Connect with us

Kerala

തമിഴ്നാട്ടിലും ഗവര്‍ണര്‍ക്കെതിരെ സർക്കാർ; സ്ഥിതി കേരളത്തിലേതിനു സമാനം

കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കത്തിനെതിരെ ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നീക്കം നടക്കുന്ന ഘട്ടത്തില്‍ തന്നെയാണ് തമിഴ്‌നാട്ടിലും സമാനമായ നീക്കങ്ങള്‍ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Published

|

Last Updated

കോഴിക്കോട് | തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി എം കെ രാഷ്ട്രപതിക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചതോടെ ഗവര്‍ണര്‍മാരെ മുന്‍നിര്‍ത്തിയുള്ള കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ദക്ഷിണേന്ത്യയിലെ രണ്ടു സംസ്ഥാനങ്ങള്‍ കൈകോര്‍ക്കുന്നു. ഗവര്‍ണര്‍മാരെ രാഷ്ട്രീയ ചട്ടുകമായി ഉപയോഗിച്ച് സംസ്ഥാനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ രാഷ്ട്രീയ കക്ഷികളെ ഒന്നിപ്പിക്കാന്‍ സി പി എം കേന്ദ്രക്കമ്മിറ്റി തീരുമാനിച്ചതിനു പിന്നാലെയാണ് തമിഴ്‌നാട്ടിലെ ഭരണ കക്ഷിയായ ഡി എം കെയും സമാനമായ നീക്കവുമായി രംഗത്തെത്തിയത്.

കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കത്തിനെതിരെ ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നീക്കം നടക്കുന്ന ഘട്ടത്തില്‍ തന്നെയാണ് തമിഴ്‌നാട്ടിലും സമാനമായ നീക്കങ്ങള്‍ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളത്തിലേതിനു സമാനമായി തമിഴ്‌നാട്ടിലും നിരവധി വിഷയങ്ങളില്‍ ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഓരോ വിഷയത്തിലും സംസ്ഥാന സര്‍ക്കാറിനെ ഇകഴ്ത്തി കാണിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് ഡി എം കെ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ മറ്റു പാര്‍ട്ടികളുടെ പിന്തുണ തേടി ഡി എം കെ നിയമസഭാ കക്ഷി നേതാവ് ടി എന്‍ ബാലു വിവിധ പാര്‍ട്ടി നേതാക്കള്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ഇടപെടലുകളെ ദേശീയ തലത്തില്‍ സമാന ചിന്താഗതിക്കാതെ അണിനിരത്തി നേരിടുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നേതാക്കളുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചര്‍ച്ചകള്‍ നടത്തി വരികയാണ്.

ഗവര്‍ണ്ണര്‍ക്കെതിരെ കേരളത്തില്‍ ഇടതുപക്ഷം സംഘടിപ്പിക്കു പ്രതിഷേധ കൂട്ടായ്മയില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. ഇതോടെ രണ്ടു ഭരണഘടനാ സ്ഥാപനങ്ങളുടെ ഉന്നതര്‍ പരസ്പരം പോരാട്ടത്തിനിറങ്ങുന്ന അപൂര്‍വ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ രൂപപ്പെടുകയാണ്.

വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ തിരുവനന്തപുരം എ കെ ജി ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഗവര്‍ണറുടെ നീക്കത്തിനെതിരായ രാഷ്ട്രീയ പ്രതിരോധത്തിനായുള്ള ആഹ്വാനമായിമായി മാറി. തുടര്‍ന്നു രാജ് ഭവന്‍ വളയുന്നതടക്കമുള്ള ശക്തമായ സമരങ്ങള്‍ എല്‍ ഡി എഫ് ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാല്‍ വിസിമാരെ പുറത്താക്കാനുള്ള നടപടികളുമായി ഗവര്‍ണ്ണര്‍ മുന്നോട്ട് പോകുകയാണ്. ഗവര്‍ണ്ണറുടെ പുറത്താക്കല്‍ നടപടിയ്‌ക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടലും നിര്‍ണായകമായിരിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നു സി പി എം കേന്ദ്രക്കമ്മിറ്റി വിലയിരുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കാനാണു കേരളത്തില്‍ ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഭരണഘടനയിലില്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാനുള്ള ഇത്തരം നീക്കത്തെ എല്ലാ മതേതര ജനാധിപത്യ പാര്‍ട്ടികളും ഒന്നിക്കണമെന്നായിരുന്നു സി പി എം ആഹ്വാനം. സമാനമായ രീതിയില്‍ ഡി എം കെയും രംഗത്തുവന്നതോടെ ഗവര്‍ണര്‍മാര്‍ക്കെതിരെ ബി ജെ പി ഇതര സര്‍ക്കാറുകളുടെ ഏകോപനം രൂപപ്പെടുകയാണ്.

തമിഴ്‌നാടിനു സമാനമായി കേരളത്തില്‍ നിന്നും ഗവര്‍ണര്‍ക്കെതിരെ രാഷട്രപതിക്ക് പരാതികള്‍ പോയിട്ടുണ്ട്. ലോക്താന്ത്രിക് ജനതാദള്‍ (എല്‍ ജെ.ഡി) ഇക്കാര്യത്തില്‍ രാഷ്ട്രപതിക്കയച്ച കത്തില്‍ ഗവര്‍ണറുടെ നീക്കം ഭരണണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നു വ്യക്തമാക്കിയിരുന്നു. സാങ്കല്പിക ഭരണാധികാരിയായ ഗവര്‍ണര്‍ തെറ്റായ രൂപത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടില്‍ ഡി എം കെ രാഷ്ട്രപതിക്കു പരാതി നല്‍കിയതുപോലെ കേരളത്തില്‍ നിന്നും സമാനമായ പരാതികള്‍ രാഷ്ട്രപതിക്ക് ഇനിയും അയക്കുമെന്നാണു കരുതുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest