Connect with us

From the print

ഗുജറാത്തിലെ ഗെയിമിംഗ് സോണിലെ തീപ്പിടിത്തം: നിങ്ങള്‍ അന്ധരായോ? സര്‍ക്കാറിനെ വിമര്‍ശിച്ച് ഹൈക്കോടതി

പ്രവര്‍ത്തിച്ചത് ചട്ടം ലംഘിച്ച്.

Published

|

Last Updated

ഗാന്ധിനഗര്‍ | ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിംഗ് സോണിലുണ്ടായ തീപ്പിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാറിനെയും നഗരസഭാ ഭരണസമിതിയെയും രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് ഹൈക്കോടതി. സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍ നിയമം നടപ്പാക്കുമെന്ന വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ജസ്റ്റിസുമാരായ ബിരേന്‍ വൈഷ്ണവ്, ദേവന്‍ ദേശായി എന്നിവരടങ്ങിയ ഹൈക്കോടതി പ്രത്യേക ബഞ്ച് വിമര്‍ശിച്ചു.

രാജ്കോട്ടിലെ രണ്ട് ഗെയിമിംഗ് കേന്ദ്രങ്ങള്‍ ആവശ്യമായ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. യാതൊരു മാനദണ്ഡവും പാലിക്കുന്നില്ല. രണ്ടര വര്‍ഷമായി നിയമലംഘനം തുടരുകയാണ്. ഇതെങ്ങനെ സാധിക്കുന്നുവെന്ന് ബഞ്ച് ചോദിച്ചു. ‘ഞങ്ങളുടെ അറിവോടെയല്ല സോണ്‍ പ്രവര്‍ത്തിച്ച’തെന്ന് രാജ്കോട്ട് മുനിസിപല്‍ കോര്‍പറേഷന്‍ അധികൃതര്‍ മറുപടി നല്‍കിയതോടെയാണ് സംസ്ഥാന സര്‍ക്കാറിനും തദ്ദേശ ഭരണകൂടത്തിനുമെതിരെ ബഞ്ച് ആഞ്ഞടിച്ചത്. നിങ്ങള്‍ അന്ധരായോ? അതോ നിങ്ങള്‍ ഉറങ്ങുകയാണോ? ഗുജറാത്തിലെ സര്‍ക്കാറിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമുള്ള വിശ്വാസം കോടതിക്ക് നഷ്ടമായിരിക്കുന്നു. ഈ സംഭവം സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണു തുറപ്പിക്കേണ്ടതാണെന്നും ബഞ്ച് നിരീക്ഷിച്ചു.

അഗ്‌നിസുരക്ഷാ സര്‍ട്ടിഫിക്കറ്റ് പോലുമില്ലാതെയാണ് തീപ്പിടിത്തം നടന്ന ടി ആര്‍ പി ഗെയിമിംഗ് സോണും മറ്റൊരു സ്ഥാപനവും പ്രവര്‍ത്തിച്ചിരുന്നത്. 2023 നവംബറിലാണ് രാജ്‌കോട്ടിലെ ഗെയിമിംഗ് സോണിന് പോലീസ് ലൈസന്‍സ് നല്‍കിയത്. ലൈസന്‍സ് നല്‍കാനുള്ള പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഗെയിമിംഗ് സെന്ററിലെത്തിയ ഫോട്ടോ ഉയര്‍ത്തിക്കാണിച്ച ജഡ്ജി ഇവര്‍ എന്ത് പരിശോധനക്കാണ് അവിടെ പോയതെന്നും ചോദിച്ചു.

ഗുജറാത്തില്‍ തീപ്പിടിത്തംമൂലം ഉണ്ടാകുന്ന ആദ്യത്തെ അപകടമല്ല രാജ്‌കോട്ടിലേതെന്നും സര്‍ക്കാറിന്റെ പിടിപ്പുകേടാണ് ഇത്തരം അപകടങ്ങള്‍ വീണ്ടും സംഭവിക്കാന്‍ കാരണമെന്നും കോടതി പറഞ്ഞു. അന്ന് കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ രാജ്‌കോട്ടിലെ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ബഞ്ച് വ്യക്തമാക്കി.

അതിനിടെ, രാജ്കോട്ട് പോലീസ് മേധാവി രാജു ഭാര്‍ഗവയെ സ്ഥലം മാറ്റി. അഹമ്മദാബാദ് സ്പെഷ്യല്‍ കമ്മീഷണര്‍ ബ്രിജേഷ് കുമാര്‍ ഝാക്കാണ് ചുമതല. ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ശനിയാഴ്ചയാണ് ഗെയിമിംഗ് കേന്ദ്രത്തില്‍ തീപ്പിടിത്തമുണ്ടായത്. ഒമ്പത് കുട്ടികളടക്കം 28 പേരാണ് വെന്തുമരിച്ചത്.

 

Latest