Connect with us

kpcc list

ഗ്രൂപ്പുകൾക്ക് അതൃപ്തി; കെ പി സി സി പട്ടിക പുനഃപരിശോധിക്കും

കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി താരീഖ് അൻവർ ഇതുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പ് നേതാക്കളെയും കെ പി സി സി പ്രസിഡന്റിനെയും കണ്ട് ചർച്ച നടത്തിയാകും പട്ടിക പുനഃപരിശോധിക്കുക.

Published

|

Last Updated

തിരുവനന്തപുരം | ഗ്രൂപ്പുകളുടെ അതൃപ്തി കണക്കിലെടുത്ത് കെ പി സി സി പട്ടിക പുനഃപരിശോധിക്കാൻ എ ഐ സി സി തീരുമാനം. റായ്പൂരിൽ നടന്ന കോൺഗ്രസ്സ് പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി കെ പി സി സി അംഗങ്ങളുടെ പട്ടിക വിപുലീകരിച്ചതിന് പിന്നാലെ ഗ്രൂപ്പുകൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പട്ടിക പുനഃപരിശോധിക്കാൻ എ ഐ സി സി തീരുമാനിച്ചത്. പ്ലീനറി സമ്മേളന വേദിയിൽ എ, ഐ ഗ്രൂപ്പുകൾ അതൃപ്തി പരസ്യമാക്കിയതോടൊപ്പം കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എ ഐ സി സിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ഗ്രൂപ്പ് നേതാക്കളുടെ നിർദേശം കൂടി ഉൾപ്പെടുത്തി പുതിയ പട്ടിക സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്.

കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി താരീഖ് അൻവർ ഇതുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പ് നേതാക്കളെയും കെ പി സി സി പ്രസിഡന്റിനെയും കണ്ട് ചർച്ച നടത്തിയാകും പട്ടിക പുനഃപരിശോധിക്കുക. ഇതിന് പുറമെ ശശി തരൂർ അനുകൂലികൾ നടത്തുന്ന പ്രതികരണങ്ങളിലും എ ഐ സിസിക്ക് പരാതി ലഭിച്ചിട്ടുണ്ട്. പാർലിമെന്റ് തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ ഈ വിഷയങ്ങളും ചർച്ച ചെയ്ത് അടിയന്തരമായി പരിഹരിക്കണമെന്നാണ് എ ഐ സി സി നിർദേശം. പ്ലീനറി സമ്മേളനത്തിന് തൊട്ടുമുമ്പ് ഗ്രൂപ്പ് നേതാക്കളുമായി കൂടിയാലോചനകൾ നടത്താതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും ചേർന്ന് നേരത്തേ നിശ്ചയിച്ച പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തിയെന്നായിരുന്നു പ്രധാന പരാതി. പ്ലീനറി സമ്മേളന വേദിയിലുൾപ്പെടെ വിഷയം ചർച്ചയായതോടെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇടപെടുകയായിരുന്നു.

തുടർന്ന് സമ്മേളന ശേഷം ആവശ്യമായ ചർച്ചകൾ നടത്തി ഭാരവാഹി പട്ടികയിൽ ഗ്രൂപ്പ് പ്രാതിനിധ്യം ഉറപ്പിക്കാമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയ ശേഷമാണ് പ്രതിഷേധം തണുത്തത്. പിന്നീട് സമ്മേളത്തിന് ശേഷം പുനഃസംഘടനയുമായി ബന്ധപ്പെട്ട് വീണ്ടും പാർട്ടിയിൽ തർക്കം തുടങ്ങിയതോടെയാണ് താരീഖ് അൻവറിന്റെ നേതൃത്വത്തിൽ അടിയന്തര ചർച്ച നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. അതേസമയം, എം കെ രാഘവൻ എം പി. കെ പി സി സിയുടെ നയങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങളെ പിന്തുണച്ച് കെ മുരളീധരനും ഇന്നലെ രംഗത്തെത്തിയത് പാർട്ടി കേന്ദ്രങ്ങളെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പരാമർശത്തിൽ എം കെ രാഘവനോട് കെ പി സി സി വിശദീകരണം തേടാനിരിക്കെയാണ് പിന്തുണ പ്രഖ്യാപിച്ച് മുരളീധരന്റെ പ്രതികരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് കോൺഗ്രസ്സിലെ ഇപ്പോഴത്തെ രീതി എന്നായിരുന്നു പി ശങ്കരൻ അനുസ്മരണവേദിയിൽ രാഘവന്റെ വിമർശനം. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ഒരു കാര്യവും തന്നോട് പോലും ആലോചിക്കാറില്ലെന്നായിരുന്നു മുതിർന്ന നേതാവ് കെ മുരളീധരന്റെ മറുപടി.

