Connect with us

gujrat model

"ഗുജറാത്ത് മോഡല്‍': നിലച്ചുവോ വാഴ്ത്തുപാട്ടുകള്‍?

വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയില്‍ ഉണ്ടാക്കിയെടുത്ത ഗുജറാത്ത് മോഡല്‍ വികസനമെന്ന ഫെയ്ക്ക് ബ്രാന്‍ഡ് എത്രത്തോളം അബദ്ധമാണെന്ന് പുതിയ കണക്കുകള്‍ വിളിച്ചു പറയുന്നുണ്ട്. കേവല സാമ്പത്തിക സൂചികയില്‍ കുതിക്കുമ്പോഴും സാമൂഹിക വികസന സൂചികയില്‍ ഗുജറാത്ത് അമ്പേ പരാജയമാണെന്നാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ, മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്‌ ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍, ഗ്ലോബല്‍ ഡാറ്റാ ലാബ്, നിതി ആയോഗ് എന്നിവ പുറത്തുവിട്ട റിപോര്‍ട്ടുകള്‍ പറയുന്നത്.

Published

|

Last Updated

ക്ടോബർ മുപ്പതിനാണ് ഇന്ത്യന്‍ മനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് ഗുജറാത്തിലെ മോര്‍ബിയില്‍ മച്ഛു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്നു വീണത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 54 കുട്ടികളടക്കം 141 പേര്‍ ഈ അപകടത്തില്‍ മരണപ്പെട്ടു. അടുത്ത കാലത്ത് ഗുജറാത്തിലെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാറിനേറ്റ വലിയൊരു തിരിച്ചടിയായിരുന്നു ഈ ദുരന്തം. ഭരണകൂടം വിളിച്ചു വരുത്തിയ അപകടം എന്നതിനപ്പുറം ഗുജറാത്തിന്റെ യഥാര്‍ഥ ചിത്രം ലോകത്തിന് മുമ്പിലെത്തിക്കാനും ഈ ദുരന്തം കാരണമായി. മൃതദേഹങ്ങള്‍ സൂക്ഷിച്ച മോര്‍ബി സര്‍ക്കാര്‍ ആശുപത്രിയുടെ മോര്‍ച്ചറിക്കു പുറത്ത് ബന്ധുക്കള്‍ വിലപിക്കുമ്പോള്‍ ആശുപത്രി അധികൃതര്‍ കൊണ്ടുപിടിച്ച തിരക്കിലായിരുന്നു. പുതിയ കിടക്കകള്‍ വിരിച്ചും ഫര്‍ണീച്ചറുകള്‍ നിരത്തിയും പരിസരം വൃത്തിയാക്കിയും ചുമര് പെയിന്റടിച്ചും ആശുപത്രി സന്ദര്‍ശിക്കാനെത്തുന്ന നരേന്ദ്ര മോദിക്ക് ഫോട്ടോ ഷൂട്ടിന് പശ്ചാത്തലമൊരുക്കുകയായിരുന്നു അവര്‍. ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ ദുരവസ്ഥയിലേക്ക് ഈയൊരു സംഭവം വിരല്‍ ചൂണ്ടുന്നുണ്ട്.

1998 മുതല്‍ ബി ജെ പിയാണ് ഗുജറാത്ത് ഭരിക്കുന്നത്. 2001 മുതല്‍ 2014 വരെ തുടര്‍ച്ചയായി 12 വര്‍ഷവും 227 ദിവസവും നരേന്ദ്ര മോദിയാണ് ഗുജറാത്ത് മുഖ്യമന്ത്രി. ഇക്കാലയളവില്‍ വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയില്‍ ഉണ്ടാക്കിയെടുത്ത ഗുജറാത്ത് മോഡല്‍ വികസനമെന്ന ഫെയ്ക്ക് ബ്രാന്‍ഡ് എത്രത്തോളം അബദ്ധമാണെന്ന് പുതിയ കണക്കുകള്‍ വിളിച്ചു പറയുന്നുണ്ട്. കേവല സാമ്പത്തിക സൂചികയില്‍ കുതിക്കുമ്പോഴും സാമൂഹിക വികസന സൂചികയില്‍ ഗുജറാത്ത് അമ്പേ പരാജയമാണെന്നാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ, മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്‌ ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍, ഗ്ലോബല്‍ ഡാറ്റാ ലാബ്, നിതി ആയോഗ് എന്നിവ പുറത്തുവിട്ട റിപോര്‍ട്ടുകള്‍ പറയുന്നത്.

