Kerala
റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; എന്‍ ആര്‍ മധുവിനെതിരെ പോലീസ് കേസെടുത്തു
സി പി എം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് കേസ്

കൊല്ലം | റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പോലീസ് കേസെടുത്തു. വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്.
സി പി എം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് കേസെടുത്തത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലെ പ്രസംഗത്തിനെതിരെ കലാപ ആഹ്വാനത്തിനുള്ള വകുപ്പ് ചുമത്തിയിട്ടുണ്ട്. വളര്‍ന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണ് വേടെന്റെ പാട്ടെന്നും വേടനു പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ആള് കൂടാന്‍ വേടന്റെ പാട്ട് വെക്കുന്നവര്‍ നാളെ അമ്പല പറമ്പില്‍ ക്യാബറെ ഡാന്‍സും വെക്കുമെന്നും മധു പറഞ്ഞു. ആഹാരം തൃപ്തി തോന്നണമെങ്കില്‍ ഇപ്പോള്‍ അറേബ്യന്‍ ഫുഡ് കഴിക്കണമെന്നായിരുന്നു പ്രസംഗത്തില്‍ പറഞ്ഞ മറ്റൊരു കാര്യം.
വൈകീട്ട് കേരളത്തിലെ കവലകളിലൂടെ സഞ്ചരിച്ചാല്‍ ശ്മശാനത്തിലൂടെ പോകുന്നതിനു തുല്യമാണെന്നും. കരിഞ്ഞ മാംസത്തിന്റെ ഗന്ധമാണ് നമ്മുടെ തെരുവുകളിലെന്നും ആക്ഷേപിച്ചിരുന്നു. ഷവര്‍മ എന്നാല്‍ ശവ വര്‍മയാണെന്നും ഷവര്‍മ കഴിച്ച് മരിച്ചവരെല്ലാം വര്‍മ്മമാരാണെന്നും ഷവര്‍മ കഴിച്ച് മരിച്ചവരില്‍ ആയിഷയും മുഹമ്മദും തോമസും ഇല്ലെന്നും പറഞ്ഞിരുന്നു.