Connect with us

Articles

വിദ്വേഷ വാക്കിന് വിലക്കില്ലെന്നോ?

ഇത്ര മാരകമായ വര്‍ഗീയ പ്രസംഗം രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് നടത്താന്‍ എങ്ങനെ സാധിച്ചു എന്ന് അതിശയിക്കുന്നുണ്ട് പലരും. ആര്‍ എസ് എസിനെ അറിയാത്തതിന്റെ കുഴപ്പമാണത്. പക്ഷേ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ നാടൊട്ടുക്കും ഓടിനടക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നതാണ് ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തേണ്ടത്.

Published

|

Last Updated

‘ഭരണത്തിലുണ്ടായിരുന്ന സമയത്ത് കോണ്‍ഗ്രസ്സ് പറഞ്ഞത്, രാജ്യത്തിന്റെ സമ്പത്തില്‍ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിംകള്‍ക്കാണ് എന്നാണ്. എന്നുവെച്ചാല്‍ ഇപ്പോഴും അവര്‍ ഈ സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കായിരിക്കും, നുഴഞ്ഞു കയറിയവര്‍ക്കുമായിരിക്കും. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവര്‍ക്ക് നല്‍കണോ? നിങ്ങള്‍ക്ക് അതിന് സമ്മതമാണോ?

കോണ്‍ഗ്രസ്സ് അവരുടെ പ്രകടനപത്രികയില്‍ പറയുന്നതനുസരിച്ച് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൈവശമുള്ള സ്വര്‍ണം അവരെടുത്ത് നേരത്തേ പറഞ്ഞതുപോലെ വിതരണം ചെയ്യും. മന്‍മോഹന്‍ സിംഗ് സര്‍ക്കാറാണ് രാജ്യത്തിന്റെ സമ്പത്തിനു മുകളില്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത് മുസ്ലിംകള്‍ക്കാണെന്ന് പറഞ്ഞത്. ഈ അര്‍ബന്‍ നക്സല്‍ ചിന്താഗതികള്‍ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകള്‍ പോലും ബാക്കിവെക്കില്ല.’

നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ബന്‍സ്വാലയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞ വാക്കുകളാണ്. 2006ല്‍ നാഷനല്‍ ഡെവലപ്മെന്റല്‍ കൗണ്‍സിലിന്റെ മീറ്റിംഗില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നടത്തിയ പ്രസ്താവനയെ തെറ്റായി ഉദ്ധരിക്കുകയും അതിനെ വര്‍ഗീയമായി വഴിതിരിച്ചുവിടുകയുമാണ് മോദി ചെയ്തത്. എന്താണ് മന്‍മോഹന്‍ സിംഗ് പറഞ്ഞത് എന്ന് വഴിയേ പറയാം. എന്തിന് നരേന്ദ്ര മോദി ഇപ്പോള്‍ ഇത് പറഞ്ഞു എന്നതിനെക്കുറിച്ച് ആദ്യം പറയാം.

