govt& governor conflict
ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി; രാജിവെക്കണം- ഇ പി ജയരാജന്‍
'മലര്‍ന്ന് കിടന്ന് തുപ്പി'എന്നല്ലാതെ എന്ത് തെളിവാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്: എ കെ ബാലന്‍

തിരുവനന്തപുരം | പ്രായത്തിന് അനുസരിച്ചുള്ള പക്വത ഗവര്‍ണര്‍ക്കില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അദ്ദേഹത്തിന് മാനസിക വിഭ്രാന്തി സംഭവിച്ചിരിക്കുകയാണ്. ആര്‍ എസ് എസ് ബന്ധം ഗവര്‍ണര്‍ തുറന്ന് സമ്മിതിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ ചെയ്യുന്നത് ആര്‍ എസ് എസ് പ്രചാരകന്റെ പണിയാണ്. ഗവര്‍ണര്‍ പദവി അദ്ദേഹം ദുരുപയോഗം ചെയ്യുന്നു. ഗവര്‍ണര്‍ രാജിവെക്കുന്നതാണ് നല്ലതെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. ഇര്‍ഫാന്‍ ഹബീബിനെ ഗവര്‍ണര്‍ തെരുവ് ഗുണ്ടയെന്ന് വിളിച്ചത് തെറ്റാണെന്നും ഇ പി കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ വി സി നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതിന് ഔദ്യോഗിക രേഖയല്ലാതെ എന്ത് തെളിവാണ് ഗവര്‍ണറുടെ പക്കലുള്ളതെന്ന് സി പി എം നേതാവ് എ കെ ബാലന്‍. ഗവര്‍ണര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. അദ്ദേഹത്തിനെതിരെ ചരിത്ര കോണ്‍ഗ്രസില്‍ വധശ്രമമുണ്ടായെന്നാണ് ഗവര്‍ണര്‍ പറയുന്നത്. എന്നാല്‍ ഇതിന് എന്ത് തെളിവാണ് അദ്ദേഹം പുറത്തുവിട്ട വീഡിയോയിലുള്ളത്.
ഇത്രക്കും പരിഹാസ്യമായ ഒരു പത്രസമ്മേളനം ഒരു ഉയര്‍ന്ന ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ല. അദ്ദേഹത്തെ നിയമിച്ചത് ഇന്ത്യന്‍ പ്രസിഡന്റാണ്. ഇതിനാല്‍ ഈ വാര്‍ത്താസമ്മേളനം അങ്ങനെതന്നെ പ്രസിഡന്റിനെ അറിയിക്കണം. ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞ ലംഘനവുമാണ്. ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്തത് ഹൈക്കോടി ചീഫ് ജസ്റ്റിന്റെ മുമ്പിലാണ് ഇതിനാല്‍ ഹൈക്കോടതിക്ക് മുന്നിലും ഇത് എത്തിക്കണം. സി പി എമ്മിനെ കടന്നാക്രമിക്കാനുള്ള വേദിയാക്കി അദ്ദേഹം രാജ്ഭവനെ മാറ്റി. അദ്ദേഹം ആര്‍ എസ് എസ് ആണെന്ന് തെളിയിക്കാനാണോ വാര്‍ത്താസമ്മേളനം നടത്തിയതെന്നും ബാലന്‍ ചോദിച്ചു.