Connect with us

Kerala

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ ഹരജിയില്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ആനന്ദകുമാറിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കോടതി തേടി.

Published

|

Last Updated

ന്യൂഡല്‍ഹി| പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിന്റെ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. ആനന്ദകുമാറിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സുപ്രീംകോടതി തേടി. 500 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. സംഭവത്തില്‍ എല്ലാ കാര്യങ്ങളും പുറത്തുവരണമെന്നും ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കാന്‍ സുപ്രീംകോടതി ആദ്യം നിര്‍ദ്ദേശിച്ചെങ്കിലും ആനന്ദകുമാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള കാര്യം മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത്, അഭിഭാഷകന്‍ ശ്യാം നന്ദന്‍ എന്നിവര്‍ ഉന്നയിച്ചതോടെയാണ് കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്.

പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ അടക്കമുള്ള സാധനങ്ങള്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പു കേസാണ് പാതിവില തട്ടിപ്പ് കേസ്.നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്‍ ആജീവനാന്ത അധ്യക്ഷന്‍ കെ എന്‍ ആനന്ദകുമാറും ദേശീയ സെക്രട്ടറി അനന്തുകൃഷ്ണനും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. കേസിലെ പ്രതികളുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. സീഡ് വഴിയും എന്‍ജിഒ കോണ്‍ഫഡറേഷന്‍ വഴിയുമാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്.

പ്രമുഖ വ്യക്തികളോട് ഒപ്പം നില്‍ക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് വിശ്വാസ്യത നേടിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. വിശ്വാസ്യത നേടിയെടുക്കാന്‍ ഫീല്‍ഡ് തലത്തില്‍ കോഡിനേറ്റര്‍മാരെയും നിയമിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ പദ്ധതിയില്‍ ചേര്‍ന്ന ആളുകള്‍ക്ക് വിശ്വാസം നേടിയെടുക്കാന്‍ പകുതി വിലയ്ക്ക് സ്‌കൂട്ടറുകള്‍ നല്‍കിയിരുന്നു. പിന്നീട് പദ്ധതിയില്‍ ചേര്‍ന്നവരെ കബളിപ്പിക്കുകയായിരുന്നു.