രാജ്യത്തെ ജനങ്ങളുടെ മുമ്പില്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് ഒരു ചോദ്യമേയുള്ളൂ; ഇന്ത്യ നിലനില്‍ക്കണോ ബി ജെ പി വാഴണോ? ജനാധിപത്യവാദികള്‍ക്ക് ഒറ്റ ഉത്തരമേയുള്ളൂ. ഇന്ത്യ എന്ന രാജ്യം നിലനില്‍ക്കണം, ഇന്ത്യ എന്ന ആശയം നീണാള്‍വാഴണം. അതിനുള്ള തടസ്സങ്ങള്‍ ഒന്നൊന്നായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. 400 സീറ്റുകള്‍ എന്ന ലക്ഷ്യം മുന്നില്‍ വെച്ചിറങ്ങിയിട്ട് 200 കടക്കുമോ എന്ന ആശങ്കയിലാണിപ്പോള്‍ ബി ജെ പി. മോദി ഇഫക്ട് പണ്ടേപ്പോലെ ഫലിക്കുന്നില്ല. രാജ്യത്ത് മോദി തരംഗമില്ലെന്ന് പറഞ്ഞത് ബി ജെ പിയുടെ അമരാവതി സ്ഥാനാര്‍ഥി നവനീത് റാണയാണ്. ഗോഡി മീഡിയ ബി ജെ പിയെ കൈവിടുന്നില്ലെങ്കിലും അവര്‍ക്കും മാറ്റം മണത്തു തുടങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യ തൂത്തുവാരാം എന്ന മോഹം ബി ജെ പി കൈവിട്ടിരിക്കുന്നു. അതുകൊണ്ടാണ് പ്രധാനമന്ത്രി ഉള്‍പ്പെടെ ബി ജെ പി നേതാക്കള്‍ ദക്ഷിണേന്ത്യയില്‍ റാകിപ്പറന്നത്. തമിഴ്നാട്ടില്‍ വോട്ടുകള്‍ മെഷീനിലായിട്ടുണ്ട്. അവിടെ ബി ജെ പി നിലം തൊടില്ല എന്നാണ് പോളിംഗാനന്തര റിപോര്‍ട്ടുകള്‍. ബി ജെ പി കണ്ണ് വെക്കുന്ന മറ്റൊരു സംസ്ഥാനം കര്‍ണാടകയാണ്. 2019ല്‍ ബി ജെ പി 25 സീറ്റുകളില്‍ ജയിച്ചിട്ടുണ്ട്. ഇക്കുറി കാറ്റ് അനുകൂലമല്ല. അവിടെ ഭരണം മാറിയിട്ടുണ്ട്. സിദ്ധരാമയ്യ സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതികള്‍ വോട്ടായി മാറുമെന്ന് ബി ജെ പിയുടെ സഖ്യകക്ഷിയായ ജെ ഡി എസ് പോലും തിരിച്ചറിയുന്നുണ്ട്. തെലങ്കാനയിലും മെച്ചമൊന്നും പ്രതീക്ഷിക്കുന്നില്ല ബി ജെ പി. കേരളത്തില്‍ ഒറ്റ സീറ്റിലും അവര്‍ക്ക് ജയസാധ്യതയില്ല. പ്രതീക്ഷയുള്ളത് ആന്ധ്രയിലാണ്. അവിടെ ടി ഡി പിയുമായുള്ള സഖ്യം ബി ജെ പിക്ക് ഗുണം ചെയ്‌തേക്കും. പക്ഷേ അധികാരം പിടിക്കാന്‍ അത് മാത്രം പോരല്ലോ.

പത്ത് വര്‍ഷം രാജ്യം ഭരിക്കാന്‍ അവസരം കിട്ടിയിട്ട് നിങ്ങള്‍ രാജ്യപുരോഗതിക്ക് വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യം ബി ജെ പി നേരിടുന്നുണ്ട്. ‘ആഗോള സാമ്പത്തിക ശക്തി’യെ കുറിച്ചുള്ള ബി ജെ പിയുടെ തള്ളിമറിക്കലുകള്‍ അന്തരീക്ഷത്തിലുണ്ട്. ആളോഹരി കടത്തെ കുറിച്ചുള്ള രേഖകള്‍ ജനങ്ങളുടെ കൈയിലുമുണ്ട്. തൊഴിലില്ലായ്മ പെരുകിപ്പെരുകി ആകാശം മുട്ടുന്നത് ജനം കാണുന്നുണ്ട്. യുവാക്കള്‍ തൊഴിലില്ലാതെ വലയുന്നുണ്ട്, കുടുംബങ്ങള്‍ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്നുണ്ട്. കര്‍ഷകര്‍ തെരുവില്‍ സമരം ചെയ്യുന്നുണ്ട്. ലിറ്റര്‍ പെട്രോളിന് 50 രൂപ, പാചക വാതകത്തിന് 200 രൂപ, വിദേശത്ത് നിന്നുള്ള കള്ളപ്പണം വീണ്ടെടുക്കല്‍, ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം- ബി ജെ പിയുടെ പഴയ വാഗ്ദാനങ്ങള്‍ ജനം ഓര്‍ത്തെടുക്കുന്നുണ്ട്. അവയെല്ലാം ജലരേഖകളായി മാറിയതിന്റെ അനുഭവം അവര്‍ക്ക് പങ്കിടാനുമുണ്ട്.