വിവാദമാകുമെന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടാതിരുന്നവർക്കാണ് പാർട്ടിയിൽ ഗ്രേസ് മാർക്കെന്നായിരുന്നു മുരളീധരൻ തുറന്നടിച്ചത്. വ്യക്തിപരമായ പരമർശമല്ലെന്നും കോൺഗ്രസ്സ് പാർട്ടിയുടെ വികാരമാണ് രാഘവൻ പറഞ്ഞതെന്നും പാർട്ടിക്കുള്ളിൽ മതിയായ ചർച്ചകൾ നടക്കുന്നില്ലെന്നും മുരളീധരൻ തുറന്നടിച്ചു. എം കെ രാഘവനെതിരെ കോഴിക്കോട് ഡി സി സി നൽകിയ റിപോർട്ടിനെ കുറിച്ച് ഡി സി സി പ്രസിഡന്റ് തന്നെ പരസ്യമായി പ്രതികരിച്ചത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ, രാഘവന്റെ പരസ്യപ്രതികരണം പാർട്ടിക്കു ഗുണം ചെയ്യില്ലെന്നും അഭിപ്രായം പാർട്ടിക്കുള്ളിലാകണമെന്നുമാണ് കെ സി വേണുഗോപാലിന്റെ മറുപടി. വിമർശനങ്ങളിൽ മറുപടി പറയേണ്ടത് കെ പി സി സി പ്രസിഡന്റാണെന്നാണ് പ്രതിപക്ഷ നേതാവിന്റെയും മുൻ അധ്യക്ഷൻ വി എം സുധീരന്റെയും നിലപാട്.

പ്രതിസന്ധി രൂക്ഷമാക്കി രാഘവന്റെ പരാമർശം: ഹൈക്കമാൻഡിന് റിപോർട്ട് നൽകും

തിരുവനന്തപുരം | പാർട്ടി നേതൃത്വത്തിനെതിരെ എം കെ രാഘവന്റെ പരസ്യ പരമാർശം കോൺഗ്രസ്സിൽ പ്രതിസന്ധി രൂക്ഷമാക്കുന്നു. പരാമർശത്തെക്കുറിച്ച് കെ പി സി സി ഹൈക്കമാൻഡിന് റിപോർട്ട് നൽകും. ഇതിന്റെ ഭാഗമായി പരസ്യ പ്രതികരണത്തിൽ രാഘവനോട് കെ പി സി സി വിശദീകരണം തേടിയിട്ടുണ്ട്. ഒപ്പം വിഷയത്തെ കുറിച്ച് അടിയന്തര റിപോർട്ട് കൈമാറാൻ ഡി സി സിക്കും നിർദേശം നൽകിയിട്ടുണ്ട്. പി ശങ്കരൻ അനുസ്മരണ പരിപാടിയിലായിരുന്നു എം കെ രാഘവന്റെ വിവാദ പരാമർശം.

രാഘവനെതിരെ നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കെ സി വേണുഗോപാൽ ഇക്കാര്യത്തിൽ ഉറച്ച നിലപാടിലാണ്. പാർട്ടിക്കുള്ളിൽ പറയാനുള്ളത് പുറത്തു പറയാൻ പാടില്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. എം കെ രാഘവന്റെ പരാമർശത്തിനെതിരെ കോഴിക്കോട് ഡി സി സിയും രംഗത്തെത്തിയിട്ടുണ്ട്. അനുചിതവും അനവസരത്തിലുമുള്ളതാണ് പ്രതികരണമെന്നായിരുന്നു ഡി സി സിയുടെ പ്രതികരണം. മാധ്യമങ്ങളെ സാക്ഷി നിർത്തി നേതൃത്വത്തിനെതിരെ നടത്തിയ വിമർശങ്ങൾ അംഗീകരിക്കാനാകില്ല. പാർട്ടി നേതൃത്വത്തിനെതിരെ വിമർശമുന്നയിച്ച എം കെ രാഘവന്റെ നടപടിയിൽ കെ പി സി സി പ്രസിഡന്റ് വിശദീകരണം തേടിയതിൽ തെറ്റില്ലെന്ന് കെ മുരളീധരൻ എം പി പറഞ്ഞു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം