Kerala
ഹജ്ജ് 2023: ഇതു വരെ ലഭിച്ചത് 19,025 അപേക്ഷകള്‍; അപേക്ഷിക്കാൻ രണ്ട് ദിവസം കൂടി മാത്രം
അവസാന തിയ്യതി 2023 മാര്‍ച്ച് 20.

കരിപ്പൂർ | ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിന് അപേക്ഷ സമർപ്പിക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം അവസരം. മാർച്ച് 20 ആണ് അവസാന തീയതി.
ശനിയാഴ്ച വരെ 19,025 അപേക്ഷകളുടെ ഓണ്‍ലൈന്‍ എന്‍ട്രി ലഭിച്ചതായി ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഇതില്‍ 70 വയസ്സ് വിഭാഗത്തില്‍ 1367 പേരും, മെഹ്റമില്ലാത്ത സ്ത്രീകളുടെ (45 വയസ്സിന് മുകളില്‍) വിഭാഗത്തില്‍ 2675 പേരും ജനറല്‍ വിഭാഗത്തില്‍ 14,983 അപേക്ഷകളും ലഭിച്ചു. അപേക്ഷകരില്‍ 3379 പേര്‍ കണ്ണൂരും, 3928 പേര്‍ കൊച്ചിയും, 11,718 പേര്‍ കോഴിക്കോടുമാണ് എമ്പാര്‍ക്കേഷനായി തെരഞ്ഞെടുത്തത്.
മാർച്ച് 20ന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷ സമർപ്പിക്കാം. 2023 മാർച്ച് 20ന് മുമ്പ് ഇഷ്യൂ ചെയ്തതും 2024 ഫെബ്രുവരി മൂന്ന് വരെ കാലാവധിയുള്ളതുമായ, മെഷിൻ റീഡബിൾ പാസ്പോർട്ട് കൈവശമുള്ളവർക്കാണ് ഈ വർഷം ഹജ്ജിന് അപേക്ഷ സമർപ്പിക്കാൻ അവസരമുള്ളത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റായ https://hajcommittee.gov.in/ വഴിയോ ഹമ്മ് കമ്മിറ്റിയുടെ മൊബൈൽ ആപ്പ് വഴിയോ അപേക്ഷകൾ സമർപ്പിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മുഹമ്മദ് യഅ്ഖൂബ് ശെഖ അറിയിച്ചു.