From the print
ഹാപ്പി ആലപ്പി; കേരളാ ക്രിക്കറ്റ് ലീഗിന് ഉജ്ജ്വല തുടക്കം
ആലപ്പി റിപ്പിള്‍സിന് ആദ്യ ജയം. മുഹമ്മദ് അസ്ഹറുദ്ദീന്‍ 47 പന്തില്‍ 92
തിരുവനന്തപുരം | പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് അഞ്ച് വിക്കറ്റ് ജയം. എട്ട് റണ്‍സ് അകലെ സെഞ്ച്വറി (47 പന്തില്‍ 92) നഷ്ടമായ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് ആലപ്പുഴയുടെ വിജയശില്‍പ്പി.
അസ്ഹറുദ്ദീനാണ് മാന്‍ ഓഫ് ദ മാച്ച്. ഒമ്പത് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു അസ്ഹറുദ്ദീന്റെ ഇന്നിംഗ്‌സ്. വിനൂപ് മനോഹരന്‍ 27 പന്തില്‍ 30 റണ്‍സെടുത്തു. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി 18.3 ഓവറില്‍ അഞ്ച്് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ടോസ് നേടിയ ആലപ്പി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആലപ്പിക്ക് വേണ്ടി ആദ്യ ഓവര്‍ എറിഞ്ഞ ഫാസില്‍ ഫനൂസിന്റെ ആദ്യ പന്തില്‍ തന്നെ തൃശൂരിന്റെ ഓപണര്‍ അഭിഷേക് പ്രതാപിന്റെ വിക്കറ്റ് നഷ്ടമായി.
അക്ഷയ് മനോഹറാണ് തൃശൂരിന്റെ ടോപ് സ്‌കോറര്‍. 44 പന്ത് നേരിട്ട അക്ഷയ് അഞ്ച് സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 57 റണ്‍സ് സ്വന്തമാക്കി. ആലപ്പി റിപ്പിള്‍സിനു വേണ്ടി ആനന്ദ് ജോസഫ് മൂന്ന് വിക്കറ്റും ഫാസില്‍ ഫനൂസ് രണ്ട് വിക്കറ്റും നേടി.