Connect with us

National

ജി എസ് ടി പരിഷ്‌കരണത്തിന് അംഗീകാരം; ഇനി രണ്ട് സ്ലാബുകളില്‍

അഞ്ച് ശതമാനം, 18 ശതമാനം സ്ലാബുകള്‍ക്ക് ജി എസ് ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. 12 ശതമാനം, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കും. പുതുക്കിയ നിരക്കുകള്‍ സെപ്തംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ജി എസ് ടി പരിഷ്‌കരണത്തിന് അംഗീകാരം. ഇനി രണ്ട് സ്ലാബുകളിലായിരിക്കും ജി എസ് ടി നിരക്കുകള്‍. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചു. അഞ്ച് ശതമാനം, 18 ശതമാനം സ്ലാബുകള്‍ക്ക് ജി എസ് ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. 12 ശതമാനം, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കും. പുതുക്കിയ നിരക്കുകള്‍ സെപ്തംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ പരിഷ്‌കരണങ്ങള്‍ അനുസരിച്ച് നിരവധി നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും.

നിത്യോപയോഗ സാധനങ്ങള്‍, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍ എന്നിവയ്ക്ക് വില കുറയും. പനീര്‍, വെണ്ണ, ചപ്പാത്തി, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കി. 2,500 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും നികുതി അഞ്ച് ശതമാനമായി കുറയും. സോപ്പുകള്‍, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, ഹെയര്‍ ഓയില്‍, സൈക്കിള്‍, വീട്ടാവശ്യ സാധനങ്ങള്‍, ഗ്ലൂക്കോ മീറ്റര്‍, കണ്ണാടി, സോളാര്‍ പാനലുകള്‍, പാസ്ത, നൂഡില്‍സ്, നെയ്യ്, വെണ്ണ, കോഫി, ചോക്ലേറ്റ് തുടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ ഈ സ്ലാബില്‍ വരും.

യു എച്ച് ടി പാല്‍, പനീര്‍, ചപ്പാത്തി, റൊട്ടി, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയെ ജി എസ് ടിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി. എ സി, 32 ഇഞ്ചിനു മുകളിലുള്ള ടി വി, 1200 സി സിക്ക് താഴെയുള്ള കാറുകള്‍, 350 സി സിക്ക് താഴെ വരുന്ന ബൈക്കുകള്‍, ട്രാക്ടറുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ 18 ശതമാന പരിധിയില്‍ വരും. ബസുകള്‍, ട്രക്കുകള്‍, ആംബുലന്‍സ് എന്നിവക്കും എല്ലാ വാഹന ഭാഗങ്ങള്‍ക്കും 18 ശതമാനമായിരിക്കും ജി എസ് ടി. സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ഓട്ടോ പാര്‍ട്‌സ്, മൂന്ന് ചക്ര വാഹനങ്ങള്‍, രാസവളം, കീടനാശിനികള്‍ എന്നിവക്കും 18 ശതമാനമാണ്.

വ്യക്തിഗത ലൈഫ് ഇന്‍ഷ്വറന്‍സ്, ആരോഗ്യ ഇന്‍ഷ്വറന്‍സിന് എന്നിവക്ക് ജി എസ് ടി ഇല്ല. പുകയില ഉത്പന്നങ്ങള്‍, ആഡംബര വസ്തുക്കള്‍, ആഡംബര കാറുകള്‍, സ്വകാര്യ വിമാനങ്ങള്‍, വലിയ കാറുകള്‍, ഇടത്തരം കാറുകള്‍ എന്നിവക്ക് 40 ശതമാനമാണ് ജി എസ് ടി.

വരുമാനനഷ്ടം നികത്തണം
ന്യൂഡല്‍ഹി ജി എസ് ടിയില്‍ കൊണ്ടുവരുന്ന സ്ലാബ് മാറ്റം കാരണമുണ്ടാകുന്ന വരുമാനനഷ്ടം സംബന്ധിച്ച കണക്കുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷ സംസ്ഥാനങ്ങള്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം, കര്‍ണാടക, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, തെലങ്കാന, തമിഴ്‌നാട്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരാണ് സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം എത്രയാകാമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടത്.

സംസ്ഥാനങ്ങളുടെ വരുമാനം സംരക്ഷിക്കാന്‍ നടപടി വേണമെന്നും ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ ഈ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. നേരത്തേ ഇതേ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ യോഗം ചേര്‍ന്ന് സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം നികത്താന്‍ കേന്ദ്രം നടപടി കൈക്കൊള്ളണമെന്നും ജി എസ് ടിയില്‍ കൊണ്ടുവരുന്ന ഇളവ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ജി എസ് ടി കൗണ്‍സിലില്‍ ഉന്നയിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെ ജി എസ് ടി നിരക്ക് പരിഷ്‌കരണ നിര്‍ദേശം നടപ്പാക്കിയാല്‍ രണ്ടായിരം കോടി രൂപയുടെ വരുമാനനഷ്ടം സംഭവിക്കുമെന്ന് ഝാര്‍ഖണ്ഡ് ധനമന്ത്രി രാധാകൃഷ്ണ കിഷോര്‍ പറഞ്ഞു.

 

 

 

Latest