പ്രതിപക്ഷത്ത് അസാധാരണമായ ഐക്യം പ്രകടമാണ്. ‘ഇന്ത്യ’ മുന്നണി വര്‍ധിത ആത്മവിശ്വാസത്തിലാണ്. മമതാ ബാനര്‍ജി പശ്ചിമ ബംഗാളില്‍ സ്വതന്ത്രമായാണ് മത്സരിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ‘ഇന്ത്യ’ സഖ്യത്തിനൊപ്പം നില്‍ക്കുമെന്നുറപ്പാണ്. കെജ്രിവാളിന്റെ പ്രതികാര അറസ്റ്റ് ഡല്‍ഹിയിലും പഞ്ചാബിലും മുന്നണിക്ക് അനുകൂലമായ ഇളക്കമുണ്ടാക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍ പ്രദേശില്‍ (80 സീറ്റുകള്‍) അഖിലേഷ് യാദവിനെ ഒപ്പം നിര്‍ത്തിയുള്ള രാഷ്ട്രീയ പരീക്ഷണം മുന്നണിക്ക് ഗുണമായി ഭവിക്കും. കേരളത്തില്‍ മുഖാമുഖം നില്‍പ്പാണെങ്കിലും രണ്ട് മുന്നണി സ്ഥാനാര്‍ഥികള്‍ ജയിച്ചാലും കേന്ദ്രത്തില്‍ ബി ജെ പി വിരുദ്ധ മുന്നണിയിലേ നില്‍ക്കൂ. ഈ രാഷ്ട്രീയ കാലാവസ്ഥ ബി ജെ പിയെ നന്നായി പേടിപ്പിക്കുന്നുണ്ട്. അടവുകള്‍ പിഴച്ച് അങ്കത്തട്ടില്‍ ഗതികെട്ട് നില്‍പ്പാണ് ബി ജെ പി. ജനശ്രദ്ധ തിരിക്കാന്‍ അവരുടെ മുമ്പില്‍ ഒറ്റ വഴിയേയുള്ളൂ. വര്‍ഗീയ ഭൂതങ്ങളെ കെട്ടഴിച്ചു വിടുക. മുന്‍കാലങ്ങളില്‍ പയറ്റിയ അതേ കുതന്ത്രം.

മുസ്ലിംകള്‍ പെറ്റു പെരുകുന്നവരാണ് എന്ന് പ്രചരിപ്പിക്കുക. ഹിന്ദു മനസ്സുകളില്‍ ഭീതി പടര്‍ത്തുക. അതിനെ വോട്ടാക്കി മാറ്റുക. അതിനുള്ള ശ്രമമാണ് രാജസ്ഥാനില്‍ മോദി നടത്തിയത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയെ വളച്ചൊടിച്ചാണ് ഈ സാഹസം. അതിന്റെ നിജസ്ഥിതി എഴുതിയിട്ടുണ്ട് ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകനുമായ കെ സഹദേവന്‍. ‘ഡോ. മന്‍മോഹന്‍സിംഗ്, തന്റെ പ്രസംഗത്തില്‍ ഉപയോഗിച്ച വാക്ക് ‘അല്‍പസംഖ്യക്’ (ന്യൂനപക്ഷം) എന്നാണ്. എസ് സി, എസ് ടി, ഇതര മത ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങളെയാണ് അല്‍പസംഖ്യക് എന്ന വാക്ക് അര്‍ഥമാക്കുന്നത്. ഇതിനെയാണ് നരേന്ദ്ര മോദി ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നത്. ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രസംഗത്തെ ദുര്‍വ്യാഖ്യാനം ചെയ്തതു കൂടാതെ, ജനസംഖ്യയിലെ 15 ശതമാനം വരുന്ന ജനവിഭാഗത്തെ ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്നും ‘ഒരുപാട് കുട്ടികളെ പെറ്റുകൂട്ടുന്നവര്‍’ എന്നും വിശേഷിപ്പിക്കുന്ന നിലവാരത്തിലേക്ക് തരംതാഴുകയാണ് നരേന്ദ്ര മോദി’. മുസ്ലിംകള്‍ പെറ്റുകൂട്ടുന്നവരാണ് എന്ന നുണയെ കണക്കുകള്‍ നിരത്തി പൊളിക്കുക കൂടി ചെയ്യുന്നുണ്ട് സഹദേവന്‍.

