Kerala
കോണ്‍ഗ്രസ്സിനു സ്ഥാനാര്‍ഥിയെ കിട്ടിയില്ലെങ്കില്‍ സി പി എമ്മിനെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല: കെ കെ രാഗേഷ്
മുകളില്‍ കുറച്ച് ആളുകളെവെച്ച് വാട്‌സാപ്പും റീല്‍സും ഉണ്ടാക്കിയാല്‍ രാഷ്ട്രീയപ്രവര്‍ത്തനമാകില്ല
കണ്ണൂര്‍ | തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളില്ലെങ്കില്‍ അതില്‍ സി പി എമ്മിനെ പഴിചാരിയിട്ട് കാര്യമില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മലപ്പട്ടത്തും ആന്തൂരിലും കണ്ണപുരത്തും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളില്ലാത്തത് സി പി എമ്മിന്റൈ ഭീഷണി മൂലമാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തെ രാഗേഷ് തള്ളിക്കളഞ്ഞു.
സ്ഥാനാര്‍ഥിയാകാനും നാമനിര്‍ദേശം നല്‍കാനും ആളുകളെ കിട്ടാത്തതാണ് യാഥാര്‍ഥ്യമെന്ന് കോണ്‍ഗ്രസ് തുറന്നുപറയുകയാണ് വേണ്ടത്. മലപ്പട്ടത്ത് സ്ഥാനാര്‍ഥിയുടെ എല്ലാ ഒപ്പുകളും വ്യത്യസ്തമായിരുന്നു. കണ്ണപുരത്ത് സ്ഥാനാര്‍ഥിയുടെ പ്രതിജ്ഞ വ്യവസ്ഥയ്ക്ക് വിരുദ്ധമായി വാട്‌സാപ്പിലൂടെ അയച്ചുകൊടുക്കുകയാണ് ചെയ്തത്. ആന്തൂരില്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെട്ട സ്ഥാനാര്‍ഥിതന്നെ അത് നിഷേധിച്ചു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന്റെ നടപടികള്‍ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പഠിപ്പിച്ചുകൊടുക്കണമെന്നും രാഗേഷ് പറഞ്ഞു.
ഏതാണ്ട് കോണ്‍ഗ്രസാണെന്ന് തോന്നുന്നവരുടെ വ്യാജ ഒപ്പിട്ട് പത്രിക നല്‍കുകയാണ് അവര്‍ ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാല്‍ ഭീഷണിയെന്ന് പറയും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സി പി എം ഭീഷണിപ്പെടുത്തിയെന്നാണ് ഡി സി സി പ്രസിഡന്റ് ആരോപിക്കുന്നത്. സി പി എം ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്ന് പറയേണ്ടത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണെന്നും രാഗേഷ് പറഞ്ഞു.
മുകളില്‍ കുറച്ച് ആളുകളെവെച്ച് വാട്‌സാപ്പും റീല്‍സും ഉണ്ടാക്കിയാല്‍ രാഷ്ട്രീയപ്രവര്‍ത്തനമാകില്ല. ബാലിശമായി സംസാരിക്കാതെ പ്രവര്‍ത്തകരെയുണ്ടാക്കുകയാണ് വി ഡി സതീശന്‍ ചെയ്യേണ്ടത്. ജനങ്ങളുടെ ഓരോ പ്രശ്നത്തിലും ഇടപെട്ട് ജനസേവകരായാണ് സി പി എം പ്രവര്‍ത്തിക്കുന്നത്. അവരെ റീലുകളില്‍ കാണാനാകില്ലെന്നും രാഗേഷ് പറഞ്ഞു.




