Connect with us

From the print

ബി ജെ പി വീണാല്‍...വിപണി മുന്നറിയിപ്പുമായി യു ബി എസ്

ആദ്യ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പുള്ള അവസ്ഥയിലേക്ക് നിഫ്റ്റി എത്തുമെന്നാണ് യു ബി എസിന്റെ മുന്നറിയിപ്പ്.

Published

|

Last Updated

സൂറിച്ച് | ബി ജെ പിക്ക് അധികാരത്തുടര്‍ച്ച നഷ്ടമായാല്‍ സംഭവിക്കാവുന്ന ഏറ്റവും മോശം സാഹചര്യത്തെ കുറിച്ചുള്ള മുന്നറിയിപ്പുമായി ഗ്ലോബല്‍ ബ്രോക്കറേജ് സ്ഥാപനമായ യു ബി എസ്. ആദ്യ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പുള്ള അവസ്ഥയിലേക്ക് നിഫ്റ്റി എത്തുമെന്നാണ് യു ബി എസിന്റെ മുന്നറിയിപ്പ്. ഭരണത്തുടര്‍ച്ച ഉണ്ടായില്ലെങ്കില്‍ നയപരമായ കാര്യങ്ങളില്‍ സ്തംഭനം ഉണ്ടായേക്കാമെന്ന ആശങ്കയാണ് ഈ സ്ഥിതിയിലേക്ക് നയിക്കുക. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ സ്വാധീനിക്കും. അതുവഴി, എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പത്തെ അവസ്ഥയില്‍ ഇക്വിറ്റി മൂല്യം ഇടിഞ്ഞേക്കാം.

നാല് സാഹചര്യങ്ങള്‍
ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോഴുള്ള നാല് സാഹചര്യങ്ങളാണ് യു ബി എസ് പ്രവചിക്കുന്നത്. ബി ജെ പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ വിപണിക്ക് ആത്മവിശ്വാസം കൂടും. ഇപ്പോഴത്തെ നയങ്ങള്‍ക്കെല്ലാം തുടര്‍ച്ചയുറപ്പാകും എന്നതാണ് അതിനുള്ള കാരണം. ഓഹരി വിറ്റഴിക്കല്‍, ഏക സിവില്‍ കോഡ് തുടങ്ങിയ കാര്യങ്ങളില്‍ തുടര്‍ച്ചയുണ്ടാകുന്നത് വിപണിയില്‍ അനുകൂല വികാരമുണ്ടാക്കുമെന്ന് യു ബി എസ് വിലയിരുത്തുന്നു.

രണ്ടാമത്തെ സാഹചര്യം, ബി ജെ പിക്ക് തനിച്ച് ഭൂരിപക്ഷം നേടാനാകാതെ പോയാലുള്ളതാണ്. ബി ജെ പി 272 സീറ്റിന് മുകളില്‍ നേടാതെ വന്നാല്‍ വിശ്വാസം അല്‍പ്പം നഷ്ടമാകുമെങ്കിലും നയസ്ഥിരതയുണ്ടാകുമെന്നാണ് വിപണി കരുതുക. അത് വലിയ ചലനങ്ങളിലേക്ക് വിപണിയെ നയിക്കില്ല.

മൂന്നാമത്തേത് എന്‍ ഡി എക്ക് ഭൂരിപക്ഷമില്ലാതെ തൂക്കുമന്തിസഭ വന്നാലുള്ള സ്ഥിതിയാണ്. ഇത് രാഷ്ട്രിയ പാര്‍ട്ടികള്‍ക്കിടയില്‍ വലിയ നീക്കുപോക്കുകള്‍ക്ക് വഴിവെക്കുകയും തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനമില്ലാത്ത സര്‍ക്കാറിന് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടാകുകയും ചെയ്യും. ഇത് വിപണിയെ പ്രതികൂലമായി ബാധിക്കും.

നാലാമത്തെ സാധ്യത പ്രതിപക്ഷത്തെ ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാലുള്ളതാണ്. ഇത് നിലവിലുള്ള പല നയങ്ങളിലും പെട്ടെന്നുള്ള മാറ്റത്തിന് വഴി തെളിക്കുമെന്നതിനാല്‍ വിപണിയില്‍ വലിയ അനിശ്ചതത്വമുണ്ടാക്കുമെന്നാണ് യു ബി എസിന്റെ വിലയിരുത്തല്‍.

 

Latest