Connect with us

Kerala

ഗ്രാന്‍ഡ് മുഫ്തിയുടെ സേവനം ഇന്ത്യക്ക് അഭിമാനവും പ്രചോദനവും: പ്രധാന മന്ത്രി നരേന്ദ്ര മോദി

മലേഷ്യന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി.

Published

|

Last Updated

കോഴിക്കോട് | ലോക മുസ്‌ലിം പണ്ഡിതര്‍ക്കുള്ള പരമോന്നത മലേഷ്യന്‍ ബഹുമതിയായ മഅല്‍ ഹിജ്റ അവാര്‍ഡ് ലഭിച്ചതില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ പ്രധാന മന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ‘ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ പ്രവര്‍ത്തനങ്ങളുടെ ആഗോള സ്വാധീനമാണ് ഈ നേട്ടം വിളംബരം ചെയ്യുന്നത്. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനത്തിന്റെയും പ്രചോദനത്തിന്റെയും ഉറവിടമായും ഈ നേട്ടം മാറുന്നു’- ഗ്രാന്‍ഡ് മുഫ്തിക്ക് അയച്ച സന്ദേശത്തില്‍ പ്രധാന മന്ത്രി പറഞ്ഞു.

ഗ്രാന്‍ഡ് മുഫ്തിയുടെ നിസ്വാര്‍ഥ സേവനം, മാനവികതയോടുള്ള സമര്‍പ്പണം, ഇന്ത്യന്‍ സമൂഹത്തില്‍ ചെലുത്തിയ ഗുണപരമായ സ്വാധീനം എന്നിവക്കുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്നും പ്രധാന മന്ത്രി അഭിപ്രായപ്പെട്ടു.

ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ അതിരുകള്‍ക്കപ്പുറം നിസ്വാര്‍ഥ സേവനത്തിനും അനുകമ്പക്കും ലഭിച്ച ആഗോള അംഗീകാരത്തിന്റെ തെളിവാണ് മഅല്‍ ഹിജ്‌റ പുരസ്‌കാരം. സാമൂഹിക ഉന്നമനത്തിനായുള്ള ഗ്രാന്‍ഡ് മുഫ്തിയുടെ അസാധാരണ അര്‍പ്പണബോധത്തെ പ്രധാന മന്ത്രി പ്രശംസിക്കുകയും വിദ്യാഭ്യാസം, സാമൂഹിക ശാക്തീകരണം, വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സൗഹാര്‍ദപരമായ സഹവര്‍ത്തിത്വം വളര്‍ത്തുക എന്നിവയുള്‍പ്പെടെ ഗ്രാന്‍ഡ് മുഫ്തിയുടെ പരിശ്രമങ്ങളെ എടുത്തുപറയുകയും ചെയ്തു.

ഗ്രാന്‍ഡ് മുഫ്തി സ്ഥാപിച്ച സ്ഥാപനങ്ങള്‍ ആത്മീയ ജ്ഞാനവും ആധുനിക വിദ്യാഭ്യാസവും കൂടിച്ചേരുന്ന കേന്ദ്രങ്ങളായെന്നും, സമഗ്ര വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്നും പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തും വിദേശത്തും ശൈഖ് അബൂബക്കര്‍ നടത്തുന്ന അനുകമ്പാപൂര്‍ണവും സാമൂഹിക ഉന്നമനപരവുമായ പ്രവര്‍ത്തനങ്ങളെ കത്തില്‍ അഭിനന്ദിച്ചു.

ഗ്രാന്‍ഡ് മുഫ്തിയുടെ സമൂഹത്തോടുള്ള അര്‍പ്പണബോധവും സേവന പ്രതിബദ്ധതയും എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് പ്രചോദനമാണ്. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവും നിസ്വാര്‍ഥതയുടെയും സേവനത്തിന്റെയും പാത പിന്തുടരാന്‍ യുവതലമുറയെ പ്രചോദിപ്പിക്കുമെന്നും പ്രധാന മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞ മാസം അവസാന വാരമാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ മലേഷ്യന്‍ സര്‍ക്കാര്‍ മഅല്‍ ഹിജ്റ പുരസ്‌കാരം നല്‍കി ആദരിച്ചത്. ക്വലാലംപൂര്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ മലേഷ്യന്‍ പ്രധാന മന്ത്രി അന്‍വര്‍ ഇബ്റാഹീമിന്റെയും ലോക മുസ്ലിം നേതാക്കളുടെയും സാന്നിധ്യത്തില്‍ രാജാവ് സുല്‍ത്താന്‍ അബ്ദുല്ല സുല്‍ത്താന്‍ അഹമ്മദ് ഷായാണ് അവാര്‍ഡ് സമ്മാനിച്ചത്.

വിദ്യാഭ്യാസം, സാമൂഹിക വികസനം, സമാധാനം കെട്ടിപ്പടുക്കല്‍ എന്നീ മേഖലകളില്‍ നല്‍കിയ സംഭാവനകളാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് മലേഷ്യന്‍ ഇസ്ലാമിക വികസന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ മുസ്ലിം സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ലോകത്തെ സ്വാധീനമുള്ള പണ്ഡിതന്മാരിലൊരാളാണ്. ഇന്ത്യന്‍ സംസ്‌കാരവും വൈവിധ്യവും സാമൂഹിക ഒരുമയും ലോക രാജ്യങ്ങള്‍ക്കിടയിലും അന്താരാഷ്ട്ര സമ്മേളനങ്ങളിലും ഉയര്‍ത്തിപ്പിടിക്കുന്ന ഗ്രാന്‍ഡ് മുഫ്തിക്ക് വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളുമായും പ്രമുഖരുമായും പണ്ഡിതന്മാരുമായും അടുത്ത ബന്ധമാണുള്ളത്.