2005- 2006 കാലത്ത് നിന്ന് 2019-2020 കാലത്തേക്ക് എത്തുമ്പോള്‍ ഓരോ മേഖലയിലെയും പുരോഗതിക്ക് ആപേക്ഷികമായ തകര്‍ച്ചയാണ് സംഭവിച്ചത് എന്ന് കാണാം. 2015-2016 കാലയളവിനെ അപേക്ഷിച്ച് കാര്യമായ പുരോഗതി എവിടെയും കാണാനാകില്ല. സ്ത്രീ വിദ്യാഭ്യാസത്തില്‍ രാജ്യത്ത് പത്തൊമ്പതാം സ്ഥാനത്താണ് ഗുജറാത്ത്. ഒന്നാം സ്ഥാനത്തുള്ള കേരളത്തില്‍ 95.5 ശതമാനം സ്ത്രീകളും സ്‌കൂളിലെത്തിയപ്പോള്‍ കേവലം 73 ശതമാനം സ്ത്രീകള്‍ മാത്രമേ ഗുജറാത്തില്‍ അക്ഷരമുറ്റത്തെത്തിയിട്ടുള്ളൂ. 20-24 വയസ്സിനിടയിലുള്ള പെണ്‍കുട്ടികളില്‍ 21.8 ശതമാനവും 18 വയസ്സിന് മുമ്പ് വിവാഹിതരായവരാണ്. ഒന്നാം സ്ഥാനത്തുള്ള ഹിമാചല്‍ പ്രദേശിലും (5.4 ശതമാനം), കേരളത്തിലും (6.3 ശതമാനം) ഇതിന്റെ തോത് വളരെ കുറവാണെന്ന് കൂടി നാം മനസ്സിലാക്കണം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ആരോഗ്യ പരിരക്ഷയുള്ള കുടുംബങ്ങളുടെ കണക്കെടുക്കാം. ഇതില്‍ ഒന്നാം സ്ഥാനത്ത് രാജസ്ഥാനാണ്- 87.8 ശതമാനം. ഗുജറാത്തിലേത് കേവലം 39 ശതമാനം മാത്രമാണ്. മികച്ച ശുചീകരണ സൗകര്യങ്ങളുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളം (98.7 ശതമാനം) മുമ്പിലാണെങ്കില്‍ ഗുജറാത്ത് (74 ശതമാനം) പതിനെട്ടാം സ്ഥാനത്താണ്. മുഴുവന്‍ ജനങ്ങളുടെയും പുരോഗതി അടയാളപ്പെടുത്തുന്ന സാമൂഹിക സൂചകങ്ങളില്‍ ഓരോന്നിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്ത് ഏറെ പിറകിലാണെന്നതാണ് യാഥാര്‍ഥ്യം.

അതേസമയം സംസ്ഥാനങ്ങളുടെ സാമ്പത്തിക സൂചികയില്‍ 1993-94ലും 2020-21ലും ഭേദപ്പെട്ട നിലയിലാണ് ഗുജറാത്ത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രതിശീര്‍ഷ ആഭ്യന്തര ഉത്പാദനം അനുസരിച്ച് ഈ കാലയളവില്‍ രാജ്യത്ത് ആറാം സ്ഥാനത്താണ് ഗുജറാത്തിന്റെ ഇടം. സംസ്ഥാനത്തിന്റെ മൊത്ത സാമ്പത്തിക നിലവാരം താഴാതെ നിര്‍ത്തുന്നതില്‍ നിര്‍മാണ മേഖലക്ക് വലിയ സ്വാധീനമുണ്ടെന്ന് കാണാം. ഇവിടുത്തെ തൊഴില്‍പ്പടയുടെ 20.8 ശതമാനം പേരും നിര്‍മാണ മേഖലയിലാണ് തൊഴിലെടുക്കുന്നത്. ഈ വിഷയത്തില്‍ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്.

സാമ്പത്തിക സൂചികയില്‍ മുമ്പില്‍ നില്‍ക്കുമ്പോഴും പരിസ്ഥിതി മലിനീകരണത്തില്‍ ഗുജറാത്താണ് മുമ്പില്‍. രാജ്യത്ത് പരിസ്ഥിതിക്ക് ഏറെ അപകടകരമായ മാലിന്യങ്ങള്‍ പുറന്തള്ളുന്നതില്‍ ഒന്നാം സ്ഥാനം, ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ നാലാമന്‍, രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഇന്ധന ഉപഭോക്താവ്, മലിന ജല സംസ്‌കരണത്തില്‍ ഇരുപത്തിനാലാം സ്ഥാനം… ഇങ്ങനെ പോകുന്നു അന്തരീക്ഷ മലിനീകരണത്തില്‍ ഗുജറാത്തിന്റെ സ്ഥാനം.

സാമൂഹിക വികസന മാപിനിയില്‍ പ്രധാനപ്പെട്ട സ്ഥാനമാണ് വിദ്യാഭ്യാസത്തിനുള്ളത്. 18-23 പ്രായത്തിനിടയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നു വരുന്നവരുടെ എണ്ണം ഗുജറാത്തില്‍ തുലോം കുറവാണ് (20.4 ശതമാനം). ഇരുപത്തിമൂന്നാം സ്ഥാനത്താണ് സംസ്ഥാനം. 1-8 ക്ലാസ്സുകളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണമെടുത്താലും (21ാം സ്ഥാനം) ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് കടന്നു വരുന്നവരുടെ കണക്കെടുത്താലും (24ാം സ്ഥാനം) ഗുജറാത്ത് ഏറെ പിറകിലാണ്. സെക്കന്‍ഡറി തലത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരുടെ കണക്കില്‍ ഗുജറാത്തിന് ഏഴാം സ്ഥാനമുണ്ട്.

സാമൂഹിക വികസന സൂചികയില്‍ മുമ്പിലെത്തേണ്ടവയില്‍ പിന്നിലും പിന്നിലാകേണ്ടവയില്‍ മുമ്പിലും സഞ്ചരിച്ച് ഗുജറാത്ത് മോഡല്‍ കുതിക്കുകയാണ്. ദീര്‍ഘകാലത്തെ ബി ജെ പി ഭരണത്തിന്റെ ഫലമായി കോര്‍പറേറ്റുകള്‍ തടിച്ചു കൊഴുക്കുകയും സാധാരണക്കാര്‍ മെലിഞ്ഞൊട്ടുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് ഗുജറാത്തില്‍ നിന്ന് കേള്‍ക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഇരകളായിരുന്നു മോര്‍ബി തൂക്കുപാല ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍. വികസനവും സംസ്ഥാനത്തിന്റെ പുരോഗതിയുമാണ് ഗുജറാത്തിലെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നതെങ്കില്‍ അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പ് ബി ജെ പിക്ക് പുറത്തേക്കുള്ള വാതിലായിരിക്കും തുറന്നിടുക.