Connect with us

editorial

ഗവര്‍ണര്‍മാര്‍ ബില്ലുകളുടെ മേല്‍ അടയിരിക്കരുത്

ബില്ലുകള്‍ പിടിച്ചു വെക്കുന്നതിന് ഗവര്‍ണര്‍മാര്‍ക്ക് സ്വതന്ത്രമായ അധികാരം നല്‍കിയാല്‍ ധനബില്ലുകള്‍ പോലും തടഞ്ഞുവെക്കുന്ന സ്ഥിതിവിശേഷമുണ്ടാകുകയും ഭരണസ്തംഭനം സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Published

|

Last Updated

നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ സമയപരിധിയില്ലാതെ പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന കേന്ദ്ര വാദം ജനാധിപത്യ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്. രാഷ്ട്രപതിയുടെ ഔദാര്യത്തില്‍ അധികാരത്തിലേറുന്ന ഗവര്‍ണര്‍മാര്‍, ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടത്തിന്റെ തീരുമാനങ്ങളെ വീറ്റോ ചെയ്യുന്ന ദുശ്ശക്തിയായി മാറും എന്നതാണ് ഇതിന്റെ അനന്തരഫലം.

അതുകൊണ്ടാണ് കേന്ദ്രത്തിന്റെ നിലപാടില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചതും. ബില്ലുകള്‍ പിടിച്ചു വെക്കുന്നതിന് ഗവര്‍ണര്‍മാര്‍ക്ക് സ്വതന്ത്രമായ അധികാരം നല്‍കിയാല്‍ ധനബില്ലുകള്‍ പോലും തടഞ്ഞുവെക്കുന്ന സ്ഥിതിവിശേഷമുണ്ടാകുകയും ഭരണസ്തംഭനം സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ സംസ്ഥാന സര്‍ക്കാറിന്റെ കേസില്‍ ബില്ലുകള്‍ പാസ്സാക്കുന്നതിന് സമയപരിധി നിര്‍ണയിച്ച സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി സമര്‍പ്പിച്ച റഫറന്‍സില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

നിയമസഭ പാസ്സാക്കുന്ന ബില്ലുകള്‍ നിയമമാകണമെങ്കില്‍ ഭരണഘടനാ അനുഛേദം 200 അനുസരിച്ച് ഗവര്‍ണറുടെ അനുമതി വേണം. തന്റെ മുമ്പിലെത്തുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ നാല് ഓപ്ഷനുകളാണ് ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്നത്. ബില്ല് അംഗീകരിക്കുക, രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുക, തിരിച്ചയക്കുക എന്നീ മാര്‍ഗങ്ങള്‍ക്ക് പുറമെ ബില്ല് പിടിച്ചുവെക്കാനും അനുമതി നല്‍കുന്നു. ഈ വീറ്റോ അധികാരം എത്ര കാലത്തേക്കെന്ന് ഭരണഘടനയില്‍ ഇല്ല. ഈ പഴുതുപയോഗിച്ചാണ് ബി ജെ പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ബില്ലുകളുടെ മേല്‍ അടയിരിക്കുന്നതും ഭരണസ്തംഭനം സൃഷ്ടിക്കുന്നതും.

ഭരണഘടനയുടെ ഏതെങ്കിലും അനുഛേദത്തില്‍ അവ്യക്തതകളോ വ്യാഖ്യാനം ആവശ്യമായവയോ ഉണ്ടെങ്കില്‍ അക്കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് ജുഡീഷ്യറിയാണ്. കഴിഞ്ഞ ഏപ്രില്‍ എട്ടിന് ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച്, അനുമതിക്കായി നിയമസഭ സമര്‍പ്പിക്കുന്ന ബില്ലുകള്‍ പിടിച്ചുവെക്കുന്നതില്‍ ഗവര്‍ണര്‍ക്കുള്ള അധികാരവും കാലപരിധിയും എത്രത്തോളമെന്ന് വിശദീകരിച്ചിട്ടുണ്ട്. ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. തിരിച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസ്സാക്കി അയച്ചാല്‍ ഗവര്‍ണറുടെ തീരുമാനം ഒരു മാസത്തിനകം തന്നെ വേണം.

ആദ്യത്തെ ബില്ലില്‍ നിന്ന് വ്യത്യസ്തമാണ് രണ്ടാമത്തെ ബില്ലെങ്കില്‍ മാത്രമേ അത് രാഷ്ട്രപതിക്ക് അയക്കാന്‍ അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കി. ജനങ്ങള്‍ തിരഞ്ഞെടുത്തയച്ച സര്‍ക്കാറുകള്‍ക്ക് മേല്‍ ഗവര്‍ണര്‍ക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ഗവര്‍ണര്‍മാര്‍ രാഷ്ട്രപതിക്കയക്കുന്ന ബില്ലില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും കാലയളവ് നിര്‍ണയിക്കുകയുണ്ടായി പ്രസ്തുത വിധിപ്രസ്താവത്തില്‍. രാഷ്ട്രപതി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. കാലയളവ് അതിനേക്കാള്‍ നീളുകയാണെങ്കില്‍ അതിന്റെ വ്യക്തമായ കാരണം സംസ്ഥാന ഭരണകൂടത്തെ അറിയിക്കണം.

