Kerala
വേടന്‍ പങ്കെടുത്ത പാലക്കാട്ടെ പരിപാടിയില്‍ തിക്കും തിരക്കും; 15 പേര്‍ക്ക് പരുക്ക്
പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാന്‍ സജ്ജീകരണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.

പാലക്കാട് | റാപ്പറും ഗാനരചയിതാവുമായ വേടന്‍ പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് പരുക്ക്. ചെറിയ കോട്ടമൈതാനത്ത് നടന്ന പരിപാടിയില്‍ പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാന്‍ സജ്ജീകരണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രണാധീനമായതോടെ പോലീസ് ലാത്തി വീശി. തിരക്കിനിടെ ചിലര്‍ കുഴഞ്ഞുവീണു. പരുക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പട്ടികജാതി പട്ടികവര്‍ഗ സംസ്ഥാന തല സംഗമത്തിനിടെയായിരുന്നു സംഭവം. സംസ്ഥാന സര്‍ക്കാര്‍ നിരവധി സഹായങ്ങള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ചെയ്തിട്ടുണ്ടെന്ന് സംഗമത്തില്‍ പങ്കെടുത്ത് ഹിരണ്‍ദാസ് മുരളി എന്ന വേടന്‍ പറഞ്ഞു. സംഗമത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും വേടന്‍ വ്യക്തമാക്കി.
വേടനെ ഹസ്തദാനം നല്‍കിയാണ് മുഖ്യമന്ത്രി വേദിയില്‍ എത്തിയത്. വേടനും നഞ്ചിയമ്മയും ഉള്‍പ്പെടെ 1200 പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. മൂന്നാം വട്ടമാണ് വേടന്‍ പാലക്കാട്ടേക്ക് എത്തുന്നത്. അതിനാല്‍ ‘മൂന്നാംവരവ് 3.0’ എന്ന പേരിലായിരുന്നു സംഗീത പരിപാടി സംഘടിപ്പിച്ചത്.