Ongoing News
ഹജ്ജ് മുന്നൊരുക്കം: കഅ്ബയുടെ കിസ്‌വ ഉയര്‍ത്തിക്കെട്ടി
മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കിസ്‌വയുടെ നാല് വശങ്ങളും ഉയര്‍ത്തിക്കെട്ടിയത്.

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് സീസണിലേക്കുള്ള തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി വിശുദ്ധ കഅ്ബയെ അണിയിച്ചിരിക്കുന്ന കിസ്‌വയുടെ താഴ്ഭാഗം ഉയര്‍ത്തിക്കെട്ടി. മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കിസ്‌വയുടെ നാല് വശങ്ങളും ഉയര്‍ത്തിക്കെട്ടിയത്. ഇരു ഹറംകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉമ്മുല്‍ ജൂദിലെ കിസ്‌വ ഫാക്ടറിയിലെ വിദഗ്ധ സംഘമാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടിയത്. ഉയര്‍ത്തിക്കെട്ടിയ ഭാഗം രണ്ട് മീറ്റര്‍ വീതിയുള്ള വെളുത്ത കോട്ടണ്‍ തുണി കൊണ്ട് മറക്കുകയും ചെയ്തിട്ടുണ്ട്.
വിശുദ്ധ കഅ്ബയുടെ കിസ്‌വ സാധാരണയായി പല ഘട്ടങ്ങളിലായാണ് ഉയര്‍ത്തുന്നത്. കിസ്വയുടെ അടിഭാഗം എല്ലാ വശങ്ങളില്‍ നിന്നും അഴിച്ചുമാറ്റി, കോണുകള്‍ വേര്‍തിരിച്ച്, താഴ്ഭാഗത്തെ കയര്‍ വളയങ്ങളില്‍ നിന്ന് നീക്കം ചെയ്ത ശേഷം തുണി മുകളിലേക്ക് ഉയര്‍ത്തുന്നതിലൂടെയാണ് ചടങ്ങ് ആരംഭിക്കുന്നത്. എല്ലാ വര്‍ഷവും ഹജ്ജ് കര്‍മങ്ങള്‍ക്ക് മുന്നോടിയായാണ് കിസ്‌വ ഉയര്‍ത്തികെട്ടല്‍ ചടങ്ങ് നടത്തുന്നത്.
ഹജ്ജ് വേളയില്‍ വിശ്വാസികളുടെ ഒഴുക്ക് വര്‍ധിക്കുന്നതോടെ കഅ്ബാലയത്തില്‍ ത്വവാഫ് കര്‍മങ്ങള്‍ നടക്കുന്ന സമയത്ത് തീര്‍ഥാടകര്‍ സ്പര്‍ശിക്കുന്ന സമയത്ത് കിസ്‌വക്ക് കേടുപാടുകള്‍ സംഭവിക്കുവാനുള്ള സാധ്യത കൂടുതലാണ്. കിസ്‌വയുടെ പവിത്രതയും സുരക്ഷയും വൃത്തിയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉയര്‍ത്തിക്കെട്ടുന്നത്.
കനത്ത സുരക്ഷയിലായിരുന്നു ഈ വര്‍ഷത്തെ കിസ്വ ഉയര്‍ത്തിക്കെട്ടല്‍ ചടങ്ങ് നടത്തിയത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിന് തീര്‍ഥാടകരാണ് മസ്ജിദുല്‍ ഹറമിലെത്തിച്ചേര്‍ന്നത്.