Heavy rain
കനത്ത മഴ: നാളെ ആറ് ജില്ലകളിൽ മഞ്ഞ ജാഗ്രത
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി / മിന്നൽ / മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തിരുവനന്തപുരം | കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചു. നാളെ ആറ് ജില്ലകളിലാണ് മഞ്ഞ ജാഗ്രത.
നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് മഞ്ഞ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ തീരദേശ മേഖലയിലും ആന്ധ്രാ പ്രാദേശിന്റെ തെക്കൻ തീരദേശ മേഖലയിലും തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തുലാവർഷത്തിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട വടക്ക് കിഴക്കൻ കാറ്റിന്റെ ഫലമായി ഒക്ടോബർ 30 മുതൽ നവംബർ രണ്ട് വരെയുള്ള തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി/ മിന്നൽ/ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം, കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
---- facebook comment plugin here -----