Connect with us

Kozhikode

ഹാദി കോണ്‍വൊക്കേഷന്‍: ഇന്റര്‍നാഷണല്‍ അക്കാദമിക് കോണ്‍ഫറന്‍സ് ബ്രോഷര്‍ പ്രകാശനം ചെയ്തു

തിരഞ്ഞെടുക്കപ്പെടുന്ന ജാമിഅതുല്‍ ഹിന്ദ് വിദ്യാര്‍ഥികള്‍ക്ക് അവസരം.

Published

|

Last Updated

ജാമിഅത്തുല്‍ ഹിന്ദ് അക്കാദമിക് കോണ്‍ഫറന്‍സ് ബ്രോഷര്‍ പ്രകാശനം.

കോഴിക്കോട് | ജാമിഅത്തുല്‍ ഹിന്ദ് ഇസ്‌ലാമിയ്യയുടെ അഞ്ചാമത് ഹാദി കോണ്‍വോക്കേഷനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്ന ഇന്റര്‍നാഷണല്‍ അക്കാദമിക് കോണ്‍ഫറന്‍സിന്റെ ബ്രോഷര്‍ പ്രസിദ്ധീകരിച്ചു. ജാമിഅത്തുല്‍ ഹിന്ദ് പ്രോചാന്‍സലര്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി പ്രകാശനം നിര്‍വഹിച്ചു. നവംബര്‍ ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ കുറ്റ്യാടി സിറാജുല്‍ ഹുദയിലാണ് കോണ്‍വോക്കേഷനും അനുബന്ധ പരിപാടികളും നടക്കുന്നത്. ഇന്റര്‍നാഷണല്‍ അക്കാദമിക് കോണ്‍ഫറന്‍സിനു പുറമെ ഗ്ലോബല്‍ യൂണിവേഴ്സിറ്റീസ് ലീഡര്‍ഷിപ്പ് സമ്മിറ്റ്, ജാമിഅ മഹ്റജാന്‍ തുടങ്ങിയ പരിപാടികളും നടക്കും.

ഇന്റര്‍നാഷണല്‍ അക്കാദമിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ജാമിഅത്തുല്‍ ഹിന്ദിന് കീഴില്‍ പഠിക്കുന്ന ഡിഗ്രി-പി ജി തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവസരം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അതത് സ്ഥാപന പരിധിയിലുള്ള ദാഇറ ഭാരവാഹികളുമായാണ് ബന്ധപ്പെടേണ്ടത്. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി മുതല്‍ 25 വ്യത്യസ്ത യൂണിവേഴ്‌സിറ്റി പ്രതിനിധികളും ജാമിഅതുല്‍ ഹിന്ദ് പ്രതിനിധികളും അക്കാദമിക് കോണ്‍ഫറന്‍സില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പൂര്‍ണമായും അറബി ഭാഷയിലാണ് സെഷനുകള്‍ ഒരുക്കുന്നത്. ഇതില്‍ സംബന്ധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതു കൂടാതെ വിദേശ യൂണിവേഴ്‌സിറ്റികളിലുള്ള പഠനാവസരങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയില്‍ അഫിലിയേറ്റ് ചെയ്ത മുന്നൂറിലധികം സ്ഥാപനങ്ങളില്‍ നിന്നുള്ള 1,500 മത വിദ്യാര്‍ഥികളാണ് സമ്മേളനത്തില്‍ ബിരുദം സ്വീകരിക്കുന്നത്. ജാമിഅ മഹ്റജാനില്‍ 17 ദാഇറകളില്‍ നിന്നുള്ള 900ത്തില്‍ പരം വിദ്യാര്‍ഥികളാണ് 61 മത്സര ഇനങ്ങളില്‍ മാറ്റുരയ്ക്കുന്നത്.

ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ സയ്യിദ് ത്വാഹാ തങ്ങള്‍ കുറ്റ്യാടി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ സഖാഫി, അബ്ദുന്നാസിര്‍ അഹ്‌സനി ഒളവട്ടൂര്‍, മുഹമ്മദലി സഖാഫി കിടങ്ങയം സംബന്ധിച്ചു. ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല സ്വാഗതം പറഞ്ഞു.

 

 

 

Latest