Uae
പോലീസ് ഉച്ചകോടിയിൽ ഹൈദരാബാദ് പോലീസിന് അവാർഡ്
ഫുജൈറ പോലീസിലെ ലെഫ്റ്റനന്റ്കേണൽ ഡോ. മറിയം ദർവീശ് അൽ ഹാശിമി' ഏറ്റവും പ്രചോദനാത്മക വനിതാ ഓഫീസർ' ആയി തിരഞ്ഞെടുക്കപ്പെട്ടു.

ദുബൈ | ലോക പോലീസ് ഉച്ചകോടിയിൽ ഇന്ത്യയിലെ ഹൈദരാബാദ് പോലീസ് “മയക്കുമരുന്ന് വിരുദ്ധ മികവ്’ അവാർഡ് നേടി. ഇന്ത്യ, പാകിസ്ഥാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ നിയമ നിർവഹണ ഏജൻസികളാണ് ഉച്ചകോടിയുടെ സമാപനത്തിൽ ആദരിക്കപ്പെട്ടത്.
പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ്ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ 12 വിഭാഗങ്ങളിലെ വിജയികളെ ആദരിച്ചു.പാകിസ്ഥാനിലെ സർഗോധ സിറ്റി പോലീസ് സ്റ്റേഷന് “ക്രിമിനൽ അന്വേഷണത്തിലെ മികവ്’ അവാർഡ് ലഭിച്ചു.
900-ലധികം എൻട്രികളാണ് ഇത്തവണത്തെ അവാർഡിന് ലഭിച്ചത്.
ഫുജൈറ പോലീസിലെ ലെഫ്റ്റനന്റ്കേണൽ ഡോ. മറിയം ദർവീശ് അൽ ഹാശിമി’ ഏറ്റവും പ്രചോദനാത്മക വനിതാ ഓഫീസർ’ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഹോങ്കോംഗ് പോലീസിന്റെ രക്ഷാപ്രവർത്തന പദ്ധതി, ഇറ്റലിയിലെ പോസ്റ്റൽ പോലീസിന്റെ “ഹാക്കർ ട്രാക്കിംഗ് പ്രോജക്റ്റ്’, മെക്‌സിക്കോയിലെ ചിഹുവാഹുവ സ്റ്റേറ്റിന്റെ “സെന്റിനേല സെക്യൂരിറ്റി’ പ്ലാറ്റ്‌ഫോം എന്നിവയും അവാർഡുകൾ നേടി.
എത്യോപ്യൻ ഫെഡറൽ പോലീസിന്റെ “സിറ്റിസൺ എൻഗേജ്‌മെന്റ‌്’ ആപ്പ് മികച്ച പോലീസ് ആപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്റർനാഷണൽ എ ഐ ചലഞ്ച് വിജയിയായ അബ്ദുർറഹ്‌മാൻ അൽ മർസൂഖിയും ചടങ്ങിൽ ആദരിക്കപ്പെട്ടു.സുരക്ഷാ മേഖലയിൽ പോലീസ് പ്രൊഫഷണലുകളുടെയും ഏജൻസികളുടെയും സമർപ്പണത്തെ അൽ മർറി പ്രശംസിച്ചു.