National
അവിഹിത ബന്ധം സംശയിച്ച് കലഹം; ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു
ഡി സി സി ബി ബാങ്ക് അസിസ്റ്റന്റ് മാനേജരായ ഹൈദരാബാദ് അമീന്‍പുര്‍ സ്വദേശി കൃഷ്ണവേണിയാണ് (37) കൊല്ലപ്പെട്ടത്
ഹൈദരാബാദ് | പരസ്പരം അവിഹിത ബന്ധം സംശയിച്ച ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് അമീന്‍പുര്‍ സ്വദേശി കൃഷ്ണവേണിയാണ് (37) കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവ് ബ്രഹ്മയ്യയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.
റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് ബ്രഹ്മയ്യ. ഭാര്യ കൃഷ്ണവേണി ഡി സി സി ബി ബാങ്ക് അസിസ്റ്റന്റ് മാനേജരാണ്. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ഭര്‍ത്താവും ഭര്‍ത്താവിന് രഹസ്യ ബന്ധമുണ്ടെന്ന് ഭാര്യയും സംശയിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരും തമ്മില്‍ ഇതു സംബന്ധിച്ച് തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരവും രണ്ട് പേരും വഴക്കിട്ടു. പിന്നാലെയാണ് വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നതെന്ന് പോലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മകനും മകളുമുണ്ട്.

