National
പശ്ചിമ ബംഗാളിൽ കനത്ത മഴ, മണ്ണിടിച്ചിൽ: 17 പേർ മരിച്ചു; പാലം തകർന്നു
മണ്ണിടിച്ചിലിനെ തുടർന്ന് മിറിക്കിനെയും കുർസിയോംഗിനെയും ബന്ധിപ്പിക്കുന്ന ദുദിയ ഇരുമ്പ് പാലം തകർന്നു

ഡാർജിലിംഗ് | പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ ഉണ്ടായ കനത്ത മണ്ണിടിച്ചിലിൽ കുറഞ്ഞത് 17 പേർ മരിച്ചു. മിറിക്കിലാണ് ദുരന്തമുണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് മിറിക്കിനെയും കുർസിയോംഗിനെയും ബന്ധിപ്പിക്കുന്ന ദുദിയ ഇരുമ്പ് പാലം തകരുകയും ചെയ്തു.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ഡാർജിലിംഗ്, കലിംപോംഗ്, കൂച്ച് ബിഹാർ, ജൽപായ്ഗുരി, അലിപുർദുവാർ എന്നിവിടങ്ങളിൽ റെഡ് അലേർട്ട് തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐ എം ഡി.) അറിയിച്ചു.
കനത്ത മഴയെ തുടർന്ന് കുർസിയോംഗിന് സമീപമുള്ള ദേശീയപാത 110-ലെ ഹുസൈൻ ഖോലയിലും മണ്ണിടിച്ചിലുണ്ടായി. കൂടാതെ, പെഡോംഗിനും ഋഷികോലയ്ക്കും ഇടയിലുള്ള ദേശീയപാത 717-ഇ യിൽ മണ്ണിടിഞ്ഞ് സിലിഗുരിയെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ഗതാഗതം നിലച്ചു.
തിങ്കളാഴ്ച രാവിലെ വരെ ഡാർജിലിംഗിൻ്റെ അയൽ ജില്ലയായ അലിപുർദുവാറിൽ കനത്ത മഴ തുടരുമെന്ന് ഐ എം ഡി. അറിയിച്ചു.
ഒക്ടോബർ 5-ന് ഡാർജിലിംഗ്, ജൽപായ്ഗുരി, കലിംപോംഗ്, കൂച്ച് ബിഹാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടാണ് നിലവിലുള്ളത്. അലിപുർദുവാറിൽ റെഡ് അലേർട്ടും, നോർത്ത് ദിനാജ്പൂർ, സൗത്ത് ദിനാജ്പൂർ, മാൾഡ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകി വീഴാനും പോസ്റ്റുകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ മരങ്ങൾക്കടിയിലോ വൈദ്യുതി പോസ്റ്റുകൾക്ക് സമീപത്തോ ആളുകൾ അഭയം തേടരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.