Connect with us

Uae

ആരോഗ്യ സംരക്ഷണ നിക്ഷേപം; ഡി എച്ച് എക്ക് വിപുലമായ പദ്ധതി

2025 വരെ ദുബൈയിലെ ആരോഗ്യ സംരക്ഷണ നിക്ഷേപത്തിന്റെ പ്രധാന മേഖലകള്‍ വിശദമാക്കുന്ന ദുബൈ ഹെല്‍ത്ത് ഇന്‍വെസ്റ്റ്മെന്റ് ഗൈഡിന്റെ പുതിയ പതിപ്പ് പുറത്തിറക്കി.

Published

|

Last Updated

ദുബൈ | 2025 വരെ ദുബൈയിലെ ആരോഗ്യ സംരക്ഷണ നിക്ഷേപത്തിന്റെ പ്രധാന മേഖലകള്‍ വിശദമാക്കുന്ന ദുബൈ ഹെല്‍ത്ത് ഇന്‍വെസ്റ്റ്മെന്റ് ഗൈഡിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. ഡി എച്ച് എയുടെ ഹെല്‍ത്ത് ഇന്‍വെസ്റ്റ്മെന്റ് വിഭാഗമാണ് അറബ് ഹെല്‍ത്ത് എക്സിബിഷനിലും കോണ്‍ഗ്രസിലും ഇതിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചത്.

നിക്ഷേപകര്‍ക്ക് നിലവിലും ഭാവിയിലും ആവശ്യമായ വിവിധ ആരോഗ്യ സംരക്ഷണ സ്‌പെഷ്യാലിറ്റികളിലുടനീളമുള്ള നിക്ഷേപ അവസരങ്ങള്‍ മനസിലാക്കാനുള്ള ഗൈഡാണിത്. ആരോഗ്യ മേഖലയിലെ ഡിമാന്‍ഡ്, പ്രധാന പ്രേരകങ്ങള്‍, എങ്ങനെ നിക്ഷേപിക്കണം എന്നിവയെ കുറിച്ചുള്ള അവലോകനം ഇത് നല്‍കുന്നു.

താമസക്കാര്‍ക്കും മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കും എളുപ്പത്തില്‍ പ്രവേശനം നല്‍കുന്ന ചലനാത്മകവും നിക്ഷേപ സൗഹൃദവുമായ മേഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യമേഖല വിപുലീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുമെന്ന് ഡി എച്ച് എ ഡയറക്ടര്‍ ജനറല്‍ അവദ് സെഗായേര്‍ അല്‍ കെത്ബി പറഞ്ഞു.

2025 വരെയും അതിനു ശേഷവും നിക്ഷേപത്തിന്റെ പ്രധാന മുന്‍ഗണനാ മേഖലകളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ നല്‍കുമെന്നതും ലാഭകരമായ നിക്ഷേപം നടത്താനാകുമെന്നതുമാണ് ദുബൈ ഹെല്‍ത്ത് ഇന്‍വെസ്റ്റ്മെന്റ് ഗൈഡിന്റെ പ്രത്യേകതയെന്ന് അല്‍ കെത്ബി പറഞ്ഞു.

കൊവിഡ് കാലത്തും ആരോഗ്യ മേഖലയില്‍ സ്ഥിരമായുള്ള വിദേശ നിക്ഷേപം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021-ല്‍ സാമ്പത്തിക വികസന വകുപ്പിന്റെ കണക്കനുസരിച്ച്, യു എസ് എ, ഇന്ത്യ, യു കെ, ഫ്രാന്‍സ്, സ്വീഡന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 37.2 ദശലക്ഷം യുഎസ് ഡോളറാണ് എമിറേറ്റ് വിദേശ നിക്ഷേപമായി ആകര്‍ഷിച്ചത്.

ഡിജിറ്റല്‍ ആരോഗ്യ മെഡിക്കല്‍ ഉപകരണങ്ങള്‍, മാനസികാരോഗ്യം, മെഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍, അടിയന്തര പരിചരണം, ദീര്‍ഘകാല പരിചരണം, പുനരധിവാസം, ഹോം കെയര്‍ എന്നിവ ഉള്‍പ്പെടുന്നവയാണ് കൊവിഡ് 19 ന് ശേഷം അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാന മേഖലകള്‍. മെഡ്ടെക്കില്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഡയഗ്നോസ്റ്റിക്സ്, ഡിജിറ്റല്‍ ഹെല്‍ത്ത് എന്നിവയില്‍ മെഡ്ടെക് സ്റ്റാര്‍ട്ടപ്പുകളേയും കമ്പനികളേയും ആകര്‍ഷിക്കും.

രോഗികള്‍ക്ക് ടെലിമെഡിസിന്‍ സേവനങ്ങള്‍, മെഡിക്കല്‍ വിവരങ്ങളിലേക്കും അവരുടെ ആരോഗ്യം നിരീക്ഷിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ ലഭ്യമാക്കുക എന്നിവയില്‍ അവസരങ്ങളുണ്ട്. പ്രായമാകുന്ന ജനവിഭാഗത്തിന് അനുയോജ്യമായ സേവന വിഭാഗമാണ് ഹോംകെയര്‍.

4,482 സ്വകാര്യ ആരോഗ്യ സൗകര്യങ്ങളുമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആരോഗ്യ മേഖലയുടെ വളര്‍ച്ച 45 ശതമാനമായി. ലൈസന്‍സുള്ള മെഡിക്കല്‍ പ്രൊഫഷണലുകളുടെ എണ്ണത്തില്‍ 61 ശതമാനം വര്‍ധനയുണ്ടായി. 2022ല്‍ 55,208 പ്രൊഫഷണലുകളാണ് ദുബൈയിലുള്ളത്. 2023 ല്‍ മെഡിക്കല്‍ പ്രൊഫഷണലുകളില്‍ 10-15 ശതമാനവും സൗകര്യങ്ങളില്‍ 3-6 ശതമാനവും വളര്‍ച്ച കണക്കാക്കുന്നു.