Ongoing News
ഖത്തറും അമേരിക്കയും തമ്മില്‍ വന്‍ ബോയിങ്ങ് കരാറില്‍ ഒപ്പു വച്ചു
ബോയിങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ് വിമാന ഓര്‍ഡറാണിതെന്ന് ട്രംപ്

ദോഹ | അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഖത്തര്‍ പ്രസിഡന്റ് ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചക്ക് ശേഷം ഖത്തറും അമേരിക്കയും തമ്മില്‍ വന്‍ വിമാന ഇടപാടിനു കരാര്‍ ഒപ്പിട്ടു. രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചക്കൊടുവിലാണ് ഇരു രാജ്യങ്ങളും ബോയിങ്ങ് കരാറില്‍ ഒപ്പു വച്ചത്.
ബോയിങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ് വിമാന ഓര്‍ഡറാണിതെന്ന് ട്രംപ് പറഞ്ഞു. 200 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 17 ലക്ഷം കോടി രൂപ) കരാറാണ് ഒപ്പു വച്ചിരിക്കുന്നത്. ഇതു വഴി അമേരിക്കയുടെ 160 ബോയിങ് വിമാനങ്ങളാണ് ഖത്തര്‍ സ്വന്തമാക്കുക. അമേരിക്കന്‍ വ്യോമയാന കമ്പനിയായ ബോയിങും ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സുമാണ് കരാറില്‍ പങ്കാളികളാകുന്നത്. ബോയിങ് സി ഇ ഒ കെല്ലി ഒട്‌ബെര്‍ഗും ഖത്തര്‍ എയര്‍വേയ്‌സ് സി ഇ ഒ ബദര്‍ മുഹമ്മദ് അല്‍ മീറും ട്രംപിന്റെയും ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയുടെയും സാനിധ്യത്തിലാണ് കരാറുകളില്‍ ഒപ്പു വച്ചത്.
ബോയിങ് വിമാനങ്ങളുടെ ഏതൊക്കെ മോഡലുകളാണ് കരാറിന്റെ ഭാഗമാകുന്നതെന്നതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളും വിമാനങ്ങളുടെ വിലയും രഹസ്യമായി തുടരുകയാണ്. ബോയിങ് തങ്ങളുടെ ഏറ്റവും വില കൂടിയ ജെറ്റ് 777 ന്റെ വില പുറത്തു വിട്ടിരുന്നു. ഇതനുസരിച്ച് ഈ മോഡലിന്റെ 160 എണ്ണത്തിന് 70 ബില്യണ്‍ ഡോളര്‍ വില വരുമെന്നാണ് കണക്ക്. എന്നാല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് സാധാരണയായി വലിയ കിഴിവുകള്‍ നല്‍കി വരാറുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.