‘2001-2011 കാലയളവില്‍ ഹിന്ദുക്കള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 19.92 ശതമാനത്തില്‍ നിന്ന് 16.76 ശതമായി കുറയുകയുണ്ടായി. ഇതേ കാലയളവിലെ മുസ്ലിം ജനസംഖ്യാ വളര്‍ച്ച 29.52 ശതമാനത്തില്‍ നിന്ന് 24.60 ശതമാനം ആയും കുറഞ്ഞു. 2011-21 കാലയളവിലും സമാനമായ രീതിയില്‍ ഇടിവ് തുടരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2011-21 കാലയളവില്‍ ഹിന്ദുക്കള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 16.76 ശതമാനത്തില്‍ നിന്ന് 15.7 ശതമാനമായി. മുസ്ലിംകള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 24.60 ശതമാനത്തില്‍ നിന്ന് 18.2 ശതമാനമായി കുത്തനെ ഇടിഞ്ഞേക്കാമെന്നാണ് പ്രവചനങ്ങള്‍ (2021ലെ സെന്‍സസ് നടന്നിട്ടില്ലാത്തതിനാല്‍ വളര്‍ച്ചാ പ്രവചനങ്ങളുടെ യാഥാര്‍ഥ്യമെന്തെന്ന് മനസ്സിലാക്കാന്‍ സാധ്യമല്ല). 2031ലും ജനസംഖ്യാ വളര്‍ച്ചയില്‍ സമാനമായ പ്രവണത തുടരുമെന്ന് ജനസംഖ്യാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മേല്‍പ്പറഞ്ഞ ഏത് കണക്കുകളും പോപുലേഷന്‍ പ്രൊജക്്ഷനുകളും പരിശോധിച്ചാലും വിദൂര ഭാവിയില്‍ പോലും മുസ്ലിംകള്‍ ഹിന്ദുക്കളെ മറികടക്കുമെന്ന വാദത്തില്‍ തരിമ്പുപോലും യാഥാര്‍ഥ്യമില്ലെന്ന് കണ്ടെത്താവുന്നതാണ്’.

മോദിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്സ്, സി പി എം ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്. നടപടിയാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുമുണ്ട്. പക്ഷേ മിണ്ടിയിട്ടില്ല തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി കിട്ടിയത് സ്ഥിരീകരിക്കാന്‍ പോലും കമ്മീഷന്‍ സന്നദ്ധമായിട്ടില്ലെന്നാണ് വാര്‍ത്തകള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതാ തകര്‍ച്ചയുമായി ബന്ധപ്പെട്ട് ധാരാളം ആരോപണങ്ങള്‍ പ്രതിപക്ഷ കക്ഷികള്‍ മുന്‍കാലങ്ങളില്‍ ഉയര്‍ത്തുന്നുണ്ട്. അതിനെ ബലപ്പെടുത്തുന്ന മൗനമാണ് ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റേത്. ഇത്ര മാരകമായ വര്‍ഗീയ പ്രസംഗം രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് നടത്താന്‍ എങ്ങനെ സാധിച്ചു എന്ന് അതിശയിക്കുന്നുണ്ട് പലരും. ആര്‍ എസ് എസിനെ അറിയാത്തതിന്റെ കുഴപ്പമാണത്. പക്ഷേ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ നാടൊട്ടുക്കും ഓടിനടക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നതാണ് ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തേണ്ടത്. ഇക്കാര്യത്തില്‍ നടപടി എടുത്തില്ലെങ്കില്‍ അത് രാജ്യത്തിന് നല്‍കുന്നത് ഏറ്റവും തെറ്റായ സന്ദേശമായിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസ്സ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ആശ്രയിച്ചുകൂടിയാണ് നിലനില്‍ക്കുന്നത്.