

സ്വത്വ ബുദ്ധി (Intrapersonal intelligence)

തന്നെത്തന്നെ അറിയാനുള്ള കഴിവാണിത്. സ്വന്തം കഴിവും കഴിവുകേടും തിരിച്ചറിയാനും ആത്മപരിശോധന നടത്താനും ഇവർക്ക് കഴിയും. സത്യസന്ധവും വിശകലനാത്മകവുമായ ഡയറിയെഴുത്ത്, മറ്റുള്ളവരുടെ ആശയങ്ങളും പ്രവർത്തനങ്ങളും സൃഷ്ടിപരമായി വിലയിരുത്തൽ, അസൈൻമെന്റുകൾ തയ്യാറാക്കൽ തുടങ്ങിയവയിലൂടെ ഈ ബുദ്ധിഘടകം വികസിപ്പിക്കും.

പ്രകൃതിപരമായ ബുദ്ധി (Naturalistic intelligence)
പ്രകൃതിയിലെ സസ്യജന്തുജാലങ്ങളിലുള്ള അതീവ താത്പര്യം, സഹജീവി സ്നേഹം, ആത്മീയ പ്രാകൃതിക ഘടകങ്ങളിലും പ്രതിഭാസങ്ങളിലും ഉള്ള താൽപര്യം എന്നിവ ഇവരുടെ പ്രത്യേകതകളാണ്. പ്രകൃതി നിരീക്ഷണം, പ്രകൃതി ഭംഗി ആസ്വദിക്കൽ എന്നിവ ഈ ബുദ്ധിഘടകം വികസിപ്പിക്കും.

ഷാക്കിർ തോട്ടിക്കൽ

Latest