Kerala
മൂരാട് കാര്‍ അപകടം; മരണ സംഖ്യ അഞ്ചായി
ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് | വടകര മൂരാട് പാലത്തിന് സമീപം കാറില്‍ ട്രാവലര്‍ വാനിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു. ഇതോടെ മരണ സംഖ്യ അഞ്ചായി. കോഴിക്കോട് മെഡി. കോളജില്‍ ചികിത്സയിലായിരുന്ന ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയില്‍ സത്യന്‍ ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.15നായിരുന്നു വാഹനാപകടമുണ്ടായത്. നാല് പേര്‍ അന്ന് തന്നെ മരിച്ചു. മാഹിയില്‍ നിന്ന് വിവാഹം കഴിഞ്ഞ് കോഴിക്കോട് കോവൂരിലെ വരന്റെ വീട്ടിലേക്ക് വധുവിനെ സന്ദര്‍ശിക്കാന്‍ പോയ ആറംഗ സംഘമായിരുന്നു അപകടത്തില്‍പ്പെട്ടത്. പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, മാഹി സ്വദേശി ഷിഗിന്‍ലാല്‍, കുഞ്ഞിപ്പള്ളി സ്വദേശി രഞ്ജു എന്നിവരാണ് നേരത്തേ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ചോറോട് കൊളക്കോട്ട് കണ്ടിയില്‍ ചന്ദ്രി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു കുട്ടി ഉള്‍പ്പെടെ അറ് യാത്രക്കാരായിരുന്നു കാറിലുണ്ടായിരുന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന എര്‍ട്ടിക കാറും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രാവലര്‍ വാനുമായിരുന്നു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണായി തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.