National
പഞ്ചാബിലെ തരണ്‍ തരണില്‍ വന്‍ ലഹരിമരുന്ന് വേട്ട; പിടിച്ചത് 85 കിലോ ഹെറോയിന്‍
വാഷിങ് മെഷിനില്‍ ഒളിപ്പിച്ചാണ് ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിയില്‍ 200 കോടി രൂപ വിലമതിക്കും.

ചണ്ഡീഗഢ് | പഞ്ചാബില്‍ വന്‍ ലഹരിമരുന്ന് വേട്ട. 85 കിലോ ഹെറോയിന്‍ തരണ്‍ തരണ്‍ മേഖലയില്‍ നിന്ന് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അമര്‍ജോത് സിങ് എന്നയാളാണ് അറസ്റ്റിലായത്.
വാഷിങ് മെഷിനില്‍ ഒളിപ്പിച്ചാണ് ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിയില്‍ 200 കോടി രൂപ വിലമതിക്കും. യു കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലല്ലി എന്നയാളാണ് ഹെറോയിന്‍ കള്ളക്കടത്തിന്റെ സൂത്രധാരന്‍ എന്ന് അറിവായിട്ടുണ്ട്. ഹെറോയിന്‍ കപ്പല്‍ വഴി അതിര്‍ത്തി കടത്തി പഞ്ചാബില്‍ വിതരണം ചെയ്യുന്ന ദൗത്യമാണ് അമര്‍ജോത് ചെയ്തിരുന്നത്. ഇയാളുടെ വീട്ടിലാണ് വ്യാപാരത്തിനുള്ള ലഹരി മരുന്ന് പ്രധാനമായും സൂക്ഷിച്ചിരുന്നത്.
സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ലഹരി മരുന്ന് കടത്തിന് പിന്നില്‍ കൂടുതല്‍ ശൃംഖലകളുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം നടന്നുവരികയാണെന്നും പഞ്ചാബ് ഡി ജി പി. ഗൗരവ് യാദവ് പറഞ്ഞു.