DYFI
ഹിമഗ്നരാജ് ഭട്ടാചാര്യ ഡി വൈ എഫ് ഐ ജനറൽ സെക്രട്ടറി
കേരളത്തിൽ നിന്ന് 13 പേരെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

കൊൽക്കത്ത | ഹിമഗ്നരാജ് ഭട്ടാചാര്യയെ ഡി വൈ എഫ് ഐ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പ്രസിഡൻ്റായി എ എ റഹീം തുടരും. 77 അംഗ കേന്ദ്ര കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തിട്ടുണ്ട്. 18 പേരടങ്ങുന്നതാണ് പുതിയ കേന്ദ്ര സെക്രട്ടറിയേറ്റ്. കേരളത്തിൽ നിന്ന് 13 പേരെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
കൊൽക്കത്തയിൽ ചേർന്ന 11ാം അഖിലേന്ത്യാ സമ്മേളനത്തിലാണ് തീരുമാനങ്ങൾ. എ എ റഹീം, വി കെ സനോജ്, വി വസീഫ്, ആര്‍ എസ് അരുണ്‍ ബാബു, ജെയ്ക്ക് സി തോമസ്, ഗ്രീഷ്മ അജയഘോഷ്, ചിന്ത ജെറോം, എം വിജിന്‍, ഷിജൂഖാന്‍, ആര്‍ ശ്യാമ, എം ഷാജര്‍, ആര്‍ രാഹുല്‍, വി പി സാനു (എസ് എഫ് ഐ) എന്നിവരാണ് കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റിയംഗങ്ങൾ.
തൊഴിലില്ലായ്മയ്ക്കെതിരായ ശക്തമായ രാജ്യവ്യാപക പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ തീരുമാനമായതായി എ എ റഹീം പറഞ്ഞു. രാഷ്ട്രീയ, സാമൂഹ്യ പ്രസക്തമായ 31 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. അർബൻ എംപ്ലോയ്‌മെന്റ് ഗ്യാരന്റി ബിൽ എന്നപേരിൽ അഖിലേന്ത്യ സമ്മേളനം മുന്നോട്ട് വച്ച സ്വകാര്യബിൽ പാർലമെന്റിൽ അവതരിപ്പിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഒരു യുവജന സംഘടന ഇത്തരത്തിൽ സക്രിയമായ ഒരു ഇടപെടൽ തൊഴിലില്ലായ്മയ്ക്കെതിരായ പോരാട്ടത്തിൽ മുന്നോട്ട് വയ്ക്കുന്നത്. സമരങ്ങൾക്ക് ഇത്തരം ബദൽ ഇടപെടലുകൾ കരുത്ത് പകരും. ഈ സ്വകാര്യ ബില്ലാണ് കൽക്കത്ത സമ്മേളനത്തെ ചരിത്രപരമാക്കുന്നത്. വർഗീയതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്നും എ എ റഹീം പറഞ്ഞു.