Connect with us

Kerala

കുതിരയുമായി കുതിച്ച് റെക്കോര്‍ഡ്; രാജ്യത്തിനു തന്നെ അഭിമാനമായി മലപ്പുറം തിരൂര്‍ സ്വദേശി അന്‍ജും ചേലാട്ട്

എഫ് ഇ ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭാഗം മത്സരം വിജയകരമായി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. നേട്ടം 40 രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച 118 കുതിരയോട്ടക്കാരോടു മത്സരിച്ച്.

Published

|

Last Updated

കൊച്ചി | ആഗോള ദീര്‍ഘദൂര കുതിരയോട്ട ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി മലപ്പുറം തിരൂര്‍ സ്വദേശി അന്‍ജും ചേലാട്ട്. എഫ് ഇ ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭാഗം മത്സരം വിജയകരമായി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കുകയാണ് ഈ 22കാരി. ഈ വിഭാഗത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ ലോകത്തിലെ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയും അന്‍ജും സ്വന്തമാക്കി. ഒന്നില്‍ കൂടുതല്‍ തവണ 160 കിലോമീറ്റര്‍ കുതിരയോട്ടം പൂര്‍ത്തിയാക്കി ത്രീ സ്റ്റാര്‍ റൈഡര്‍ എന്ന പദവി നേടുന്ന ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ് നിദ.

ഫ്രാന്‍സിലെ മോണ്‍പാസിയറിലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. 40 രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച 118 കുതിരയോട്ടക്കാരോടു മത്സരിച്ചാണ് ഇന്ത്യയുടെ കുതിരയോട്ട മത്സര ചരിത്രത്തിലെ റെക്കോര്‍ഡ് നിദ സ്വന്തം പേരില്‍ കുറിച്ചത്.

ഇന്റര്‍നാഷണല്‍ എക്യുസ്ട്രിയന്‍ ഫെഡറേഷനാണ് (എഫ് ഇ ഐ) മത്സരം സംഘടിപ്പിച്ചത്. യു എ ഇ, ബഹ്റൈന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായിരുന്നു നിദയുടെ എതിരാളികള്‍. നിദ ഉള്‍പ്പെടെ 45 പേര്‍ മാത്രമാണ് അവസാനം വരെ മത്സരത്തില്‍ പിടിച്ചുനിന്നത്.

12 വയസ്സുള്ള പെണ്‍കുതിര പെട്ര ഡെല്‍ റേയുടെ ചുമലിലേറിയാണ് നിദ മത്സരം പൂര്‍ത്തിയാക്കിയത്. വളരെ കഠിനതരമായ 160 കിലോമീറ്റര്‍ നീണ്ട പാത വെറും 10 മണിക്കൂര്‍ 23 മിനുട്ട് കൊണ്ടാണ് നിദ കീഴടക്കിയത്. 73 കുതിരയോട്ടക്കാര്‍ അയോഗ്യരായി പുറത്തായി.

ആദ്യഘട്ടത്തില്‍ 61-ാം സ്ഥാനത്തായിരുന്നു നിദ. രണ്ടാം ഘട്ടത്തില്‍ 56-ാം സ്ഥാനത്തേക്കും മൂന്നാം ഘട്ടത്തില്‍ 41-ാം സ്ഥാനത്തേക്കും മുന്നേറി. നാലാം ഘട്ടമെത്തിയപ്പോള്‍ നിദ 36-ാം സ്ഥാനത്തായിരുന്നു. അവിടെ നിന്ന് 27-ാം സ്ഥാനത്തെത്തി. അവസാന ലാപ്പില്‍ 17ാം സ്ഥാനമെന്ന റെക്കോര്‍ഡിലേക്ക് തന്റെ വിശ്വസ്തയായ പെട്ര ഡെല്‍ റേയെ നിദ ഓടിച്ചെത്തിച്ചു.

മലപ്പുറം സ്വദേശിയും റീജന്‍സി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന്റെയും മിന്നത് അന്‍വര്‍ അമീനിന്റെയും മകളാണ് നിദ. കുട്ടിക്കാലത്ത് മാാതപിതാക്കള്‍ക്കൊപ്പം ദുബൈയില്‍ എത്തിയതു മുതലാണ് നിദ കുതിരയോട്ടത്തില്‍ പരിശീലനം നേടിത്തുടങ്ങിയത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ അബൂദബി എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് സ്വാര്‍ഡ് പുരസ്‌കാരം സ്വന്തമാക്കി അന്താരാഷ്ട്ര മത്സരവേദിയില്‍ എത്തുകയും ചെയ്തു.

പ്രമുഖ കുതിരയോട്ടക്കാരനും പരിശീലകനും തന്റെ ഗുരുവുമായ അലി അല്‍ മുഹൈരിയാണ് നിദയെ ഈ രംഗത്തേക്ക് കടന്നുവരാന്‍ നിദക്ക് പ്രചോദനമായത്. തഖാത് സിങ് റാവോ ആണ് പേഴ്‌സണല്‍ ട്രെയിനര്‍. ഡോ. മുഹമ്മദ് ഷാഫിയാണ് വെറ്ററിനറി കണ്‍സല്‍ട്ടന്റ്. യു കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബിര്‍മിങ്ഹാമില്‍ നിന്നും സാമൂഹിക പ്രവര്‍ത്തനത്തില്‍ ബിരുദവും ദുബൈയിലെ റാഫിള്‍സ് വേള്‍ഡ് അക്കാദമിയില്‍ നിന്നും ഐ ബി ഡിപ്ലോമയും നേടിയ നിദ നിലവില്‍ സ്പെയിനില്‍ മാനേജ്മെന്റിലും ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിലും മാസ്റ്റേഴ്സ് ചെയ്യുകയാണ്.

Latest