Kerala
കോഴിക്കോട് സ്റ്റാന്‍ഡിനകത്ത് തീ ആളിപ്പടരുന്നു; ഒന്നര മണിക്കൂർ പിന്നിട്ടിട്ടും നിയന്ത്രണ വിധേയമായില്ല, റോഡ് അടച്ച് സുരക്ഷ
കെട്ടിടത്തിൻ്റെ മൂന്ന് നിലയിലും തീ പൂർണമായും പടർന്നു

കോഴിക്കോട് | കോഴിക്കോട് മാവൂര്‍ റോഡിലെ പുതിയ സ്റ്റാന്‍ഡിൽ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം അണക്കാനായില്ല. കൂടുതല്‍ യൂനിറ്റുകളിലെ അഗ്നിശമനസേനയെത്തി തീയണക്കാന്‍ ഊര്‍ജിത ശ്രമം തുടരുകയാണ്. ഒന്നര മണിക്കൂറിലേറെയായി കെട്ടിടം കത്തിക്കൊണ്ടിരിക്കുകയാണ്. സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലകിസിലാണ് തീപ്പിടിത്തമുണ്ടായത്. ആദ്യം രണ്ടാം നിലയിലാണ് തീ പിടിച്ചത്. നിലവിൽ മൂന്ന് നിലയിലും പൂർണമായും തീ പടർന്നു.
വൈകിട്ട് അഞ്ചോടെ ആരംഭിച്ച തീപ്പിടിത്തം കൂടുതല്‍ ശക്തമായത് ആശങ്കയുളവാക്കുന്നുണ്ട്. കാലിക്കറ്റ് ടെക്‌സറ്റൈല്‍സ് എന്ന തുണിക്കട പൂര്‍ണമായും കത്തിനശിച്ചു. സമീപത്തേക്ക് തീ പടര്‍ന്നുകഴിഞ്ഞു. ബസ് സ്റ്റാൻഡിന് പുറത്തുള്ള റോഡ് ഉൾപ്പെടെ അടച്ച് സുരക്ഷയേർപ്പെടുത്തി. സ്ഥലത്തെ വൈദ്യുതി ബന്ധവും വിഛേദിച്ചു.
ബസ് സ്റ്റാന്‍ഡിനകത്തുള്ളവരെ മുഴുവന്‍ പുറത്താക്കി. കെട്ടിടത്തിലുള്ളവരെയെല്ലാം നേരത്തേ ഒഴിപ്പിച്ചതിനാല്‍ ആളപായം ഇല്ലാതാക്കാനായി.