ഭരണഘടനാ അനുഛേദം 163 പ്രകാരം സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടത്. എസ് ആര്‍ ബൊമ്മെ കേസ് മുതല്‍ പല വിധികളിലും സുപ്രീം കോടതിയും സര്‍ക്കാരിയ കമ്മീഷനും പൂഞ്ചി കമ്മീഷനുമെല്ലാം ആലങ്കാരിക പദവി മാത്രമാണ് ഗവര്‍ണറുടേതെന്ന് വിലയിരുത്തിയിട്ടുണ്ട്. ഗവര്‍ണര്‍ പദവിയെക്കുറിച്ച് ഭരണഘടനാ അസംബ്ലിയില്‍ ചൂടേറിയ ചര്‍ച്ച നടന്നതാണ്. ഗവര്‍ണര്‍ പദവി വേണ്ടെന്ന അഭിപ്രായക്കാരായിരുന്നു ഭരണഘടനാ ശില്‍പ്പികളില്‍ ചിലര്‍. എങ്കിലും ഭരണഘടന സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഗവര്‍ണര്‍ പദവി ആവശ്യമാണെന്ന വാദത്തിനാണ് അംഗീകാരം ലഭിച്ചത്. കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഗവര്‍ണര്‍ രാഷ്ട്രീയ മുക്തമായി നിലകൊള്ളുമെന്ന വീക്ഷണത്തിലായിരുന്നു രാഷ്ട്രശില്‍പ്പികള്‍ ഗവര്‍ണര്‍ പദവിക്ക് അംഗീകാരം നല്‍കിയത്.

ഗവര്‍ണര്‍മാരുടെ അധികാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യവെ ഭരണഘടനാ അസംബ്ലിയില്‍ അംബേദ്കര്‍ പറഞ്ഞതിങ്ങനെ; “അങ്ങേയറ്റം ആലങ്കാരികമായ പദവി മാത്രമാണ് ഗവര്‍ണര്‍ സ്ഥാനം. വിവേചനാധികാരത്തോടെയോ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ നിര്‍വഹിക്കേണ്ട ഒരു ചുമതലയുമില്ല ഗവര്‍ണര്‍ക്ക്. ഭരണഘടനയുടെ തത്ത്വമനുസരിച്ച് എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ ഉപദേശം പിന്തുടരേണ്ടതാണ് അദ്ദേഹം.’ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതു വരെ ബി ജെ പിയുടെ നിലാപാടും ഇതായിരുന്നല്ലോ.

പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള രാഷ്ട്രീയ ആയുധമായിരിക്കുകയാണ് ഇന്ന് ഗവര്‍ണര്‍ പദവി. ജനാധിപത്യത്തോടോ ഭരണഘടനയോടോ പ്രതിബദ്ധതയില്ലാത്ത ഗവര്‍ണര്‍മാര്‍ സ്വന്തം വ്യക്തിത്വം കളഞ്ഞു കുളിച്ചും തങ്ങള്‍ വഹിക്കുന്ന ഭരണഘടനാ പദവിയുടെ അന്തസ്സ് കേടുവരുത്തിയും കേന്ദ്രത്തിന്റെ വാലാട്ടികളായി തരംതാഴുന്നു. പൗരാവകാശങ്ങളുടെ കാവലാള്‍ എന്നറിയപ്പെടുന്ന പ്രശസ്ത അഭിഭാഷകനായ സോളി സൊറാബ്ജി അഭിപ്രായപ്പെട്ടതു പോലെ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അപചയത്തിനു വിധേയമായ ഭരണഘടനാ സ്ഥാപനം ഗവര്‍ണര്‍ പദവിയാണ്. ഇന്ത്യന്‍ ഭരണഘടനയോടായിരിക്കണം ഗവര്‍ണര്‍മാരുടെ പ്രതിബദ്ധതയെന്നും കേന്ദ്ര സര്‍ക്കാറിന്റെ അടിമയായല്ല പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം ഉണര്‍ത്തി.

1991ല്‍ തമിഴ്‌നാട് ഗവര്‍ണറായിരുന്ന സുര്‍ജിത് സിംഗ് ബര്‍ണാലയോട്, അന്നത്തെ ഡി എം കെ സര്‍ക്കാറിനെ പിരിച്ചു വിടുന്നതിന് ശിപാര്‍ശ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബര്‍ണാല വഴങ്ങിയില്ല. സര്‍ക്കാര്‍ അദ്ദേഹത്തെ ബിഹാറിലേക്ക് സ്ഥലം മാറ്റി. ഗവര്‍ണര്‍ പദവി രാജിവെച്ചുകൊണ്ടായിരുന്നു ഈ നടപടിയോട് ബര്‍ണാല പ്രതികരിച്ചത്. “മനസ്സാക്ഷി പണയം വെച്ചും സ്വാഭിമാനം അടിയറ വെച്ചുമുള്ള ഒരു കളിക്കും ഞാന്‍ സന്നദ്ധനല്ല. രാജിക്കത്ത് കീശയിലിട്ടാണ് ഞാന്‍ രാജ്ഭവനിലെത്തിയത്’ – രാജി പ്രഖ്യാപിക്കവെ അദ്ദേഹം പറഞ്ഞു. ഇത്തരം തന്റേടികളും സ്വാഭിമാനികളുമായ ഗവര്‍ണര്‍മാരും രാജ്യത്തോട് പ്രതിബദ്ധതയുള്ള ഭരണകൂടങ്ങളും ഇല്ലാതായതാണ് ജനാധിപത്യ ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

Latest